കോഴിക്കോട് : കൊയിലാണ്ടി എടവണ്ണ സംസ്ഥാനപാതയിൽ താമരശ്ശേരിക്ക് സമീപം ചാലക്കരയിൽ മിനി ലോറി ഇടിച്ച് വിദ്യാർഥിനിക്കും ബൈക്ക് യാത്രികനും പരിക്ക്. ചാലക്കര സ്വദേശിനി റിസ ഖദീജ (14), തച്ചംപൊയിൽ അവേലം തീയ്യരുതൊടിക മുഹമ്മദ് റാഫി (42) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയോടെയാണ് അപകടം സംഭവിച്ചത്.
അപകടം നടക്കുന്ന സമയത്ത് റിസാ ഖദീജ റോഡരികിലൂടെ ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിവരുകയായിരുന്നു. ഇതേ സമയത്ത് മഴപെയ്തതിനെ തുടർന്ന് റോഡരികിലെ മരത്തിനു താഴെ ബൈക്ക് യാത്രികനായ മുഹമ്മദ് റാഫി മഴ കൊള്ളാതിരിക്കാൻ ബൈക്ക് നിർത്തിയിട്ട് നിൽക്കുകയായിരുന്നു. ഈ സമയത്താണ് ബാലുശ്ശേരി ഭാഗത്ത് നിന്നും അമിതവേഗതയിൽ എത്തിയ മിനിലോറി
ഇരുവരെയും ഇടിച്ചു തെറിപ്പിച്ചത്.
ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഇരുവരെയും ഓടിയെത്തിയ പരിസരത്തുണ്ടായിരുന്നവരാണ് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. സാരമായി പരിക്കേറ്റ റിസ ഖദീജയെ വിദഗ്ധ ചികിത്സക്കായി പിന്നീട് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മിനി ലോറി ഡ്രൈവർ മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്ന് പരിസരത്തുണ്ടായിരുന്നവർ ആരോപിച്ചു.
ഡ്രൈവറായ ബാലുശ്ശേരി സ്വദേശി പ്രശാന്തിനെ നാട്ടുകാർ തടഞ്ഞുനിർത്തി താമരശ്ശേരി പൊലീസിന് കൈമാറി. വാഹനത്തിൽ നിന്നും മദ്യക്കുപ്പി കണ്ടെടുത്തിട്ടുണ്ട്. അപകടത്തിന്‍റെ സിസിടിവി ദൃശ്യം പുറത്തു വന്നിട്ടുണ്ട്.
Also Read: അർധരാത്രി കടയിലെത്തി പൊറോട്ട ചോദിച്ചു; ഉടമ നൽകിയില്ല, തല അടിച്ചു പൊട്ടിച്ച് യുവാക്കൾ