എറണാകുളം: മുംബൈ ഭീകരാക്രണ കേസില്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ അമേരിക്കയില്‍ ചോദ്യം ചെയ്‌തപ്പോള്‍ തഹാവൂർ റാണ കൊച്ചിയില്‍ വന്നതടക്കമുള്ള തെളിവുകള്‍ ലഭിച്ചിരുന്നതായി മുന്‍ ഡിജിപിയും എന്‍ഐഎ മുന്‍ ഐജിയുമായ ലോക്‌നാഥ് ബെഹ്റ. റാണയെ ചോദ്യം ചെയ്താൽ ഇയാൾ കൊച്ചിയിലെത്തിയത് എന്തിനായിരുന്നുവെന്ന് വ്യക്തമാവും. മുംബൈ ഭീകരാക്രമണ കേസ് അന്വേഷണ സംഘത്തിലുണ്ടായിരുന്ന ബെഹ്റ പ്രതി റാണയെ ഇന്ത്യയിലെത്തിച്ച സാഹചര്യത്തിൽ കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
റാണയിൽനിന്ന് അന്വേഷണ സംഘത്തിന് കൂടുതൽ തെളിവുകൾ ലഭിക്കും. തഹാവൂർ റാണ കൊച്ചിയിലെത്തിയപ്പോൾ, ഇവിടെനിന്ന് സഹായം ലഭിച്ചിരുന്നോ എന്ന് ചോദ്യം ചെയ്യലിൽ വ്യക്തമാകുമെന്നും ലോക് നാഥ് ബെഹറ പറഞ്ഞു. കൊച്ചിയിലെത്തിയതിൻ്റെയും ഹോട്ടലിൽ താമസിച്ചതിൻ്റെയും വിവരങ്ങൾ ലഭിച്ചിരുന്നു. കൊച്ചിയിലെത്തി ജോബ് റിക്രൂട്ട്മെൻ്റ് നടത്താൻ ശ്രമിച്ചുവെന്നാണ് അന്ന് അറിഞ്ഞത്. വേറെ എന്തെങ്കിലും ഇവിടെ ചെയ്തിരുന്നോ എന്ന് അറിയില്ല. മുംബൈ ഭീകരാക്രമണ ഗൂഢാലോചനയും മറ്റെന്തെങ്കിലും ആക്രമണങ്ങൾ ആസൂത്രണം ചെയ്തിരുന്നോയെന്നും ഇനി വ്യക്തത വരുത്താൻ കഴിയുമെന്നും ബെഹ്റ പ്രതീക്ഷ പ്രകടിപ്പിച്ചു. തഹാവൂർ റാണ മുംബൈ ഭീകരാക്രമണ ഗൂഢാലോചനയിലെ പ്രധാനിയാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
2011 ൽ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽതന്നെ ഇതിനുള്ള തെളിവുകൾ നൽകിയിരുന്നു. ഡേവിഡ് കോൾമാൻ ഹെഡ്‌ലിയെ ചോദ്യംചെയ്തതിൽ നിന്നാണ് മുംബൈ ഭീകരക്രമണത്തിൽ തഹാവൂർ റാണയുടെ പങ്ക് വ്യക്തമായത്. ഹെഡ്‌ലിക്ക് സഹായങ്ങൾ ഒരുക്കിയത് റാണയായിരുന്നു. അയാൾ മുംബൈയിൽ ഒരു ഓഫിസ് തുറക്കുകയും ഹെഡ്‌ലിയെ അവിടെ ജീവനക്കാരനായി നിയമിക്കുകയും ചെയ്‌തായിരുന്നു മുംബൈ ഭീകരാക്രമണം ആസുത്രണം ചെയ്തത്. റാണയെ നിയന്ത്രിച്ചിരുന്നത് ആരാണ്, ഇയാൾക്ക് സാമ്പത്തിക സഹായം ലഭിച്ചിരുന്നത് എവിടെ നിന്നാണ് തുടങ്ങിയ നിരവധി സംശയങ്ങളുണ്ട്.
ഇന്ത്യയിൽനിന്ന് ഇയാൾക്ക് സഹായം ലഭിച്ചിരുന്നോ തുടങ്ങിയ നിരവധി സംശയങ്ങൾക്ക് ഇനി ഉത്തരം കണ്ടെത്താൻ കഴിയും. വർഷങ്ങൾ കഴിഞ്ഞുവെങ്കിലും സർക്കാരിൻ്റെയും അന്വേഷണ ഏജൻസികളുടെയും ശ്രമ ഫലമായാണ് റാണയെ ഇന്ത്യയിലെത്തിക്കാൻ കഴിഞ്ഞത്.
14 വർഷത്തിനിപ്പുറം തഹാവൂർ റാണയെ ഇന്ത്യയിലേക്ക് എത്തിച്ചത് സന്തോഷം നൽകുന്നുവെന്നും ലോക് നാഥ് ബെഹ്‌റ പറഞ്ഞു.
Read Also: ഭീകരൻ തഹാവൂർ റാണയെ ഇന്ത്യയിലെത്തിച്ചു; അറസ്റ്റ് രേഖപ്പെടുത്തി, ഭീകരാക്രമണക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ അന്വേഷണസംഘം