ഇടുക്കി: ഗിന്നസ് റെക്കോർഡിൽ ഇടംപിടിക്കുന്നത് അത്ര നിസാര കാര്യമല്ല. എന്തെങ്കിലും പ്രത്യേകതയുള്ളവർക്കോ അല്ലെങ്കിൽ കഴിവ് തെളിയിച്ചവർക്കോ മാത്രമാണ് ഈ ലോക റൊക്കോർഡ് പുസ്‌തകത്തിൽ കയറിപ്പറ്റാനാവുക. അത്തരത്തിൽ ഇടുക്കിയിൽ നിന്നും ഇടംപിടിച്ച ഒരു മിടുക്കിയുണ്ട്. മിടുക്കി എന്നു വച്ചാൽ പെണ്‍കുട്ടിയല്ല. പെണ്ണാടാണ് ഈ അപൂർവ നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്. പീരുമേട് സ്വദേശി ലിനു പീറ്ററിന്‍റെ ആട്.
ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ, പ്രസവിച്ച ആട് എന്ന റെക്കോഡാണ് പീരുമേട് സ്വദേശി ലിനു പീറ്ററിന്‍റെ ആട്ടിന്‍കുട്ടി സ്വന്തമാക്കിയത്. കനേഡിയൻ പിഗ്മി വിഭാഗത്തിലുള്ള പെണ്ണാടിന്‍റെ ഉയരം നാല്‍പത് സെന്‍റിമീറ്റർ മാത്രമാണ്. ലിനു 15 വർഷം മുമ്പ് ഹൈദരാബാദില്‍ നിന്നാണ് കനേഡിയൻ പിഗ്മി ഇനത്തിലുള്ള ഒരു ജോഡി ആടുകളെ വാങ്ങുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പൊതുവേ കുഞ്ഞന്‍ ആടുകളാണ് പിഗ്മി വിഭാഗത്തില്‍ ഉണ്ടാവുക. അതില്‍ത്തന്നെ ഏറ്റവും കുഞ്ഞന്‍ ആട് എന്ന ബഹുമതിയാണ് ലിനുവിന്‍റെ ആടിനെ തേടിയെത്തിയത്. ഇപ്പോൾ 3 ആൺ ആടും 5 പെണ്ണാടും 20 കുഞ്ഞുങ്ങളുമുണ്ട്. ഇതില്‍ ഒരു ആട് നിലവില്‍ ഗര്‍ഭിണിയാണ്. ഇണ ചേർക്കുമ്പോൾ ഒരോ തവണയും ഒരോ ആണാടിനെയാണ് ഉപയോഗിക്കുക. വംശ ഗുണം നിലനിർത്താനാണിങ്ങനെ ചെയ്യുന്നത്.
ലിനുവിന്‍റെ ഫാമില്‍ വിസിറ്റിനെത്തിയ വിദേശിയാണ് റെക്കോർഡിന്‍റെ സാധ്യത ലിനുവിനോട് പറയുന്നത്. മകന്‍ ചാക്കോച്ചി സെര്‍ച്ച് ചെയ്‌ത് നോക്കിയപ്പോള്‍ 67 സെമി ആണ് റെക്കോർഡ്. പിന്നീട് ഗിന്നസ് റെക്കോർഡിന് അപേക്ഷ നല്‍കി. പൊക്കം കുറഞ്ഞ ആടിൻ്റെ കുട്ടിക്ക് ആറ് മാസം പ്രായം ആയി. ഗിന്നസ് അധികൃതർ നൽകിയ നിയമാവലി അനുസരിച്ചാണ് രേഖകൾ തയാറാക്കിയത്.
അപേക്ഷ നൽകി 21ാം ദിവസം ലിനുവിൻ്റെ ആടിന് ഗിന്നസ് റെക്കോർഡും ലഭിച്ചു. മൃഗസംരക്ഷണ വകുപ്പിലെ ഡോക്‌ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് ആടിന്‍റെ പ്രായം, ബ്രീഡ്, അളവുകൾ എല്ലാം രേഖപ്പെടുത്തിയത്. ആടുകൾക്കൊപ്പം വിവിധ വളർത്ത് മൃഗങ്ങളും പക്ഷികളും ലിനുവിന്‍റെ ഫാമിൽ ഉണ്ട്.
Also Read: 'കണ്ടതുമല്ലാ... കേട്ടതല്ലാ... കാണാ കാനന കാഴ്‌ചകള്‍...' വേനലിൻ്റെ വരവറിയാതെ പാമ്പാടുംചോല