കാസർകോട്: പുലിയെ കാണാൻ മൃഗശാലകളിൽ പോകേണ്ട അവസ്ഥയൊക്കെ മാറി. നാട്ടിൻപുറങ്ങളിൽ ഇപ്പോൾ പുലി പതിവ് കാഴ്‌ചയാണ്. കാസർകോട് ജില്ലയിൽ നിന്നും ഇതുവരെ അഞ്ച് പുലികളെയാണ് കണ്ടെത്തിയത്. ഇതിൽ രണ്ടെണ്ണം ചത്ത നിലയിലും രണ്ടെണ്ണം കൂട്ടിൽ കുടുങ്ങിയ നിലയിലും ആയിരുന്നു. വർഷങ്ങൾക്ക് മുമ്പേ മാവുങ്കാലിൽ വച്ച് ഒരു പുലിയെ പിടികൂടിയതായും പറയുന്നു.
ഏറ്റവും ഒടുവിൽ ഇന്ന് (മാർച്ച് 26) രാവിലെ കൊളത്തൂരിൽ പുലി കൂട്ടിൽ കുടുങ്ങുകയും ചെയ്‌തു. കൊളത്തൂരിലെ ജനാർദ്ദനന്‍റെ പറമ്പിൽ സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. അഞ്ച് വയസ് പ്രായമുള്ള ആൺപുലിയാണ് ഇതെന്ന് വനം വകുപ്പ് അറിയിച്ചു. പുലിയുടെ ആരോഗ്യം പരിശോധിച്ച ശേഷം വനത്തിലേക്ക് തുറന്നു വിടും. രണ്ട് മാസം മുമ്പ് ഇതേ സ്ഥലത്ത് പുലി കുടുങ്ങിയിരുന്നു. അന്ന് അതിനെ കാട്ടിലേക്ക് തുറന്നുവിട്ടിരിന്നു.
ഓഗസ്‌റ്റിൽ മല്ലംപാറയിൽ കെണിയിൽ കുടുങ്ങിയ പുലി ചത്തിരുന്നു. അഞ്ച് വയസ് പ്രായമുള്ള പെണ്‍പുലിയാണ് ചത്തത്. കെണിയില്‍ കുടുങ്ങിയ പുലിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സ്വകാര്യവ്യക്തിയുടെ പറമ്പിൽ വച്ച കെണിയിലാണ് അന്ന് പുലി കുടുങ്ങിയത്. ഫെബ്രുവരിയിൽ അഡൂരിലെ വീട്ടുവളപ്പിലെ കിണറ്റിൽ പുലിയെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. ദേലമ്പാടി പഞ്ചായത്തിലെ തലപ്പച്ചേരിയിലെ മോഹനയുടെ വീട്ടുവളപ്പിലെ കിണറിലാണ് പുലിയെ ചത്തനിലയിൽ കണ്ടെത്തിയത്.
പുലിയെ കണ്ടതായി റിപ്പോർട്ട് ചെയ്‌തിട്ടുള്ള സംഭവങ്ങളാണിത്. എന്നാൽ റിപ്പോർട്ട് ചെയ്യപ്പെടാത്തതായി നിരവധി സംഭവങ്ങളുണ്ട്. ഓരോ ദിവസവും പുലികളെ കണ്ടതായുള്ള വിവരങ്ങൾ പുറത്ത് വരുന്നുണ്ട്. അതേസമയം പുലി സാന്നിധ്യം ഉണ്ടെന്ന് കണ്ടെത്തിയ സ്ഥലങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്ന് ഡിഎഫ്ഒ അഷ്‌റഫ് പറഞ്ഞു.
പുലി ബാക്കി വച്ചത് പ്രിയപ്പെട്ട നായയുടെ തല മാത്രം: കഴിഞ്ഞ ദിവസം വീട്ടുകാർ രാവിലെ വാതിൽ തുറന്ന് നോക്കിയപ്പോൾ കണ്ടത് പ്രിയപ്പെട്ട നായയുടെ തല മാത്രമായിരുന്നു. തലയ്ക്ക് ചുറ്റും ചോര തളം കെട്ടി നിൽക്കുന്നു. കെട്ടിയിട്ട ചങ്ങല മാറി കിടപ്പുണ്ട്. ഹൃദയഭേദകമായ കാഴ്‌ച കണ്ട് എന്ത് ചെയ്യണമെന്ന് അറിയാതെ നിന്നുപോയെന്ന് കെവി നാരായണൻ പറഞ്ഞു.
ഇരിയണ്ണി ബേപ്പ് തായത്തുമൂലയിലെ കെവി നാരായണന്‍റെ വീടിന് മുമ്പിലാണ് കഴിഞ്ഞ ദിവസം രാവിലെ നാല് വയസ് പ്രായമുള്ള വളർത്തുനായയുടെ തല മാത്രം കണ്ടത്. ഫോറസ്‌റ്റ് അധികൃതർ എത്തി പരിശോധിച്ചപ്പോൾ നായയെ പുലി ആക്രമിച്ചതാണെന്ന് സ്ഥിരീകരിച്ചു. സമീപത്ത് പിന്നീട് നടത്തിയ പരിശോധനയിൽ നായയുടെ ഒരു കാലിന്‍റെ അവശിഷ്‌ടവും കണ്ടെത്തി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പുലികളുടെ സാന്നിധ്യം സ്ഥിരീകരിച്ച പ്രദേശത്ത് ഇതിനകം നിരവധി വളർത്തുനായകളെ കാണാതായിട്ടുണ്ട്. ഇരുമ്പ് കൂട്ടിൽ സാധാരണയായി കഴിയാറുള്ള നായ ശനിയാഴ്‌ച രാത്രിയോടെ നിരന്തരമായ കുരച്ചതിനെ തുടർന്ന് കൂടിനോട് ചേർത്ത് പുറത്തേക്കിറക്കി കെട്ടുകയായിരുന്നുവെന്ന് നാരായണൻ പറയുന്നു. ശനിയാഴ്‌ച രാത്രി പതിനൊന്ന് മണിയോടെയാണ് നാരായണനും കുടുംബവും കിടന്നത്. എന്നാൽ രാത്രി നായയുടെ കരച്ചിൽ പോലും കേട്ടില്ല. രാവിലെ 6 മണിയോടെ പുറത്തേക്കിറങ്ങി നോക്കിയപ്പോഴാണ് തല മാത്രം കണ്ടത്.
മുളിയാർ, ബേഡകം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാണ്ടിക്കണ്ടം പാലത്തിന് സമീപത്തെ ക്യാമറയിൽ കഴിഞ്ഞ ദിവസം പുലിയുടെ ദൃശ്യം പതിഞ്ഞിരുന്നു. ഭീമൻ ആമ മുട്ടയിടുന്നത് ചിത്രീകരിക്കുന്നതിന് സ്ഥാപിച്ച ക്യാമറയിലാണ് വലിയ ആൺ പുലിയുടെ ദൃശ്യം പതിഞ്ഞത്.
പുലിയെ കാണാൻ തുടങ്ങിയത് 2024 മുതൽ: 2024 മെയ് മുതലാണ് ജില്ലയിൽ പുലിയെ കണ്ടുതുടങ്ങിയത്.
ഒക്ടോബർ മുതൽ പുലിയുടെ സാന്നിധ്യം വ്യാപകമായി. വനാതിർത്തിയുള്ള പഞ്ചായത്തുകളിലാണ് പുലിയെ കൂടുതലായി കണ്ടത്. രാത്രിയിൽ മാത്രമല്ല ജില്ലയിൽ പകൽ സമയങ്ങളിൽ പോലും പുലികളെ കാണാൻ തുടങ്ങിയതോടെ ജനങ്ങൾ കടുത്ത ആശങ്കയിലായി.
വനാതിർത്തി പഞ്ചായത്തുകളിൽ മാത്രമല്ല തീരദേശ പഞ്ചായത്തുകൾ പോലും പുലിപ്പേടിയിലാണെന്നാണ് നാട്ടുകാർ പറയുന്നത്. ദേലംപാടി, മുളിയാർ, പിലിക്കോട് കാറഡുക്ക, ബളാൽ, കിനാനൂർ, കരിന്തളം, മടിക്കൈ, പടന്ന, ഈസ്‌റ്റ് എളേരി, മംഗൽപാടി, പെരിയ പഞ്ചായത്തുകളിലാണ് ഇതുവരെ പുലിയുടെ സാന്നിധ്യം കണ്ടതായി നാട്ടുകാർ പറയുന്നത്.
ജില്ലയിൽ പലയിടത്തായി കഴിഞ്ഞ ആറുമാസത്തിനിടെ പുലിഭീതി ഉയർത്തുന്ന 50ഓളം സംഭവങ്ങളുണ്ടായി. കൂടും ക്യാമറയുമൊക്കെ മുറയ്ക്ക് സ്ഥാപിക്കുന്നുണ്ടെങ്കിലും ഇതുവരെ പുലി ശല്യത്തിന് ഒരു ശാശ്വത പരിഹാരം കണ്ടെത്താനായിട്ടില്ല.
തെരുവുനായയെ തേടി എത്തുന്ന പുലികൾ: വളർത്തുമൃഗങ്ങൾ കൂടുതലുള്ള സ്ഥലങ്ങളായതിനാലാണ് നാട്ടിൻപുറങ്ങൾ പുലികളെ ആകർഷിക്കുന്നത്. ഇഷ്‌ട ഭക്ഷണം തെരുവുനായ്ക്കളാണ്. ചെറുകാടുകളിലാണ് പുലികൾ സാധാരണമായി കിടക്കുന്നത്. കുറ്റിക്കാടുകൾ നിറഞ്ഞതാണ് പുലികളെ ആകർഷിക്കാനുള്ള മറ്റൊരു കാരണം.
പൊന്തക്കാടുകളിലോ ഗുഹകളിലോ ആണ് ഇവ താമസിക്കുന്നതെന്നതിനാൽ ഇവയെ കണ്ടെത്തുക വളരെ പ്രയാസമാണെന്നാണ് നാട്ടുകാർ പറയുന്നത്. ജില്ലയിൽ പുലികളുടെ സാന്നിധ്യം കൂടുതലായി റിപ്പോർട്ട് ചെയ്യാനുള്ള പ്രധാന കാരണം തെരുവുനായ്‌ക്കളുടെ വർധനവാണെന്നാണ് വിദഗ്‌ധരുടെ നിഗമനം.