തിരുവനന്തപുരം: തമിഴ്‌നാട് നിയമസഭ പാസാക്കിയ ബില്ലുകള്‍ ഒപ്പിടാതെ തടഞ്ഞുവച്ച ഗവര്‍ണര്‍ ആര്‍എന്‍ രവിയുടെ നടപടി നിയമവിരുദ്ധമെന്ന് പ്രഖ്യാപിച്ച സുപ്രീംകോടതി വിധിയെ എല്‍ഡിഎഫും യുഡിഎഫും സ്വാഗതം ചെയ്‌തു. സമാന അവസ്ഥ നേരിടുന്ന കേരളത്തെ സംബന്ധിച്ച് അങ്ങേയറ്റം ആശ്വാസകരമാണ് വിധി. പ്രത്യേകിച്ച് ഇടതുകേന്ദ്രങ്ങളില്‍ ഈ വിധി ആഹ്ലാദമാണ് ഉളവാക്കുന്നതെന്ന് നിയമ മന്ത്രി പി രാജീവിന്‍റെ പ്രതികരണം വ്യക്തമാക്കുന്നു.
ഗവര്‍ണര്‍ക്ക് വീറ്റോ അധികാരമില്ലെന്നും ബില്ലുകള്‍ അനിശ്ചിതമായി പിടിച്ച് വയ്ക്കരുതെന്നുമുള്ള സുപ്രീംകോടതി വിധിയെ മന്ത്രി സ്വാഗതം ചെയ്‌തു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്‌ത് രംഗത്ത് വന്നു.
'കേരളത്തില്‍ 23 മാസം വരെയാണ് ഗവര്‍ണര്‍ ബില്ലുകള്‍ പിടിച്ചു വച്ചിരിക്കുന്നത്. ഭരണഘടന ഗവര്‍ണര്‍ക്ക് നല്‍കുന്ന അധികാരം തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളുടെ ഉപദേശമനുസരിച്ച് പ്രവര്‍ത്തിക്കുക എന്നതാണ്. ഭരണഘടന പറയാത്ത രീതിയില്‍ ബില്ലുകള്‍ക്ക് മുകളില്‍ അടയിരിക്കുക, തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ വെല്ലുവിളിക്കുക, നിയമസഭയുടെ അധികാരങ്ങളെ അട്ടിമറിക്കുക എന്ന സമീപനമായിരുന്നു കേരളത്തിലെയും തമിഴ്‌നാട്ടിലെയും ബംഗാളിലെയും മറ്റു പല സംസ്ഥാനങ്ങളിലെയും ഗവര്‍ണര്‍മാര്‍ സ്വീകരിച്ചത്.
ബില്ല് പാസാക്കി അയച്ച് കഴിഞ്ഞാല്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന ഭരണഘടനയുടെ വികസിതമായ ഒരു വ്യാഖ്യാനം ഭരണഘടനാ അസംബ്ലിയുടെ അന്തസത്തയെ ഉള്‍ക്കൊണ്ട് കൊണ്ടുള്ള ഒരു വ്യാഖ്യാനമാണ്. ഗവര്‍ണര്‍ സ്വീകരിച്ചത് അങ്ങേയറ്റം തെറ്റായ നടപടിയെന്നാണ് സുപ്രീംകോടതി വ്യക്തമാക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എല്ലാ ബില്ലുകളും രാഷ്ട്രപതിക്കയയ്ക്കാനുള്ള അധികാരം ഗവര്‍ണര്‍ക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കുന്നു. ജനാധിപത്യത്തെ ഉയര്‍ത്തിപ്പിടിക്കുന്നതാണ് വിധിയെന്നും രാജീവ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് കേരളം നല്‍കിയ ഹര്‍ജികളില്‍ ഒരെണ്ണത്തെ പൂര്‍ണമായും ബാധിക്കുന്നതാണ് ഇന്നത്തെ വിധിയെന്ന്' രാജീവ് പറഞ്ഞു. ബില്ലുകള്‍ രാഷ്ട്രപതിക്ക് ഗവര്‍ണര്‍ അയച്ചതിനെ ചോദ്യം ചെയ്‌തുള്ള ഹര്‍ജിയിലാണ് ഇനി വിധിവരേണ്ടതെന്ന് മന്ത്രി പറഞ്ഞു.
വളരെ ചരിത്ര പ്രാധാന്യമുള്ളതാണ് സുപ്രീംകോടതി വിധിയെന്ന് യുഡിഎഫ് നേതാവ് എന്‍കെ പ്രേമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. നീതിന്യായ ചരിത്രത്തിലെ ഏറ്റവും സുപ്രധാന വിധിയെന്ന് ഈ വിധിയെ വിശേഷിപ്പിക്കാം. ഗവര്‍ണറുടെ അധികാര അവകാശങ്ങളെ സംബന്ധിച്ച വ്യക്തമായ വ്യാഖ്യാനവും മാര്‍ഗ നിര്‍ദേശങ്ങളും നല്‍കുന്നതാണ് വിധി.
പാര്‍ലമെന്‍റും നിയമസഭകളും ജനങ്ങളുടെ അഭിലാഷത്തിന്‍റെ പ്രതിഫലനമാണ്. അത്തരത്തിലുള്ള നിയമസഭകളും പാര്‍ലമെന്‍റും പാസാക്കുന്ന ബില്ലുകള്‍ തടഞ്ഞു വയ്ക്കുന്നത് ജനാഭിലാഷത്തെ തടസപ്പെടുത്തുന്നതാണ്. അത് ജനാധിപത്യ ധ്വംസനവുമാണ്.
നിയമ നിര്‍മാണ രംഗത്ത് ഗവര്‍ണര്‍മാര്‍ക്കുള്ള അമിതാധികാരം എടുത്തു കളയുന്നതാണ് വിധി. ജനാധിപത്യത്തെ ശാക്തീകരിക്കുന്ന ചരിത്രപ്രധാനമായ വിധി. 100 ശതമാനം വിധിയെ സ്വാഗതം ചെയ്യുന്നു. തങ്ങള്‍ക്കിഷ്‌ടമല്ലാത്ത സര്‍ക്കാരുകളെ പ്രയാസപ്പെടുത്താനും ബുദ്ധിമുട്ടിക്കാനും ഭരണ നിര്‍വഹണ പ്രക്രിയയില്‍ കാലവിളംബമുണ്ടാക്കാനും നടത്തിയ എല്ലാ നീക്കങ്ങള്‍ക്കും കിട്ടിയ തിരിച്ചടിയാണ് സുപ്രീംകോടതി വിധിയെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.