ഇടുക്കി: സംസ്ഥാനത്ത് കാലവര്‍ഷമെത്തിയതോടെ ആശങ്കയിലാണ് മൂന്നാറിലെ ചൊക്രമുടി നിവാസികള്‍. ബൈസൺവാലി വില്ലേജിലെ ഭൂമി കയ്യേറ്റത്തിൽ തുടർ നടപടികൾ വൈകുന്നതാണ് ജനങ്ങളെ ആശങ്കയിലാക്കുന്നത്. ജില്ലയിലെ ഉയരം കൂടിയ ചൊക്രമുടിയില്‍ നിര്‍മിച്ച അനധികൃത തടയണയില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് ഉരുള്‍പൊട്ടലിന് കാരണമാകുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
ചൊക്രമുടിയിലെ അനധികൃത തടയണ പൂര്‍ണമായും മണ്ണിട്ട് നികത്തണമെന്ന് പ്രദേശവാസികള്‍ പറയുന്നു. 15 ദിവസത്തിനകം തടയണ മണ്ണിട്ട് നികത്തണമെന്ന് ജില്ലാ കലക്‌ടർ ഉത്തരവിട്ടിട്ട് മാസങ്ങൾ പിന്നിട്ടിട്ടും നടപടിയുണ്ടായിരുന്നില്ല. ഇതിന് പിന്നാലെ കുളത്തിൻ്റെ മൺവരമ്പ് പൂർണമായും പൊളിച്ചു നീക്കി സ്വാഭാവിക ഒഴുക്ക് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഡിസംബറിൽ ബൈസൺവാലി പഞ്ചായത്ത് സെക്രട്ടറി കലക്‌ടർക്ക് കത്ത് നൽകിയിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇതിൻ്റെ അടിസ്ഥാനത്തിൽ എഡിഎം ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സ്ഥലത്ത് സന്ദർശനം നടത്തുകയും കുളം മൂടുന്നതിൽ തുടർ നടപടി സ്വീകരിക്കുകയും ചെയ്‌തു. 45 ഡിഗ്രിയിലധികം ചെരിവുള്ള പ്രദേശത്ത് 17 മീറ്റർ നീളത്തിലും 3 മീറ്റർ വീതിയിലുമാണ് കുളം നിര്‍മിച്ചിട്ടുള്ളത്. എന്നാല്‍ ഇപ്പോഴും മുഴുവനായും മൂടാതെ കിടക്കുന്ന ഇവിടെ വെള്ളവും മണ്ണും കല്ലും നിറഞ്ഞിരിക്കുകയാണ്. ഇത് ഉരുൾപൊട്ടലിന് കാരണമാകുമോയെന്നാണ് പ്രദേശവാസികളുടെ ആശങ്ക.
തടയണ ഇതുവരെ പൊളിച്ചു നീക്കാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറാകാത്തതും ആശങ്കയ്‌ക്ക് കാരണമാകുന്നുണ്ട്. ഉടനടി തടയണയുടെ മൺവരമ്പുകൾ പൂർണമായും പൊളിച്ചു മാറ്റി സ്വാഭാവിക ഒഴുക്ക് പുനഃസ്ഥാപിച്ചില്ലെങ്കിൽ വലിയ മണ്ണിടിച്ചിലിന് കാരണമാകുമെന്നാണ് പ്രദേശവാസികൾ പറയുന്നത്.