എറണാകുളം: കെഎസ്ആർടിസി ബസുകളിൽ യാത്രക്കാർക്ക് പുതിയ സൗകര്യങ്ങൾ. കൊച്ചി മെട്രോയിലേതിന് സമാനമായ 'അലർട്ട്' സംവിധാനം ഇനി കെഎസ്ആർടിസി ബസുകളിലും ലഭ്യമാകും. 500 ബസുകളിൽ പാസഞ്ചർ ഇൻഫർമേഷൻ ഡിസ്പ്ലേയും ഓട്ടോമേറ്റഡ് വോയ്‌സ് അറിയിപ്പും ഉൾപ്പെടുത്താൻ ഒരുങ്ങുകയാണ്.
മലയാളത്തിലും ഇംഗ്ലീഷിലും ഓഡിയോ അനൗൺസ്മെൻ്റ് സിസ്റ്റം വഴി വരാനിരിക്കുന്ന സ്റ്റോപ്പുകൾ ഓഡിയോ സംവിധാനത്തിലൂടെ വിളിച്ചു പറയും. ബസിനുള്ളിലെ ഡിജിറ്റൽ ഡിസ്പ്ലേകളിൽ തത്സമയ ദൃശ്യ അപ്ഡേറ്റുകളും ലഭിക്കും. തുടക്കത്തിൽ 400 ഓർഡിനറി ബസുകളിലും 100 സൂപ്പർ ഫാസ്റ്റ് ബസുകളിലും പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം സ്ഥാപിക്കുമെന്ന് കെഎസ്ആർടിസിയിലെ ഒരു മുതിർന്ന ഓഫിസർ അറിയിച്ചു.
ഓഡിയോ-വിഷ്വൽ വിവരങ്ങളോടുകൂടിയ പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം (പിഐഎസ്) സ്ഥാപിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും കെഎസ്ആർടിസി ടെൻഡറുകൾ ക്ഷണിച്ചു. ഓഡിയോ സിസ്റ്റത്തിൽ വ്യക്തമായ അറിയിപ്പുകൾ നൽകുന്ന സ്പീക്കറുകളാണുള്ളത്. ബസുകൾക്കുള്ളിൽ ഒന്നോ അതിലധികമോ ഡിജിറ്റൽ ഡിസ്പ്ലേകളും സ്ഥാപിക്കും. നിലവിലെ സ്റ്റോപ്പ്, അടുത്ത സ്റ്റോപ്പ് എന്നിവയുൾപ്പെടെയുള്ള തത്സമയ വിവരങ്ങൾ ഇവയിൽ ലഭിക്കും. ബസ് എത്തിച്ചേരൽ, പുറപ്പെടൽ സമയം, റൂട്ടുകൾ, സ്റ്റോപ്പുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ പിഐഎസ് യാത്രക്കാർക്ക് നൽകും.
കൃത്യവും സമയബന്ധിതവുമായ വിവരങ്ങളിലൂടെ യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്താൻ ഇത് സഹായിക്കും. സർക്കാർ അധികൃതർ പുറത്തിറക്കുന്ന വിവിധ പൊതു വിവരങ്ങൾ ഈ സംവിധാനത്തിലൂടെ സംപ്രേഷണം ചെയ്യും. പരസ്യങ്ങൾക്ക് പുറമെ സിനിമ ഗാനങ്ങൾ, സിനിമ രംഗങ്ങൾ, അവബോധ സന്ദേശങ്ങൾ എന്നിവയും നൽകും. എന്നാൽ രാഷ്ട്രീയ വിഡിയോകൾ അനുവദനീയമല്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
യാത്രക്കാരുടെ സുഖസൗകര്യങ്ങളെയും ഡ്രൈവറുടെ ശ്രദ്ധയേയും ബാധിക്കാത്ത വിധത്തിൽ പിഐഎസ് സ്ക്രീനുകളിലൂടെ കുറഞ്ഞ ശബ്ദത്തിൽ ഇത് പ്രദർശിപ്പിക്കണം. ഓപറേറ്റർക്ക് മുഴുവൻ സമയ സാങ്കേതിക പിന്തുണയും ഓൺ-കോൾ പിന്തുണയും നൽകണം. സിസ്റ്റത്തിന് കീഴിൽ കെഎസ്ആർടിസി ഫ്ലീറ്റിൽ ജിപിഎസ് ഉപകരണങ്ങൾ ഘടിപ്പിച്ച് ഒരു സെൻട്രൽ സെർവറുമായി ബന്ധിപ്പിക്കും. എല്ലാ പ്രധാന ബസ് സ്റ്റേഷനുകളിലും പിഐഎസ് ഡിസ്പ്ലേകൾ സ്ഥാപിക്കാൻ പ്രത്യേക ടെൻഡർ തയ്യാറാക്കും. സെൻട്രൽ സെർവറിൽ നിന്നുള്ള ഡാറ്റ പിഐഎസ് ഡിസ്പ്ലേകളിലേക്കും കെഎസ്ആർടിസിയുടെ മൊബൈൽ ആപ്പിലേക്കും അയക്കും.