കോഴിക്കോട്: വനം വകുപ്പു മന്ത്രി എകെ ശശീന്ദ്രൻ തികഞ്ഞ പരാജയമാണെന്ന ആക്ഷേപം ഉന്നയിച്ച് കെപിസിസി അധ്യക്ഷനും കോൺഗ്രസ് എംഎൽഎയുമായ അഡ്വ.സണ്ണി ജോസഫ്. നിലമ്പൂരിൽ പതിനഞ്ച് വയസുകാരൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വനം വകുപ്പ് മന്ത്രി ഉരുണ്ടു കളിക്കുകയാണെന്നും കാട്ടിൽ നിന്ന് നാട്ടിലേക്ക് മൃഗങ്ങൾ ഇറങ്ങുന്നത് ചെറുക്കേണ്ടത് സർക്കാരിൻ്റെയും മന്ത്രിയുടെയും ഉത്തരവാദിത്തമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയപാത അതോറിറ്റി ഓഫീസിനു മുമ്പിൽ നടന്ന പ്രതിഷേധ കൂട്ടായ്‌മ ഉദ്ഘാടനം ചെയ്‌തു സംസാരിക്കുന്നതിനിടെയായിരുന്നു ആക്ഷപം. റോമാ സാമ്രാജ്യം കത്തിയെരിയുമ്പോൾ നീറോ ചക്രവർത്തി വീണവായിച്ചതുപോലെയാണ് വനം മന്ത്രിയുടെ പ്രവൃത്തിയെന്നും സണ്ണി ജോസഫ് ആരോപിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നിലമ്പൂരിൽ പതിനഞ്ച് വയസുകാരൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന പ്രസ്‌താവന തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ ആവർത്തിച്ചിരുന്നു. ഇത് ഗോവിന്ദൻ മാസ്റ്റർ ന്യായീകരിക്കുകയാണ് ചെയ്‌തതെന്നും മന്ത്രി പറഞ്ഞത് പച്ചക്കള്ളവും അടിസ്ഥാനരഹിതവും അൽപ്പത്തരമാണെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി. വൈദ്യുതി നിയമ വിരുദ്ധമായി ദുരുപയോഗം ചെയ്യുന്നുണ്ടെന്ന പരാതി പരിശോധിക്കാനോ നടപടി സ്വീകരിക്കാനോ സർക്കാർ തയാറായോ എന്നും സണ്ണി ജോസഫ് ചോദിച്ചു.
"യുഡിഎഫിനു നേരെ വിമർശനം ഉന്നയിക്കേണ്ട കാര്യം വനം വകുപ്പു മന്ത്രിക്കോ സിപിഎം നേതാക്കൾക്കോ ഇല്ല. യുഡിഎഫിൻ്റെ നേതാക്കളുടെ ഭാഗത്തുനിന്നും യാതൊരു വീഴ്‌ചയും ഈ സംഭവത്തിൽ ഉണ്ടായിട്ടില്ല. എം വി രാഘവൻ്റെ വീട് കത്തിച്ചവരാണ് ഇപ്പോൾ യുഡിഎഫ് നേതാക്കളെ പഴി പറയുന്നത്. മിണ്ടാപ്രാണികളെ കത്തിക്കുകയും നിയമസഭ തല്ലി തകർക്കുകയും സ്‌പീക്കറുടെ ചേമ്പറിൽ കയറി കസേര മറിച്ചിടുകയും ചെയ്‌തവരാണ് യുഡിഎഫിനെ മര്യാദ പഠിപ്പിക്കാൻ ഇറങ്ങിയിരിക്കുന്നത്. അവരിൽനിന്ന് മര്യാദ പഠിക്കേണ്ട ഒരു സാഹചര്യവും ഇന്ന് യുഡിഎഫിന് ഇല്ല". സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.
"എന്ത് അടിസ്ഥാനത്തിലാണ് പതിനഞ്ച് വയസുകാരൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന് പറയുന്നത്? ഇത് കേട്ടാൽ യുഡിഎഫ് നേതാക്കളാണ് ഇവിടെ ലൈൻ വലിച്ചതും ആ ബാലനെ അങ്ങോട്ടേക്ക് എത്തിച്ചതെന്നും തോന്നും. ഇത്തരത്തിലുള്ള പ്രസ്‌താവനകൾ പിൻവലിച്ച് വനം വകുപ്പു മന്ത്രി മാപ്പ് പറയണം. അല്ലാത്തപക്ഷം അതിന് മുഖ്യമന്ത്രി നിർദ്ദേശം നൽകണം." സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
തൻ്റെ വാക്കുകളും പ്രസ്‌താവനയും തെറ്റായി വ്യാഖ്യാനിച്ചെന്നും മാധ്യമങ്ങൾ വളച്ചൊടിച്ചെന്നും എകെ ശശീന്ദ്രൻ പ്രതികരിച്ചു. പതിനഞ്ച് വയസുകാരൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് താൻ പറഞ്ഞിട്ടില്ലെന്നും പ്രതിഷേധത്തിൽ രാഷ്ട്രീയം ഉണ്ടെന്നാണ് താൻ പറഞ്ഞതെന്നും ശശീന്ദ്രൻ കൂട്ടിച്ചേർത്തു.
ALSO READ: അനുനയ നീക്കവുമായി കെസി വേണുഗോപാൽ: "പിവി അൻവറിനെ മാറ്റിനിർത്താൻ ആർക്കും താൽപര്യമില്ല"