കോഴിക്കോട്: സാധാരണ മോഷ്ടാക്കൾ വിലപിടിപ്പുള്ള സാധനങ്ങളോ പണമോ എടുത്ത് വേഗം സ്ഥലം വിടാറാണ് പതിവ്. എന്നാൽ താമരശ്ശേരിയിൽ നടന്നത് ഒരു വ്യത്യസ്തമായ മോഷണമാണ്. താമരശ്ശേരി ചർച്ച് റോഡിലെ മുണ്ടപ്ലാക്കൽ വർഗീസിൻ്റെ വീട്ടിലാണ് ഈ സംഭവം.
ഇന്നലെ പുലർച്ചെയാണ് സംഭവം. മോഷണ സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. വീട് തുറന്നു കിടക്കുന്നത് കണ്ട അയൽവാസികൾ വർഗീസിൻ്റെ കുടുംബത്തെ വിവരമറിയിച്ചു. അവർ വീട്ടിലെത്തി പരിശോധിച്ചപ്പോൾ ഞെട്ടിപ്പോയി.
വീട്ടിലെ ഫ്രിഡ്ജിലുണ്ടായിരുന്ന ചോറും മീൻ കറിയും നല്ല കടുമാങ്ങ അച്ചാറും കൂട്ടി മോഷ്ടാക്കൾ ഭക്ഷണം കഴിച്ചു. ഫ്രിഡ്ജിലുണ്ടായിരുന്ന പാലെടുത്ത് നല്ല കടുപ്പത്തിൽ പാൽചായയും ഉണ്ടാക്കി കുടിച്ചു. മൂന്നുപേരാണ് മോഷണത്തിനെത്തിയത് എന്നാണ് സംശയം. ഡൈനിങ് ടേബിളിന് സമീപം മൂന്ന് കസേരകളും മൂന്ന് ഗ്ലാസുകളിൽ ചായ പകർന്നു കുടിച്ചതിൻ്റെ തെളിവുകളും കണ്ടെത്തി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മോഷ്ടാക്കൾക്ക് വീട്ടിൽ നിന്ന് യാതൊരു സാധനങ്ങളും കിട്ടിയിട്ടില്ല. വീടാകെ ഉഴുതുമറിച്ച നിലയിലാണ്. വീടിനകത്തെ മുഴുവൻ സാധനങ്ങളും വാരിവലിച്ച് ഇട്ടിട്ടുണ്ട്. ഒന്നും കിട്ടാത്തതിൻ്റെ വിരോധം തീർത്തതാണ് ഭക്ഷണം കഴിക്കാൻ കാരണമെന്നാണ് വീട്ടുകാർ കരുതുന്നത്. ഭക്ഷണം കഴിച്ച ശേഷം പാത്രങ്ങളെങ്കിലും അടച്ചുവച്ചുകൂടായിരുന്നോ എന്ന് വീട്ടുകാർ ചോദിക്കുന്നു.
താമരശ്ശേരി പൊലീസ് കേസെടുത്തിട്ടുണ്ട്. പൊലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ഈ വ്യത്യസ്ത കള്ളന്മാർ ഉടൻ തന്നെ വലയിലാകുമെന്ന് താമരശ്ശേരി പൊലീസ് അറിയിച്ചു.