കോഴിക്കോട് : മൊഫ്യൂസൽ ബസ് സ്റ്റാൻഡിനോട് ചേർന്ന കെട്ടിടത്തിൽ ഉണ്ടായ തീപിടുത്തം ഇതുവരെ നിയന്ത്രിക്കാനായില്ല. കോഴിക്കോട് നഗരം ഇതുവരെ സാക്ഷ്യം വഹിക്കാത്ത അത്രയും വലിയ തീപിടിത്തമാണ് ഇന്ന് വൈകുന്നേരം ഉണ്ടായത്. കോഴിക്കോട് കോർപ്പറേഷൻ്റെ കീഴിലുള്ള കെട്ടിടത്തിലാണ് തീ പിടിച്ചത്.
ജില്ലയിലെ മുഴുവൻ ഫയർ യൂണിറ്റുകളും അസ്രാന്ത പരിശ്രമം നടത്തിയിട്ടും ഇതുവരെ പൂർണമായി നിയന്ത്രണവിധേയമാക്കാൻ സാധിച്ചിട്ടില്ല. അതോടെ മലബാർ മേഖലയിലെ മുഴുവൻ ഫയർ യൂണിറ്റുകളോടും സ്ഥലത്തെത്താൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. മുപ്പത് വർഷത്തോളം പഴക്കമുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കാലിക്കറ്റ് ടെക്സ്റ്റൈൽസിൽ ആണ് ആദ്യം തീ പിടിച്ചത്.
ടെക്സ്റ്റൈൽസ് പൂർണമായും കത്തി നശിച്ചു. കൂടാതെ തൊട്ടടുത്ത കടകളിലേക്കെല്ലാം തീ വ്യാപിച്ചിട്ടുണ്ട്. കെട്ടിടത്തിന്‍റെ മുകളിൽ തീപിടിച്ചതോടെ മറ്റ് നിലകളിലേക്ക് കൂടി വ്യാപിക്കും എന്ന ഭീതിയിൽ ഇവിടെയുണ്ടായിരുന്ന സ്ഥാപനങ്ങളിലെ സാധനങ്ങളെല്ലാം നേരത്തെ തന്നെ മാറ്റിയിരുന്നു കൂടാതെ താഴെ നിലയിൽ പ്രവർത്തിക്കുന്ന ചെറുകിട ഹോട്ടലുകളിലെ ഗ്യാസ് സിലിണ്ടറുകളും നീക്കം ചെയ്തിട്ടുണ്ട്.
തീപിടിച്ച കെട്ടിടത്തിനു മുകളിലേക്ക് രക്ഷാപ്രവർത്തകർക്ക് കയറാൻ സാധിക്കാത്തത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. കച്ചവടക്കാർ പലഭാഗങ്ങളും കെട്ടിമറിച്ചതാണ് ഇവിടേക്ക് രക്ഷാപ്രവർത്തകർക്ക് കയറുന്നതിന് തടസം സൃഷ്ടിച്ചത്. ഇതെല്ലാം തരണം ചെയ്തുള്ള രക്ഷാദൗത്യമാണ് ഫയർ യൂണിറ്റ് അംഗങ്ങൾ നടത്തിയത്.
സ്വന്തം ജീവൻ പോലും പണയം വച്ചുള്ള ഫയർ യൂണിറ്റ് അംഗങ്ങളുടെ രക്ഷാപ്രവർത്തനത്തിനാണ് ഇന്ന് കോഴിക്കോട് സാക്ഷ്യം വഹിച്ചത്. മുകളിലെ നിലയിലെ തീ രാത്രി ഒൻപത് മണിയോടെ ആളിപ്പടരുന്നത് ഏറെക്കുറെ നിയന്ത്രിച്ചെങ്കിലും കനത്ത പുകഉയർന്നതിനാൽ തീ നിയന്ത്രണവിധേയം ആയിട്ടുണ്ടോ എന്ന കാര്യം അറിയാൻ സാധിക്കുന്നില്ല. തീപിടിത്തം ഉണ്ടായതോടെ ഈ ഭാഗത്തെ ബസ് സ്റ്റാൻഡിൽ ഉണ്ടായിരുന്ന വാഹനങ്ങൾ മുഴുവൻ നേരത്തെ തന്നെ മാറ്റിയിട്ടുണ്ട്.
പാളയം ബസ് സ്റ്റാൻഡിലേക്കാണ് ബസുകൾ മാറ്റിയത്. തീപിടിത്തം ഉണ്ടായതോടെ കോഴിക്കോട് മാവൂർ റോഡ്, സ്റ്റേഡിയം റോഡ് എന്നിവിടങ്ങളിൽ വലിയ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്. ട്രാഫിക് പോലീസിന്‍റെ നേതൃത്വത്തിൽ ഗതാഗതം മറ്റ് റോഡുകളിലേക്ക് മാറ്റിയാണ് നിയന്ത്രിക്കുന്നത്.
അഞ്ചു മണിയോടെ ഉണ്ടായ തീപിടിത്തം ഇതുവരെ നിയന്ത്രിക്കാൻ സാധിക്കാത്തത് കടുത്ത ആശങ്ക ഉളവാക്കുന്നുണ്ട്. തീപിടിത്തം ഉണ്ടായതോടെ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഈ കെട്ടിടത്തിലെ വ്യാപാരികൾക്ക് ഉണ്ടായത്. സ്കൂൾ അധ്യായന വർഷത്തിന്‍റെ ആരംഭം ആയതോടെ മിക്ക വ്യാപാരികളും തങ്ങളുടെ ഗോഡൗണുകളിൽ യൂണിഫോം ഉൾപ്പെടെയുള്ള ധാരാളം തുണിത്തരങ്ങൾ എത്തിച്ചിരുന്നു.
ഇതെല്ലാമാണ് നിമിഷനേരം കൊണ്ട് കൺമുന്നിൽ വച്ച് കത്തി നശിച്ചത്. ഇതോടെ ഇനി എന്ത് ചെയ്യും എന്നറിയാത്ത അവസ്ഥയിലാണ് തീപിടിത്തം ഉണ്ടായ കെട്ടിടത്തിലെ വ്യാപാരികൾ.