തിരുവനന്തപുരം: കൊച്ചി തീരത്ത് നിന്നും 70 കിലോമീറ്റർ അകലെ കടലിൽ അപകടത്തിൽപ്പെട്ട എം എസ് സി എൽസി 3 എന്ന ചരക്കുകപ്പലിൽ നിന്നുള്ള കണ്ടെയ്‌നറുകളുടെ ദുരൂഹത നീങ്ങുന്നു. കണ്ടെയ്‌നറുകൾക്കുള്ളിലെ സാധനങ്ങളുടെ വിശദമായ പട്ടിക കപ്പൽ കമ്പനി അധികൃതർ കസ്റ്റംസിന് കൈമാറി. കപ്പലിൽ ആകെ 641 കണ്ടെയ്‌നറുകളാണുണ്ടായിരുന്നത്.
കമ്പനി കസ്റ്റംസിന് കൈമാറിയ പട്ടിക പ്രകാരം ഇതിൽ 4 കണ്ടെയ്‌നറുകളിൽ 'ക്യാഷ്' എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് ഏതെങ്കിലും രാജ്യത്തിൻ്റെ കറൻസിയാണോ എന്ന കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ല. 'ക്യാഷ്' എന്ന് രേഖപ്പെടുത്തിയ കണ്ടെയ്‌നറുകളിൽ മൂന്നെണ്ണം പ്രാധാന്യമുള്ളതാണെന്നും പട്ടികയിൽ സൂചിപ്പിക്കുന്നു. കാഷ്യു എന്ന പദം മാറി ക്യാഷ് ആയി മാറി രേഖപ്പെടുത്തിയതാണോ ഇതെന്നും അധികൃതർ സംശയിക്കുന്നു. 71 കണ്ടെയ്‌നറുകൾ കാലിയായിരുന്നു.
മനുഷ്യ ശരീരവുമായി സമ്പർക്കത്തിൽ വന്നാൽ അപകടകരമായ കാൽസ്യം കാർബൈഡ് 11 കണ്ടെയ്‌നറുകളിലുണ്ടായിരുന്നു. 59 കണ്ടെയ്‌നറുകളിൽ വിവിധ രൂപത്തിലുള്ള കുമ്മായവും 40 കണ്ടെയ്‌നറുകളിൽ തടിയുമുണ്ടായിരുന്നു. 48 കണ്ടെയ്‌നറുകളിലായി തേങ്ങ, ബ്രസീൽ നട്ട്സ്, കാഷ്യു നട്ട്സ് എന്നിവയാണ് ഉണ്ടായിരുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കപ്പലിലുണ്ടായിരുന്ന അപകടകാരികളായ രാസവസ്തുക്കളായി കാൽസ്യം കാർബൈഡും പോളിമർ അസംസ്കൃത വസ്തുക്കളും മാത്രമാണുണ്ടായിരുന്നത്. 39 കണ്ടെയ്‌നറുകളിൽ കോട്ടണും 52 കണ്ടെയ്‌നറുകളിൽ പേപ്പർ വേസ്റ്റും ഒരെണ്ണത്തിൽ മാലിന്യങ്ങളുമുണ്ട്. കപ്പലിൽ നിന്നുള്ള കണ്ടെയ്‌നറുകളിൽ ചിലത് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കന്യാകുമാരി തീരങ്ങളിൽ അടിഞ്ഞിരുന്നു.
തീരത്തടിഞ്ഞതും കടലിൽ കണ്ടെത്തിയതുമായ കണ്ടെയ്‌നറുകളെല്ലാം കസ്റ്റംസിൻ്റെ നേതൃത്വത്തിൽ കൊല്ലം തുറമുഖത്തേക്കാണ് മാറ്റുന്നത്. കപ്പലിൽ നിന്നും ഇന്ധന ചോർച്ചയുണ്ടായെന്ന് പ്രതീക്ഷിക്കുന്ന മേഖലകളിൽ സർക്കാർ മത്സ്യബന്ധനം പൂർണമായി നിരോധിച്ചിട്ടുണ്ട്. കപ്പലപകടം നേരിട്ട് ബാധിക്കുന്ന മേഖലകളിലെ മത്സ്യത്തൊഴിലാളികൾക്ക് പ്രതിമാസം 1000 രൂപ വീതം ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് നൽകാനും സർക്കാർ മുൻപ് തീരുമാനമെടുത്തിരുന്നു.
Also Read:- ഇനി നാലു ദിവസം മഴയില്ല; തെളിഞ്ഞ അന്തരീക്ഷമെങ്കിലും ചൂട് കൂടില്ല, ജൂണ്‍ 10 മുതല്‍ വീണ്ടും കാലവര്‍ഷം