തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം ജില്ലകളിലും തമിഴ്‌നാട്ടിലെ കന്യാകുമാരി, തിരുനെല്‍വേലി ജില്ലകളിലേയും പശ്ചിമഘട്ട മലനിരകളോട് ചേര്‍ന്നു കഴിയുന്ന ആദിവാസി വിഭാഗമാണ് കാണിക്കാര്‍. തിരുവനന്തപുരത്തെ പൊടിയം, മുക്കൊത്തിവയല്‍, ചോനാംപാറ, ഇരുമ്പിയാട്, പോത്തോട്, വനമേഖലകളില്‍ തിങ്ങി പാര്‍ക്കുന്ന കാണിക്കാര്‍ വിഭാഗം പത്തനംതിട്ടയില്‍ അച്ചന്‍കോവിലിന് സമീപത്തും കൊല്ലം ജില്ലയില്‍ അഗസ്ത്യമലയുടെ അടിവാരങ്ങളിലും നിരവധി സെറ്റില്‍മെന്‍റുകളായി തിരിഞ്ഞാണ് താമസം.
തമിഴും മലയാളവും കൂടിക്കലര്‍ന്ന ഭാഷയാണ് ആശയ വിനിമയത്തിന് കാണിക്കാര്‍ ഉപയോഗിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്‍റെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ട്രെയിനിങ് ആന്‍ഡ് ഡെവലപ്മെന്‍റ് സ്റ്റഡീസ് ഓഫ് ഷെഡ്യൂള്‍ഡ് കാസ്റ്റസ് ആന്‍ഡ് ഷെഡ്യൂള്‍ഡ് ട്രൈബ്സിന്‍റെ നേതൃത്വത്തില്‍ അടുത്തിടെ കാണിക്കാരുടെ ഭാഷയും രേഖപ്പെടുത്താനാരംഭിച്ചു. ലിപി സംവിധാനമില്ലാത്ത കേരളത്തിലെ ആദിവാസി ഭാഷകളില്‍ ഗവേഷകര്‍ ആദ്യമായി പഠന വിധേയമാക്കിയത് കാണിക്കാരുടെ ഭാഷയായിരുന്നു. വനാന്തരങ്ങളില്‍ ഒറ്റപ്പെട്ട സെറ്റില്‍മെന്‍റുകളിലേക്ക് ആധുനിക വിദ്യാഭ്യാസത്തിന്‍റെ ബാലപാഠങ്ങളെത്തിക്കാന്‍ സര്‍ക്കാര്‍ ഏകാധ്യാപക വിദ്യാലയങ്ങള്‍ ആരംഭിച്ചപ്പോള്‍ അക്ഷരം പഠിച്ചാല്‍ വനം നശിക്കുമെന്ന കാടന്‍ വിശ്വാസത്തിന്‍റെ പേരില്‍ ഉള്‍ക്കാട്ടിലേക്ക് പോയ കാണിക്കാരുണ്ടെന്ന് വിശദീകരിക്കുകയാണ് കാണിക്കാരുടെ ഭാഷയെയും സംസ്‌കാരത്തെയും കുറിച്ച് പഠനം നടത്തിയ ഗോത്ര ഗവേഷകനും തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയുമായ ബാലചന്ദ്രന്‍.
എന്നാല്‍ ഇന്നു സ്ഥിതി മാറി. നിരവധി പേര്‍ നാട്ടിലേക്ക് ഉന്നതവിദ്യാഭ്യാസവും സര്‍ക്കാര്‍ ഉദ്യോഗവും തേടി കാടിറങ്ങുന്നുണ്ട്. തങ്ങളുടെ ആദിമ ആചാരങ്ങള്‍ നഷ്ടപ്പെടാതെ കാക്കാനുള്ള ഔചിത്യവും ഇന്നത്തെ വിദ്യാഭ്യാസം നേടിയ പുതുതലമുറ ശ്രദ്ധിക്കുന്നുണ്ട്. ലിപിയില്ലാത്ത കാലത്തു വാര്‍ത്താ വിനിമയത്തിനു കാണിക്കാര്‍ ഉപയോഗിച്ചിരുന്ന രീതികള്‍ പലതും അത്ഭുതകരമാണെന്നും ബാലചന്ദ്രന്‍ പറയുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഏഴു ദിവസം വെള്ളത്തിലും ഏഴു ദിവസം കരയിലും വെച്ചു നടത്തുന്ന മാന്ത്രിക വിദ്യാഭ്യാസം അടുത്ത കാലം വരെ കാണിക്കാര്‍ക്കിടയില്‍ പ്രബലമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. സെറ്റില്‍മെന്‍റിലെ പുരോഹിതനാണ് പ്ലാത്തി. പ്ലാത്തിയുടെ നേതൃത്വത്തിലാണ് പഠനം. എന്നാല്‍ മന്ത്രങ്ങള്‍ പറയുന്നതല്ലാതെ പ്ലാത്തിയില്‍ നിന്നു വിദ്യാഭ്യാസപരമായ സംഭവനയൊന്നുമുണ്ടായിരുന്നില്ല.

വാഴത്തടയോ തടിയോ ഉപയോഗിച്ചു വെള്ളം തടഞ്ഞു അണകെട്ടുന്നതാണ് പഠനത്തിന്‍റെ ആദ്യ രീതി. സൂര്യോദയത്തിന് മുന്‍പും അസ്തമയത്തിന് ശേഷവും പ്ലാത്തി അണക്കെട്ടിനോട് ചേര്‍ന്നുള്ള സ്ഥലത്ത് എത്തി മന്ത്രങ്ങള്‍ പറയും. ഇതു കേട്ടു ശിഷ്യര്‍ തുള്ളണം. ഏഴു ദിവസം വെള്ളത്തിലും കരയിലും തുള്ളണം. ഇങ്ങനെ ചെയ്താല്‍ വിദ്യ സ്വയം ലഭിക്കുമെന്നാണ് വിശ്വാസം. പ്ലാത്തി പാടുന്ന മന്ത്രങ്ങളും പൂജാ രീതികളും കണ്ടു പഠിക്കണം. പരീക്ഷയില്ല. ഒടുവില്‍ പതിനാലാം ദിവസം ദേവദര്‍ശനം ലഭിക്കുന്നതോടെ യുവാക്കള്‍ വിദ്യാസമ്പന്നരായെന്നാണ് വിശ്വാസം. പ്രത്യേകിച്ചു ഒരു പ്രയോജനവുമില്ലാത്ത പ്രാചീന രീതിയാണിതെന്നും ബാലചന്ദ്രന്‍ വിശദീകരിച്ചു.
വള്ളിമുടിച്ചിലും വാപ്പൊരുളും
വള്ളിമുടിച്ചിലും വാപ്പൊരുളുമാണ് കാണിക്കാര്‍ പ്രാചീന കാലം മുതല്‍ക്കെ ആശയവിനിമയത്തിനായി പ്രധാനമായും ആശ്രയിച്ചിരുന്നത്. മുരുത്തന്‍ എന്ന വള്ളിയുടെ തൊലി കീറിയെടുത്ത് ഉണക്കി മിനുസപ്പെടുത്തിയാണ് വള്ളിമുടിച്ചില്‍ ഉണ്ടാക്കുന്നത്. ഇതു രണ്ടു തരത്തില്‍ പ്രത്യേക ശൈലിയില്‍ കെട്ടും. പത്തായക്കെട്ടെന്നും മൂക്കമ്പറക്കെട്ടെന്നുമാണ് പേര്. കെട്ടിന്‍റെ രീതി കാണുന്ന കാണിക്ക് ആശയമെന്തെന്ന് മനസിലാകും. പെണ്‍കുട്ടിക്ക് പ്രായമാകുമ്പോള്‍, വിവാഹം, ജനനം എന്നിങ്ങനെയുള്ള വാര്‍ത്തകള്‍ കാടറിയിക്കാനാണ് പത്തായക്കെട്ട് ഉപയോഗിക്കുന്നത്.
മരണം, ആക്രമണം, ശത്രുത തുടങ്ങിയ അശുഭ വാര്‍ത്തകള്‍ക്ക് മൂക്കമ്പറക്കെട്ടാണ് ഉപയോഗിക്കുന്നത്. കാണിപ്പറ്റെന്നാണ് സെറ്റില്‍മെന്‍റുകളുടെ പേര്. മൂട്ടുകാണിയാണ് ഒരു കാണിപ്പറ്റിന്‍റെ അധിപന്‍. രണ്ടു കാണിപ്പറ്റുകള്‍ക്കിടയിലുള്ളവര്‍ തമ്മിലുള്ള അവിഹിത ഗര്‍ഭം, കൃഷിയിലെ തര്‍ക്കം, വ്യക്തി വിദ്വേഷങ്ങള്‍ എന്നിവയുണ്ടായാല്‍ ഇരുകാണിപ്പറ്റുകളിലേയും മുട്ടുകാണികള്‍ തമ്മില്‍ ആശയവിനിമയം ആരംഭിക്കും. ആദ്യം പത്തായക്കെട്ടാകും കൊടുത്തു വിടുക. ഇതു മടക്കിയാല്‍ വെല്ലുവിളിയായും ധിക്കാരമായും കണക്കാക്കും. തുടര്‍ന്ന് ശത്രുതയുടെ പ്രതീകമായി മൂക്കമ്പറക്കെട്ടു കൊടുത്തു വിടും. ഇതിന് ശേഷം കൂടിക്കാഴ്ചയാണ്.

കെട്ടുമായി വരുന്നയാള്‍ മൂട്ടുകാണിക്ക് മുന്നില്‍ വിഷയവും അവതരിപ്പിക്കും. വിഷയാവതരണമാണ് വാപ്പൊരുള്‍. മുത്തുക്കാണിയുടെ വിശ്വസ്തനാകും വാപ്പൊരുളുമായി വള്ളിമുടിച്ചിലേന്തി മറ്റൊരു കാണിപ്പറ്റിലേക്ക് സഞ്ചരിക്കുക. കാണിപ്പറ്റിലെ പ്രശ്നക്കാരുടെ ബന്ധുക്കളുമായി അതാത് കാണിപ്പറ്റിലെ മൂട്ടുകാണിമാര്‍ ചര്‍ച്ച നടത്തിയാണ് മിക്കവാറും പ്രശ്ന പരിഹാരം. ഒരു മൂട്ടുകാണിയുടെ ജീവിതത്തില്‍ കുറഞ്ഞത് 2-3 തവണയെങ്കിലും വള്ളിമുടിച്ചില്‍ ദൂതന്‍ വഴി കൊടുത്തു വിടേണ്ട സാഹചര്യമുണ്ടാകുമെന്നും ബാലചന്ദ്രന്‍ വിശദീകരിച്ചു. ഇരുകെട്ടുകളുടെയും രീതി മനസിലാക്കി സംഭവം കഴിഞ്ഞു എത്ര ദിവസമായെന്ന് മനസിലാക്കാനാകുമെന്നും അദ്ദേഹം പറയുന്നു. ഇന്നും ആചാരമെന്ന വണ്ണം ചില ചടങ്ങുകള്‍ക്ക് ഇതുപയോഗിക്കാറുണ്ടെന്നും ബാലചന്ദ്രന്‍ പറയുന്നു. അന്തരിച്ച ഗോത്ര ഗവേഷകന്‍ എം. സെബാസ്റ്റ്യനൊപ്പമാണ് ബാലചന്ദ്രനും കാണിക്കാരുടെ ജീവിതക്രമം പഠന വിഷയമാക്കിയത്.
Also Read: മിൽമ ജീവനക്കാർ പണിമുടക്ക് പിൻവലിച്ചു; ഇനി മന്ത്രിതല ചർച്ച