ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ ഡ്രൈവിങ്ങ് ലൈസൻസുമായി ബന്ധപ്പെട്ട് നടപ്പാക്കിയ സേവനങ്ങള്‍ കേരളത്തിലും നടപ്പിലാക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ഇതിന്‍റെ ആദ്യ പടിയായി ലൈസൻസ് അതിവേഗത്തില്‍ ലഭ്യമാക്കും. ഡ്രൈവിങ് ടെസ്‌റ്റ് പാസായാല്‍ ഗ്രൗണ്ടില്‍ വച്ച് തന്നെ ഉടനടി ഡിജിറ്റല്‍ ലൈസൻസ് അനുവദിക്കാനാണ് അധികൃതരുടെ തീരുമാനം.
ഗതാഗത മന്ത്രി ഗണേഷ്‌കുമാര്‍ ഇതുമായി ബന്ധപ്പെട്ട് വെഹികിള്‍ ഇൻസ്‌പെക്‌ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. നിലവില്‍ വെഹിക്കിള്‍ ഇൻസ്‌പെക്‌ടര്‍മാര്‍ ഓഫിസിലെത്തിയതിന് ശേഷം ഓരോരുത്തരുടെയും വിവരങ്ങള്‍ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യുകയും തുടര്‍ന്ന് ഡിജിറ്റല്‍ ലൈസൻസ് അനുവദിക്കുകയുമാണ് രീതി.
എന്നാല്‍ പുതിയ സംവിധാന പ്രകാരം, വെഹിക്കിള്‍ ഇൻസ്‌പെക്‌ടര്‍മാര്‍ക്ക് ടാബ് നല്‍കും, ഇതുവഴി ഒരാള്‍ ടെസ്‌റ്റ് പാസായാല്‍ അവിടെ വച്ച് തന്നെ വിവരങ്ങള്‍ സൈറ്റില്‍ അപ്‌ലോഡ് ചെയ്യുകയും ഡിജിറ്റല്‍ ലൈസൻസ് ലഭ്യമാക്കുകയും ചെയ്യും. ഇതോടെ ലൈസൻസ് അനുവദിക്കുന്നതിനുള്ള കാലതാമസവും ഇല്ലാതാകും.
ലൈസൻസ് പ്രിന്‍റ് ചെയ്യാൻ ഇനി കിയോസ്‌കുകള്‍
ഡ്രൈവിങ് ലൈസൻസ് പുതുക്കാനും പ്രിന്‍റ് ചെയ്യാനുമായി കിയോസ്‌കുകൾ സ്ഥാപിക്കാൻ മോട്ടോർ വാഹനവകുപ്പ് ആലോചിക്കുന്നുണ്ടെന്ന് മന്ത്രി ഗണേഷ്‌കുമാർ വ്യക്തമാക്കി. ഗള്‍ഫ് രാജ്യങ്ങളിലുള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ ഉപയോഗിക്കുന്ന അത്യാധുനിക സംവിധാനങ്ങളാണ് കേരളത്തിലും ലക്ഷ്യമിടുന്നത്. ലൈസൻസ് വിവരങ്ങൾ കിയോസ്‌കിൽ നൽകിയാൽ അപ്പോള്‍ തന്നെ പ്രിന്‍റ് ചെയ്‌ത് ലഭിക്കും.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
റെയിൽവേ സ്റ്റേഷനുകൾ, ഷോപ്പിങ് മാളുകൾ എന്നിവിടങ്ങളിലാണ് കിയോസ്‌കുകൾ സ്ഥാപിക്കാൻ പദ്ധതിയിടുന്നത്. ഇതിന്‍റെ പരിപാലന ചുമതല കിയോസ്‌ക് സ്ഥാപിക്കുന്ന കമ്പനികൾക്കാകും. സ്വകാര്യ കമ്പനികളെയാണ് ഇതിലേക്ക് ക്ഷണിച്ചിട്ടുള്ളത്. മോട്ടോർ വാഹന വകുപ്പിൽ രജിസ്റ്റർ ചെയ്‌തിട്ടുള്ള മൊബൈല്‍ നമ്പറിലേക്ക് വരുന്ന ഒടിപി കിയോസ്‌കിൽ നൽകുമ്പോള്‍ ലൈസൻസ് പ്രിന്‍റ് ലഭിക്കുന്ന തരത്തിലായിരിക്കും പ്രവര്‍ത്തനം. ലൈസൻസ് പുതുക്കുന്നതിനടക്കമുള്ള സേവനങ്ങൾ കിയോസ്‌കുകളില്‍ ലഭ്യമാകും. ഇതിനെല്ലാം ഒരു നിശ്ചിത ഫീസ് ജനങ്ങളില്‍ നിന്ന് ഈടാക്കും.
‘വെർച്വൽ പിആർഒ’ സംവിധാനത്തിന് തുടക്കം
എംവിഡിയുടെ സേവനങ്ങൾ സംബന്ധിച്ച എല്ലാ വിവരങ്ങളും ലഭ്യമാക്കുന്ന ഡിജിറ്റൽ പ്ലാറ്റ് ഫോമായ ‘വെർച്വൽ പിആർഒ’ സംവിധാനത്തിന് തുടക്കമായി. ക്യൂആർ കോഡ് സ്‌കാൻ ചെയ്യുന്നത് വഴി എംവിഡി ഓഫിസിലെത്താതെ തന്നെ ജനങ്ങള്‍ക്ക് ഇനി വിശദാംശങ്ങൾ അറിയാൻ സാധിക്കും. ഡ്രൈവിങ് ലൈസൻസ്, വാഹന രജിസ്ട്രേഷൻ, ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, പെർമിറ്റ്, ഇ-ചലാൻ, ടാക്‌സ് സേവനങ്ങൾ സംബന്ധിച്ച വിശദാംശങ്ങള്‍ വെർച്വൽ പിആർഒയില്‍ ലഭ്യമാണ്.
മോട്ടോർ വാഹന വകുപ്പിന്‍റെ സർക്കുലറുകളും ഇതിലൂടെ ലഭ്യമാകും. കളമശേരി ഗവ. പോളിടെക്‌നിക്, കോഴിക്കോട് വിസ്‌മയ മീഡിയ ഇൻസ്റ്റിറ്റ്യൂട്ട്, മലപ്പുറം സ്‌കിൽ ഏജ് ഡിജിറ്റൽ അക്കാദമി എന്നീ സ്ഥാപനങ്ങളിലെ കാമ്പസ് ഇൻഡസ്ട്രിയൽ പാർക്കിലെ വിദ്യാർഥികളാണ് ഈ സംവിധാനം വികസിപ്പിച്ചതെന്ന് മന്ത്രി ഗണേഷ്‌കുമാർ കൂട്ടിച്ചേര്‍ത്തു.