കോട്ടയം/തൃശൂർ: മതനിരപേക്ഷ ഗവൺമെൻ്റ് ഭരിക്കുന്ന കേരളത്തിൽ ആരോടും പ്രത്യേക മമതയില്ലെന്ന് മന്ത്രി വി എൻ വാസവൻ. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് രാജ്ഭവനിലുണ്ടായ വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാജ്ഭവനിൽ നടന്നത് സത്യപ്രതിജ്ഞ ലംഘനവും ഭരണഘടനക്ക് വിരുദ്ധവുമാണെന്നും മന്ത്രി പറഞ്ഞു.
സർക്കാർ നിലപാട് അചഞ്ചലമാണ്. അതാണ് വീണ്ടും ഉയർത്തിക്കാട്ടിയത്. ത്രിവർണ പതാകയായിരുന്നെങ്കിൽ സല്യൂട്ട് ചെയ്യുമായിരുന്നു. ബാഹ്യശക്തികളുടെ ഇടപെടൽ ഇതിൽ ഉണ്ടെന്ന് തന്നെയാണ് സർക്കാരിൻ്റെ വിലയിരുത്തലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഭാരത് മാതാ സങ്കൽപ്പം പുതിയ കാര്യമല്ലെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ പറഞ്ഞു. വർഷങ്ങളായി ജനങ്ങൾ ജന്മനാടിനെ അമ്മയായി കരുതുന്നു. എന്തുകൊണ്ടാണ് മന്ത്രി ഇങ്ങനെ പറയുന്നത് എന്നറിയില്ല. ഒരു കാലത്ത് കമ്യൂണിസ്റ്റുകാർ പോലും ഭാരത് മാതാ കീ ജയ് എന്ന് വിളിച്ചിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതിനെ നിന്ദിക്കുന്ന നിലപാട് മന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത് ക്ഷമിക്കാവുന്നതല്ല. ജവാന്മാർ പോലും അമ്മയുടെ മാനം കാക്കാനാണ് ജോലി ചെയ്യുന്നതെന്ന് പറയുന്നു. മന്ത്രിയുടെ നിലപാട് അപലപനീയമാണ്. എന്തിനും മതത്തെയും വർഗീയതയെയും കാണുന്നതാണ് പ്രശ്നം. ഗവർണർ കാര്യങ്ങളെ നോക്കിക്കണ്ട് മനസിലാക്കാൻ കഴിവുള്ള ആളാണ്.
മന്ത്രിക്ക് തന്നെ ഇതേക്കുറിച്ച് ഗവർണറോട് സൂചിപ്പിക്കാമായിരുന്നു. അകൽച്ചയും വിദ്വേഷവും ഉണ്ടാക്കുന്ന തീരുമാനം എടുത്താൽ സംസ്ഥാനത്തിൻ്റെ വിശാല താത്പര്യങ്ങൾക്ക് തന്നെ തിരിച്ചടിയാകും. നരേന്ദ്രമോദി സർക്കാരിൻ്റെ പതിനൊന്നാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി സംസ്ഥാനതലത്തിൽ നടത്തിയ ശിൽപശാലയോടനുബന്ധിച്ച് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കുമ്മനം രാജശേഖരൻ.