എറണാകുളം : പോപ്പുലർ ഫ്രണ്ട് മിന്നൽ ഹർത്താലിലെ നാശനഷ്‌ടത്തിൽ നേതാക്കളുടെ കണ്ടു കെട്ടിയ സ്വത്ത് വകകൾ വിറ്റ് നഷ്‌ടപരിഹാരം ഈടാക്കാൻ ഹൈക്കോടതി ഉത്തരവ്. ക്ലെയിംസ് കമ്മിഷണർ കണക്കാക്കിയ തുകയ്‌ക്ക് ആനുപാതികമായി കണ്ട് കെട്ടിയ സ്വത്തുവകകൾ വിൽപ്പന നടത്തണം. ആറാഴ്ച്ചയ്ക്കുള്ളിൽ നടപടികൾ പൂർത്തിയാക്കാൻ സർക്കാരിന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദേശം നൽകി.
ക്ലെയിംസ് കമ്മിഷണർ കണക്കാക്കിയ 3.94 കോടിയ്ക്ക് അനുസൃതമായ സ്വത്തുക്കളാണ് വിൽപ്പന നടത്തേണ്ടത്. കണ്ടു കെട്ടിയവയിൽ പിഎഫ്‌ഐയുടെ സ്വത്തുവകകൾ, ദേശീയ സംസ്ഥാന - ജില്ലാ - പ്രാദേശിക നേതാക്കളുടെ സ്വത്തുവകകൾ എന്നിങ്ങനെ തരം തിരിക്കണം. പോപ്പുലർ ഫ്രണ്ടിന്‍റേതായ സ്വത്തുക്കൾ ആദ്യവും, പിന്നീട് നേതാക്കളുടെ സ്വത്തുക്കൾ എന്നിവയും വിറ്റ് നഷ്‌ടപരിഹാരം ഈടാക്കണം.
നഷ്‌ട പരിഹാരത്തുക ഈടാക്കി മിച്ചം വരുന്ന സ്വത്തുവകകളുടെ കണ്ടു കെട്ടൽ നടപടി പിൻവലിക്കാനും ഹൈക്കോടതി നിർദേശിച്ചു. കെഎസ്‌ആർടിസിയ്ക്ക് 2.42 കോടി രൂപ ഈടാക്കി നൽകണമെന്ന് ക്ലെയിംസ് കമ്മിഷണർ നേരത്തെ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഹൈക്കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിലായിരുന്നു ക്ലെയിംസ് കമ്മിഷണറെ നിയോഗിച്ച് നഷ്‌ടപരിഹാരത്തുക നിശ്ചയിച്ചത്. തുക പിഎഫ്ഐയുടെയും നേതാക്കളുടെയും സ്വത്ത് വകകളിൽ നിന്നും ഈടാക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്.
Also Read: സിദ്ധാർഥന്‍റെ മരണം: 19 വിദ്യാർഥികളെ പുറത്താക്കി വെറ്ററിനറി സർവകലാശാല