കോട്ടയം: നമ്മുടെ ദേശീയതയിലും സംസ്‌കാരത്തിലും അഭിമാനം കൊള്ളണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ. മഹാസാഹിത്യകാരനും സംസ്‌കൃത പണ്ഡിതനും ഐതിഹ്യമാലയുടെ കർത്താവുമായ കവിതിലകൻ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ 170-ാം ജയന്തിയോടനുബന്ധിച്ച് കഴിഞ്ഞ ദിവസം കോട്ടയത്ത് നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഗവർണർ. കോട്ടയം നഗരത്തിൽ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ പൂർണകായ പ്രതിമ ഗവർണർ അനാച്ഛാദനം ചെയ്‌തു.
കോട്ടയം മാമ്മൻമാപ്പിള ഹാളിലാണ് 170 ജന്മദിനാഘോഷം നടന്നത്. മണ്ണിൻ്റെ കഥ പറഞ്ഞ മഹാനായിരുന്നു കൊട്ടാരത്തിൽ ശങ്കുണ്ണികയെനും ഗവർണർ പറഞ്ഞു. രാമായണവും മഹാഭാരതവും എല്ലാം ഈ നാടുമായും നമ്മുടെ സംസ്‌കാരവുമായും ബന്ധപ്പെട്ടു കിടക്കുന്നു. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ കഥകളും കവിതകളും, ലേഖനങ്ങളുമെല്ലാം സാംസ്‌കാരിക ഏകതയ്‌ക്ക് സഹായകരമായതായി ഗവർണർ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഈ സാംസ്‌കാരിക ഏകതയെ പരിപോഷിപ്പിക്കണം. സംസ്‌കാരം രൂപപ്പെടുന്നത് കുടുംബങ്ങളിൽ നിന്നും കുടുംബ ബന്ധങ്ങളിൽ നിന്നുമാണ്. വീട് താമസസ്ഥലം മാത്രമല്ല സഹവർത്തിത്വത്തിൻ്റെ ഉറവിട സ്ഥാനം കൂടിയാണ്. ഇതറിഞ്ഞ് കഥകളും കവിതകളും ശങ്കുണ്ണി രചിച്ചു. സമൂഹത്തിന് ഇന്നു വേണ്ടത് ഇതാണ്. മയക്കുമരുന്നിൻ്റെ പിടിയിൽ വീഴാതെ പുതുതലമുറയെ രക്ഷിക്കുവാൻ കവിതയും കലയും ഉപയോഗപ്പെടുത്തണം.
സർക്കാരും ഭരണകൂടവും അവരുടെ ഉത്തരവാദിത്വങ്ങൾ നിർവ്വഹിക്കുമ്പോൾ നാം നമ്മുടെ കടമകൾ നിറവേറ്റണം. മഹത്തുക്കൾ നമുക്കു നല്‍കിയ സംഭാവനകൾ ഉൾക്കൊണ്ട് ജീവിക്കാൻ കഴിയണം. നമ്മുടെ സംസ്‌കാരത്തിൽ നാം അഭിമാനം കൊള്ളണം. അത് ദേശീയതയാണ്. അതിലാണ് നൂറ്റാണ്ടുകളായി നമ്മുടെ രാജ്യം നിലകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.
മലങ്കര ഓർത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ ചടങ്ങില്‍ അധ്യക്ഷനായി. മുൻ എംപി സുരേഷ് കുറുപ്പ്, മലയാള മനോരമ മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു, അഡ്വ. ഫ്രാൻസിസ് ജോർജ്ജ് എംപി, എം ജി യൂണിവേഴ്‌സിറ്റി വിസി ഡോ. സി പി അരവിന്ദകുമാർ, ശങ്കുണ്ണി സ്‌മാരക ട്രസ്റ്റ് സെക്രട്ടി വി ശശിധര ശർമ്മ എന്നിവർ പ്രസംഗിച്ചു.