കാസർകോട്: മനുഷ്യ - മൃഗ സംഘർഷത്താൽ പൊറുതിമുട്ടുകയാണ് നമ്മുടെ സംസ്ഥാനം. ഓരോ ദിവസവും അപ്രതീക്ഷിതമായ ആക്രമണമാണ് വനാതിർത്തിയിലുള്ളവർ നേരിടേണ്ടി വരുന്നത്. ഇക്കൂട്ടത്തിൽ ഏറ്റവും അവസാനത്തേത് പാലക്കാട് മുണ്ടൂർ അലൻ്റേതാണ്. അലൻ്റെ അമ്മ ഗുരുതര പരിക്കുകളോടെ ഇപ്പോഴും ആശുപത്രിയിലാണ്. ഏപ്രിൽ ആറിന് വൈകിട്ടാണ് നാടിനെ ഞെട്ടിച്ച ആ ദുരന്തം കേരളം കേട്ടത്.
ഏറെ പ്രതിരോധ പ്രവർത്തനങ്ങൾ ഏർപ്പെടുത്തിയിരുന്നെങ്കിലും അതെല്ലാം വിഫലമാവുന്ന കാഴ്ചയാണ് മുണ്ടൂരിലും കണ്ടത്. ഇതിലെല്ലാം പഴികേൾക്കുന്നതാകട്ടെ വനം വകുപ്പും. അതിനാൽ ഇനിയും നമ്മുടെ നാട്ടിൽ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കരുതെന്ന വാശിയിലാണ് വനം വകുപ്പ്. അതിന് പരിഹാരമായാണ് പുതിയൊരു സെൻസർ വനം വകുപ്പ് ജീവനക്കാർ വികസിപ്പിച്ചെടുത്തിരിക്കുന്നത്.
ഇത് വിജയിക്കും തീർച്ച
വന്യമൃഗങ്ങൾ എത്തിയാൽ ആദ്യം വെളിച്ചമുണ്ടാകും, പിന്നാലെ അലാറം ഉച്ചത്തിൽ പ്രവർത്തിക്കും. ആനയും പുലിയും ഉൾപ്പടെയുള്ള വന്യ മൃഗങ്ങൾ തിരിഞ്ഞോടും. ജീവികളുടെ അനക്കം കണ്ടാൽ വലിയ ശബ്ദത്തിൽ അടിക്കുന്ന അലാറം സംവിധാനം സംരക്ഷിത വനമേഖലയിൽ സ്ഥാപിക്കുകയാണ് വനം വകുപ്പ്. മൃഗങ്ങളുടെ ശരീരോഷ്മാവ് സെൻസർ ചെയ്താണ് അലാറം പ്രവർത്തിക്കുന്നത്. പുലി പതുങ്ങി വന്നാലും സെൻസർ പ്രവർത്തിക്കും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ജനവാസ മേഖലയിൽ എത്തുന്ന വന്യജീവികളെ പ്രതിരോധിക്കാനാണ് വനംവകുപ്പ് ഈ അലാറം സ്ഥാപിക്കുന്നത്. നേരത്തെ അഡൂർ പുലിപ്പറമ്പിൽ കാട്ടാനകളെ തുരത്തുന്നതിന് പരീക്ഷണാടിസ്ഥാനത്തിൽ ഇത് ഘടിപ്പിച്ചിരുന്നു. ഇത് വിജയം കണ്ടതോടെയാണ് സ്വന്തം നിലയിൽ പത്തെണ്ണം കൂടി വാങ്ങാനുള്ള തീരുമാനം. രണ്ടുമാസത്തിനുള്ളിൽ അലാറം പ്രവർത്തിച്ചു തുടങ്ങുമെന്ന് ഡിഎഫ്ഒ അഷ്റഫ് പറഞ്ഞു. തമിഴ്‌നാട്ടിൽ കൃഷിയിടത്തിലേക്കുള്ള വന്യജീവികളുടെ വരവ് പ്രതിരോധിക്കാൻ ഇവ വർഷങ്ങളായി ഉപയോഗിക്കുന്നുണ്ട്.

Also Read:- ഗ്രീഷ്മയെയും ജോളിയെയും അഴിക്കുള്ളിലാക്കിയ ശില്പ ഐപിഎസ് ഇനി സിബിഐയിൽ; നിയമനം കേന്ദ്ര ഡെപ്യൂട്ടേഷനിൽ