കാസർകോട്: വടക്കേ മലബാറില്‍ കാവും കരയും അണിഞ്ഞൊരുങ്ങുന്ന പൂക്കാലമാണിത്. പൂരോത്സവത്തിന്‍റെ കാലം. പൂരം എന്ന് കേൾക്കുമ്പോൾ ആനയും ചെണ്ടമേളങ്ങളുമുള്ള തൃശൂർ പൂരം പോലെയുള്ള പൂരം ആണെന്ന് കരുതരുത്. ഇത് കാമദേവനെ ആരാധിക്കുന്ന പൂരമാണ്. കാർത്തിക മുതൽ പൂരം വരെ ഒൻപത് നാളുകളിലായാണ് പൂരോത്സവം.
പരമേശ്വരന്‍റെ (ശിവൻ) മുക്കണ്ണിലെ എരിതീയിൽ വെന്തൊടുങ്ങിയ കാമദേവന്‍റെ തിരുപ്പിറവിയെ അനുസ്‌മരിക്കുന്ന ഉത്സവമാണിത്. വസന്തവും കാമനും സന്തത സഹചാരികളെന്ന് വിശ്വാസം. കാമന്‍റെ വരവിന് മുൻപായി വസന്തൻ വന്ന് പൂക്കാലമൊരുക്കും. ചെമ്പകപ്പൂ, അതിരാണിപ്പൂ, എരിക്കിൻപ്പൂ, കട്ടപ്പൂ, ഇലഞ്ഞിപ്പൂ, ആലോത്തിൻപ്പൂ എന്നിങ്ങനെ പലതരം പൂക്കൾ വേനൽ കാലത്തും ഉത്സവത്തിനായി വിരിഞ്ഞു നിൽക്കും.
ഇന്ന് വീടുകളിൽ അപൂർവമായേ പൂവിടാറുള്ളൂവെങ്കിലും ക്ഷേത്രങ്ങളിൽ പൂരോത്സവം പതിവ് തെറ്റാതെ നടക്കുന്നു. പൂരക്കാലത്ത് കോടി മുണ്ട് ഉടുത്ത് പെൺകുട്ടികളെ വീടിന്‍റെ പടിഞ്ഞാറു വശം കിണറിന്‍റെ അരികിൽ പൂവിടുന്നത് പതിവ് കാഴ്‌ചയാണ്. രാവിലെ ചെമ്പകപ്പൂവിടും. വൈകിട്ട് കിണ്ടിയിൽ വെള്ളം കൊടുക്കും.
പൂരം നാളിൽ മണ്ണുകൊണ്ടോ ചാണകം കൊണ്ടോ ഉണ്ടാക്കുന്ന കാമദേവനെ "കാമ ദേവ കാലത്തും നേരത്തും വരണേ" എന്ന പാട്ടു പാടികൊണ്ടാണ് മരച്ചുവട്ടിൽ കൊണ്ടാക്കുന്നത്. പൂക്കൾ കൊണ്ട് അലങ്കരിക്കും. പൂരത്തിന്‍റെ ഭാഗമായി അട ഉണ്ടാക്കുന്നതും പതിവാണ്.
കാമനെ ഉണ്ടാക്കൽ ആറാം ദിവസം മുതൽ
ചില സ്ഥലങ്ങളിൽ പൂരം നാളിൽ ആണ് കാമനെ ഉണ്ടാക്കുന്നതെങ്കിലും ആറാം ദിവസം പതിവുപോലെ രാവിലെയോ ഉച്ചയ്ക്കുശേഷമോ
ചാണകം കൊണ്ട് ചെറിയ മൂന്ന് കാമന്‍റെ രൂപങ്ങള്‍ ഉണ്ടാകുന്നതും കാണാം. രൂപം ഉണ്ടാക്കുന്നത് ഓരോരുത്തരുടെയും കലാവാസനപോലെയിരിക്കും. കുന്നിക്കുരു കൃഷ്‌ണമണിയായി മാറും.
ചാണകത്തില്‍ അല്ലെങ്കിൽ മണ്ണിൽ തീര്‍ത്ത മൂന്നു കാമനെ പ്രാര്‍ത്ഥനാപൂര്‍വം കാഞ്ഞിരത്തിന്‍റെ ഇലയിലേക്ക് അല്ലെങ്കിൽ പ്ലാവ് ഇലയിലേക്ക് പൂര കുട്ടി എടുത്തുവക്കും. ചുറ്റും കാമന് ഇഷ്‌ടമുള്ള പൂക്കള്‍ കൂടി വിതറുകയും അതിനു ചുറ്റും വലം വയ്ക്കുകയും ഉച്ചത്തില്‍ കൂവി വിളിക്കുകയും ചെയ്യും. സന്ധ്യാസമയത്ത് വിളക്ക് വച്ചതിനുശേഷം കാമനും കിണറ്റിന്‍ കരയിലെ ഇതിനോടകം വെയിലേറ്റു വാടിയ പൂക്കള്‍ക്കും വെള്ളം കൊടുക്കുന്ന ചടങ്ങ് കൂടിയുണ്ട്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഒമ്പതാം നാൾ പൂരം എത്തും. അന്ന് വലിയ മണ്‍ കാമനെ ആണ് ഒരുക്കുന്നത്. മണ്‍ കാമന്മാരും മൂന്ന് പേര്‍ വേണം. അച്ഛന്‍, അമ്മ, മകള്‍ എന്നിങ്ങനെയാണ് ആ കാമന്മാരുടെ സ്ഥാനം. പൂര കുട്ടി ഈ മണ്‍ കാമന്‍മാരെയും കാഞ്ഞിരഇലയിലേക്ക് അല്ലെങ്കിൽ പ്ലാവ് ഇലയിലേക്ക് വെക്കും. തുടർന്നു കാമന്മാര്‍ക്ക് പ്രത്യേകമായി പൂരകഞ്ഞി കൂടിയുണ്ട്. ഉപ്പില്ലാത്ത മധുരമില്ലാത്ത പച്ചരിയുടെ കഞ്ഞി കാമന് വിളമ്പും.
രാത്രിയിൽ മധുരവും ഉപ്പും ഇല്ലാത്ത അട കൂടി കാമന്‍മാര്‍ക്ക് നൽകും. പതിവുപോലെ സന്ധ്യാ സമയത്തിനുശേഷം എല്ലാവര്‍ക്കും വെള്ളം കൊടുക്കല്‍ ചടങ്ങ് നടക്കും. രാത്രി വീട്ടിലെ വലിയ മുറത്തിലേക്ക് പൂരകുട്ടിയുടെ നേതൃത്വത്തില്‍ കാമന്മാരെ എല്ലാവരെയും എടുത്തു കയറ്റും. ഇതിനോടകം വൃത്തിയാക്കി വച്ചിരിക്കുന്ന പ്ലാവ് മരത്തിനു ചുവട്ടില്‍ ഈ കാമന്മാരെ കൊണ്ടുപോയി വെക്കും.
വിളക്കും കിണ്ടിയും വച്ച് അരി വിതറി വലംവച്ച് തൊഴുതു നില്‍ക്കും. പതിവുപോലെ എല്ലാവരും കൂടി ഉച്ചത്തില്‍ കൂവി "കാമ ദേവ കാലത്തും നേരത്തും വരണേ" പാടി യാത്രയയക്കും. ഇതോടെ പൂരചടങ്ങുകള്‍ അവസാനിക്കും.
പ്രധാന ആകർഷണം പൂരക്കളി
ഒട്ടേറെ സവിശേഷതകൾ നിറഞ്ഞ വടക്കിൻ്റെ പൂരോത്സവത്തിന്‍റെ പ്രധാന ആകർഷണം പൂരക്കളിയാണ്. ഉത്തര കേരളത്തിലെ ക്ഷേത്രങ്ങളും കാവുകളും പൂരോത്സവത്തിൻ്റെ ലഹരിയിലാണ്. പൂരോത്സവം പെൺകുട്ടികളുടെ കാമദേവനെ പൂജിക്കുന്നതാണെങ്കിൽ, കളരി ചുവടുകൾ ഇഴകി ചേർന്നിരിക്കുന്ന പൂരക്കളി ആണുങ്ങളുടെ മെയ്യഭ്യാസപ്രകടനം കൂടിയാണ്.
പൂരോത്സവത്തിനും ആഴ്‌ചകൾക്ക് മുമ്പേ തന്നെ ക്ഷേത്രങ്ങളിലെല്ലാം പൂരക്കളിയും അനുബന്ധ ചടങ്ങുകളും ആരംഭിക്കും. ക്ഷേത്രങ്ങൾക്കു പുറത്തുനിർമിച്ച പന്തലുകളിലാണ് പൂരക്കളിക്ക് തുടക്കം കുറിക്കുന്നത്. പിലിക്കോട് കുണ്ടത്തിൽ തറവാട് മുറ്റത്തെ പുറത്തെ പന്തലിലാണ് കരക്കക്കാവ് വാല്യക്കാരുടെ പൂരക്കളി പരിശീലനം.
ഗണപതിപ്പാട്ട്, രാമായണം തുടങ്ങിയ വൻകളികളോടെയാണ് ആഴ്‌ചകൾ നീണ്ടുനിൽക്കുന്ന പൂരക്കളി പരിശീലനത്തിന് സമാപനമാകുന്നത്. പരിശീലനത്തിനിടെ ഉറഞ്ഞെത്തുന്ന ദേവനർത്തകർ മൊഴി പറഞ്ഞ ആചാരസ്ഥാനികരെയും പണിക്കരെയും കളിക്കാരെയും അനുഗ്രഹിക്കും.
പൂരോത്സവം നടക്കുന്ന ക്ഷേത്രങ്ങളിലും കാവുകളിലും രോഹിണി നാളിലാണ് പന്തൽക്കളിമാറൽ. അടുത്തദിവസം കഴകം കയറി ക്ഷേത്ര തിരുമുറ്റത്ത് പൂരക്കളി ആരംഭിക്കും. സവിശേഷ ദിനങ്ങളിൽ പൂരകഞ്ഞിയും ഒരുക്കും.
Also Read:കോടമഞ്ഞിൽ പുതഞ്ഞ തേയില ചെരിവുകൾ... ഈ കടുത്ത വേനലിൽ ഇങ്ങനെയൊരു കാഴ്‌ച ആയാലോ???