കാസർകോട്: കനത്ത മഴയിൽ കാഞ്ഞങ്ങാട് ദേശീയ പാതയുടെ സർവീസ് റോഡ് തകർന്നു. ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു. വാഹനങ്ങൾ വഴി തിരിച്ചു വിട്ടിരിക്കുകയാണ്. ഇന്നലെ രാത്രിയിലും ഇന്ന് രാവിലെയുമായി പെയ്‌ത മഴയിലാണ് റോഡ് തകർന്നത്.
മാവുങ്കാൽ ചെമ്മട്ടംവയൽ കല്യാണ്‍റോഡ് ഗ്യാരേജിന് സമീപം ഇന്ന് പുലര്‍ച്ചെ നാലു മണിയോടെയാണ് റോഡ് തകര്‍ന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ട വാഹന യാത്രക്കാരന്‍ ഇതുവഴി വരുന്ന വാഹനങ്ങളെ നിര്‍ത്തിച്ചത് കാരണം വൻ ദുരന്തം ഒഴിവായി.
റോഡ് തകർന്ന വിവരം അറിഞ്ഞ് ഹോസ്‌ദുര്‍ഗ് പൊലീസ് ഇന്‍സ്‌പെക്‌ടര്‍ പി അജിത് കുമാറിൻ്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തിയാണ് വാഹനങ്ങള്‍ വഴി തിരിച്ചു വിട്ടത്. ഒപ്പം റോഡിന് അരികിൽ വലിയ വാഹനങ്ങൾ താഴുന്നുമുണ്ട്. പല സ്ഥലങ്ങളിലും ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. പെരിയയിൽ കേന്ദ്ര സർവകലാശാലയ്ക്ക് അടുത്ത് കണ്ണൂരിൽനിന്ന് മംഗലാപുരത്തേക്ക് പോകുന്ന ബസ് താഴ്ന്നു. പല സ്ഥലങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. നീലേശ്വരം മുതൽ പള്ളിക്കര വരെ ദേശീയ പാതയിൽ വെള്ളക്കെട്ട് രൂക്ഷമായതായി നാട്ടുകാർ പറയുന്നു. ചെർക്കളയിലും കറന്തക്കാടും കനത്ത മഴയിൽ മരം വീണു. ആൾ അപായമില്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കഴിഞ്ഞ മെയ് 12 ന് പിലിക്കോട് മട്ടലായിയിൽ ദേശീയപാത നിർമാണ സ്ഥലത്ത് മണ്ണിടിഞ്ഞു വീണ് ഒരാൾ മരിക്കുകയും രണ്ടു പേർക്ക് പരുക്കേല്‍ക്കുകയും ചെയ്‌തിരുന്നു. അതിഥിത്തൊൊഴിലാളിയായ കൊൽക്കത്ത സ്വദേശി മുംതാജ് മീർ ( 18 വയസ് ) ആണ് മരിച്ചത്. കൊൽക്കത്ത സ്വദേശികളായ മുന്നാൽ ലസ്‌കർ (55 വയസ് ) മോഹൻ തേജർ (18 വയസ് ) എന്നിവർക്കാണ് സാരമായി പരുക്കേറ്റത്. വീരമല കുന്ന് അടക്കം ഇത്തരത്തിൽ കാസർകോട്ടെ നിരവധി കുന്നുകൾ അപകട ഭീഷണിയിലാണ്.
കൃത്യമായ മാനദണ്ഡപ്രകാരമല്ല പലയിടത്തും സർവീസ് റോഡ് പണിതതെന്ന പരാതി ഉയരുന്നുണ്ട്. നിർമാണത്തിലെ തകരാറുകളും റോഡ് തകർച്ചയ്ക്ക് കാരണമായിട്ടുണ്ടെന്നാണ് ആഷേപം.