തിരുവനന്തപുരം: ഇടതുപക്ഷ സര്‍ക്കാരിൻ്റെ ഭാഗത്തുനിന്നുള്ള പ്രതികരണം നിര്‍ഭാഗ്യകരമാണെന്നും സമരക്കാരോട് കോര്‍പ്പറേറ്റ് സിഇഒ ചമയരുതെന്നും സാഹിത്യ അക്കാദമി ചെയര്‍മാന്‍ കെ സച്ചിദാനന്ദന്‍. ഭരണ കക്ഷിയുടെ തൊഴിലാളി യൂണിയന്‍ ഭരണത്തിനെതിരെ സമരം ചെയ്യുന്ന കാലമുണ്ടായിരുന്നു. ഭരണവും സമരവുമെന്ന ഇഎംഎസിൻ്റെ വാക്കുകള്‍ ഓര്‍ക്കണം. ഭരണ കേന്ദ്രങ്ങള്‍ ഇന്ന് ആ മുദ്രാവാക്യത്തെ നിശബ്‌ദമാക്കുന്നുവെന്നും അദ്ദേഹം രൂക്ഷ വിമര്‍ശനമുന്നയിച്ചു. ആശാവര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ തുടരുന്ന സമരത്തിൻ്റെ 62-ാം ദിനം സംഘടിപ്പിച്ച പൗരസാഗരത്തില്‍ നേരിട്ട് എത്താന്‍ കഴിയാത്തതിനാല്‍ വീഡിയോ സന്ദേശമയച്ചാണ് അദ്ദേഹം പിന്തുണ അറിയിച്ചത്.
കേരളത്തിൻ്റെ പേരില്‍ നാം അഭിമാനം കൊള്ളുന്നുണ്ടെങ്കില്‍ അതില്‍ ആശമാര്‍ക്ക് വലിയ പങ്കുണ്ട്. ആശമാര്‍ സ്ത്രീകളാണെന്ന പരിഗണന പോലും സമരത്തിന് ലഭിക്കുന്നില്ല. ആശമാരുടെ ആവശ്യങ്ങളില്‍നിന്ന് ഒഴിഞ്ഞു മാറുന്നത് ഇടതുപക്ഷത്തിന് ഭൂഷണമല്ല. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ അത് ആത്മഹത്യാപരമായ നീക്കമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സമരം ചെയ്യുന്ന ആശമാര്‍ ന്യൂനപക്ഷമാണെന്ന നിലപാട് ഹിന്ദുത്വ വാദികളെ ഓര്‍മിപ്പിക്കുന്നു. മാര്‍ക്‌സിസ്‌റ്റ് പാര്‍ട്ടിയിലെ അംഗങ്ങള്‍ക്ക് ഉള്‍പ്പെടെ ആശമാരുടെ ആവശ്യം ന്യായമാണെന്ന് വ്യക്തമാണ്. വിഭാഗീയതയോടെയല്ല സമരത്തെ കാണേണ്ടത്. അവകാശം പോലും ചോദിക്കാന്‍ അവകാശമില്ലാത്ത അഭയാര്‍ഥികളാണോ ആശാവര്‍ക്കര്‍മാരെന്ന് ചോദിച്ച സച്ചിദാനന്ദന്‍ അധികാര രാഷ്ട്രീയം കൊണ്ടു മുരടിച്ചു പോയ കേരള സമൂഹത്തെ തൊഴിലാളി രാഷ്ട്രീയത്തിലേക്ക് മടക്കി കൊണ്ടു വരേണ്ട ധര്‍മം ആശാസമരത്തിനുണ്ടെന്നും പറഞ്ഞു.
പൗരസാഗരത്തില്‍ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ആശാപ്രവര്‍ത്തകരും കുടുംബങ്ങളും സെക്രട്ടേറിയറ്റിന് മുന്നിലെ സമരപന്തലില്‍ ഒത്തുകൂടി. സാംസ്‌കാരിക, സാമൂഹിക, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പൗരസാഗരത്തില്‍ പങ്കെടുക്കാനെത്തി.