ETV Bharat / state

ഹരിതോര്‍ജ മേഖലയില്‍ മികച്ച പദ്ധതി; സിയാലിന് വീണ്ടും അന്താരാഷ്‌ട്ര അംഗീകാരം

പ്രതിവർഷം 6–15 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യുന്ന എയർപോർട്ട് എന്ന വിഭാഗത്തിലാണ് അംഗീകാരം.

CIAL Airport Kochi  Cochin Airport global award  Cochin International Airport news  CIAL airport wins global award
CIAL MD S Suhas receives award from ACI President (ETV Bharat)
author img

By ETV Bharat Kerala Team

Published : April 22, 2025 at 7:39 PM IST

1 Min Read
Choose ETV Bharat

എറണാകുളം: ലോകത്തിലെ ആദ്യത്തെ സമ്പൂർണ സൗരോർജ വിമാനത്താവളമായ സിയാലിന് ഹരിതോർജ മേഖലയിൽ വീണ്ടും അന്താരാഷ്ട്ര അംഗീകാരം. ഹരിതോർജ ഉത്‌പാദന മേഖലയിൽ ഏർപ്പെടുത്തിയ പരീക്ഷണമാണ് സിയാലിന് അന്താരാഷ്ട്ര അംഗീകാരം നേടിക്കൊടുത്തത്. പയ്യന്നൂർ സൗരോർജ പദ്ധതിയിൽ പരീക്ഷിച്ച സാങ്കേതിക സംവിധാനത്തിനാണ് സിയാലിന് എയർപോർട്ട് കൗൺസിൽ ഇന്‍റർനാഷണൽ (എസിഐ) അംഗീകാരം ലഭിച്ചത്.

പ്രതിവർഷം 6–15 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യുന്ന എയർപോർട്ട് എന്ന വിഭാഗത്തിലാണ് ഈ അംഗീകാരം. 2024ൽ എയർപോർട്ട് കൗൺസിൽ ഇന്‍റർനാഷണൽ കണ്ടെത്തിയ മികച്ച പദ്ധതികളിൽ ഒന്നാണ് സിയാലിന്‍റെ പയ്യന്നൂർ സൗരോർജ പദ്ധതിയെന്ന്‌ എസിഐ അഭിപ്രായപ്പെട്ടു. ന്യൂഡൽഹിയിൽ സംഘടിപ്പിച്ച ചടങ്ങിൽ എസിഐ പ്രസിഡന്‍റ് എസ്‌ജികെ കിഷോറിൽ നിന്ന് സിയാൽ മാനേജിങ് ഡയറക്‌ടർ എസ്.സുഹാസ് അവാർഡ് സ്വീകരിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

രാജ്യത്ത് അധികം പരീക്ഷിക്കപ്പെട്ടിട്ടില്ലാത്ത ഭൗമ ഘടനാനുസൃത സോളാർ പ്ലാന്‍റ്‌ ആണ് പയ്യന്നൂരിലേത്. ഭൂമിയുടെ ഘടനയ്ക്ക് അനുസൃതമായി സ്ഥാപിക്കുന്ന ഇത്തരം പ്ലാന്‍റുകൾക്ക് നിരപാർന്ന സ്ഥലത്തുള്ള പ്ലാന്‍റുകളെക്കാൾ 35 ശതമാനത്തില്‍ അധികം പാനലുകളെ ഉൾക്കൊള്ളാൻ കഴിയും. ഇതിനായി ഭൂമിയുടെ ചരിവ് നികത്തേണ്ടതില്ല.

പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ വിമാനത്താവളമായ സിയാൽ, ഹരിതോർജ ഉത്‌പാദന മേഖലയിൽ നിരന്തരം വികസനങ്ങൾ കൈവരിച്ച് കൊണ്ടിരിക്കുകയാണ്. അതിന്‍റെ ഭാഗമായി വിഭിന്നങ്ങളായ നിരവധി ഹരിതോർജ ഉത്‌പാദന സംരംഭങ്ങൾക്കാണ് സിയാൽ തയ്യാറെടുക്കുന്നത്.

സിയാലിന്‍റെ മൊത്തം സ്ഥാപിതശേഷി 50 മെഗാവാട്ട് ആണ്. ആവാസ വ്യവസ്ഥക്ക് കരുതൽ പകർന്ന് കൊണ്ടുള്ള ഇത്തരം വികസന പദ്ധതികൾ മറ്റ് ഊർജ്ജ ഉത്പാദകർക്ക് മാതൃകയാകുമെന്ന് വിശ്വസിക്കുന്നതായി സിയാൽ മാനേജിങ് ഡയറക്‌ടർ എസ്.സുഹാസ് പറഞ്ഞു.

Also Read: ഹൈക്കോടതിയിൽ ബോംബ് ഭീഷണി; സന്ദേശമെത്തിയത് മദ്രാസ് ടൈഗേഴ്‌സിൻ്റെ പേരിൽ