തിരുവനന്തപുരം: പലസ്‌തീനുമായി സംഘര്‍ഷം തുടരുന്നതിനിടെ ലോകത്തെ മുഴുവന്‍ ഞെട്ടിച്ചു കൊണ്ടായിരുന്നു ഇസ്രയേല്‍ ഇറാനെതിരെ പരസ്യമായ സൈനിക നീക്കങ്ങള്‍ ആരംഭിച്ചത്. ഇസ്രയേലിൻ്റെ പുതിയ നീക്കം പശ്ചിമേഷ്യയെ ആകെ നാശം വിതയ്ക്കുന്ന യുദ്ധഭീകരതകളിലേക്ക് തള്ളിവിടുമോയെന്ന ആശങ്കയിലാണ് ലോകം. ലോക വ്യാപാര ശ്യംഖലയിലാക്കെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്‌ടിക്കാന്‍ തരത്തിലേക്ക് നിലവിലെ സംഘര്‍ഷ സാഹചര്യങ്ങള്‍ വളര്‍ന്നാല്‍ ഇന്ത്യയുടെ വാണിജ്യ - പ്രതിരോധ താത്പര്യങ്ങള്‍ക്കാകും ആദ്യം തിരിച്ചടി നേരിടുകയെന്ന് വ്യക്തമാക്കുകയാണ് കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയിലെ ഇൻ്റര്‍നാഷണല്‍ റിലേഷന്‍സ് വിഭാഗം തലവന്‍ ഡോ.ആര്‍ സുരേഷ്.
ഇറാനിലെ ചബാര്‍ തുറമുഖം ഇന്ത്യയ്ക്ക് വളരെ പ്രധാനപ്പെട്ടതാണ്. യുറോപ്പിലേക്ക് ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ വ്യാപാര ബന്ധങ്ങള്‍ക്ക് നിര്‍ണായക പങ്കു വഹിക്കുന്നത് ചബാര്‍ തുറമുഖമാണ്. അതുകൊണ്ടുതന്നെ ഇറാനുമായുള്ള സൗഹൃദ ബന്ധം ഇന്ത്യയുടെ വ്യാപാര-വാണിജ്യ ബന്ധങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ടതാണ്. അതുപോലെതന്നെയാണ് ഇസ്രയേലുമായുള്ള പ്രതിരോധ ബന്ധങ്ങളും. നിരവധി ഇസ്രയേല്‍ പ്രതിരോധ സാങ്കേതിക സംവിധാനങ്ങള്‍ ഇന്ത്യ ഉപയോഗിക്കുന്നുണ്ട്. ഇരുരാജ്യങ്ങളെുമായും സൗഹൃദം നിലനിര്‍ത്തേണ്ടത് ഇന്ത്യയ്ക്ക് അത്യാവശ്യമാണ്. അതു കൊണ്ടു തന്നെ നേരിട്ട് മധ്യസ്‌തനാകാന്‍ ഇറങ്ങിയില്ലെങ്കിലും പശ്ചിമേഷ്യയിലെ നിലവിലെ സംഘര്‍ഷ സാഹചര്യം മൂര്‍ച്‌ഛിക്കാതിരിക്കാനുള്ള എല്ലാ ശ്രമങ്ങളും ഇന്ത്യയുടെ ഭാഗത്തു നിന്നുമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഡോ.ആര്‍ സുരേഷ് ഇ ടി വി ഭാരതിനോട് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പശ്ചിമേഷ്യയില്‍ ഒരു ആണവ ശക്തി വന്നു കഴിഞ്ഞാല്‍ അതു വലിയ ഭീഷണിയായി ഇസ്രയേല്‍ കണക്കാകും. അമേരിക്കയിലെ ഇപ്പോഴത്തെ പ്രസിഡൻ്റ് ഇസ്രയേലിൻ്റെ ആക്രമണത്തെ പ്രശംസിക്കുകയാണ്. എന്നാല്‍ സംഘര്‍ഷം നീണ്ടു പോകാനുള്ള സാധ്യത കുറവാണ്. മിക്ക അറേബ്യന്‍ രാജ്യങ്ങളുടെയും പിന്തുണ അമേരിക്കയ്ക്കുണ്ട്. അതുകൊണ്ടുതന്നെ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കാന്‍ അമേരിക്ക ശ്രമിക്കില്ല. അമേരിക്കയുടെ താത്പര്യമനുസരിച്ചേ ഇസ്രയേല്‍ പ്രവര്‍ത്തിക്കു.
ഇറാനെ സമ്മര്‍ദത്തിലാക്കി ഇറാന്‍ - അമേരിക്ക ആണവകരാറിന് കളമൊരുക്കാനുള്ള സാധ്യതയും കൂടുതലാണ്. അങ്ങനൊരു സാഹചര്യമുണ്ടായാല്‍ ഇസ്രയേലിന് ഒരേ സമയം സ്വന്തം താത്പര്യവും അമേരിക്കയുടെ താത്പര്യവും സംരക്ഷിക്കാനാകും. ലോക വ്യവസായത്തില്‍തന്നെ പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ നിര്‍ണായക പങ്കു വഹിക്കുന്നുണ്ട്. അവിടൊരു നീണ്ട യുദ്ധസാഹചര്യമുണ്ടായി കഴിഞ്ഞാല്‍ ലോക രാജ്യങ്ങളുടെയെല്ലാം സമ്പദ് വ്യവസ്ഥയെ അതു ബാധിക്കും. ഇസ്രയേല്‍ പലസ്‌തീന്‍ സംഘര്‍ഷത്തില്‍തന്നെ പല പ്രശ്‌നങ്ങളും അന്താരാഷ്ട്ര സമൂഹം അനുഭവിക്കുന്നുണ്ട്. ആ ഒരു സാഹചര്യമുള്ളതിനാല്‍ ഒരു കാലത്തും സംഘര്‍ഷം വലിയൊരു യുദ്ധമായി മാറുമെന്ന് കരുതാനാകില്ലെന്നും ഡോ.ആര്‍ സുരേഷ് വിശദീകരിച്ചു.
Also Read: ഇന്ത്യയുടെ ഭൂപടം തെറ്റായി ചിത്രീകരിച്ചതിൽ ഇസ്രയേൽ സൈന്യം ക്ഷമാപണം നടത്തി