എറണാകുളം: അഞ്ചാമത് ദേശീയ മറൈൻ ഫിഷറീസ് സെൻസസ് നവംബർ-ഡിസംബർ മാസങ്ങളിൽ നടക്കും. മൊബൈൽ ആപ്പുകൾ ഉപയോഗിച്ച് പൂർണമായും ഡിജിറ്റലായാണ് ഇത്തവണ സെൻസസ് വിവരങ്ങൾ രേഖപ്പെടുത്തുക. ഇതിൻ്റെ ഭാഗമായി രാജ്യത്തെ 12 ലക്ഷം മത്സ്യത്തൊഴിലാളി വീടുകളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കും.
എന്താണ് മറൈൻ ഫിഷറീസ് സെൻസസ്
മത്സ്യത്തൊഴിലാളികളുടെ ഉപജീവനം, സാമൂഹിക സാമ്പത്തിക നിലവാരം, മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ എന്നീ വിവരങ്ങൾ തേടുകയാണ് മറൈൻ ഫിഷറീസ് സെൻസസിലൂടെ ചെയ്യുക. മത്സ്യത്തൊഴിലാളി വിഭാഗത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട എന്യൂമറേറ്റർമാർ ഒമ്പത് തീരദേശ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും എല്ലാ സമുദ്ര മത്സ്യത്തൊഴിലാളികളുടെയും വീടുകളിൽ നിന്ന് വിവരശേഖരണം നടത്തുന്ന വിപുലമായ പ്രക്രിയയാണ് മറൈൻ ഫിഷറീസ് സെൻസസ്.
ശേഖരിക്കുന്ന വിവരങ്ങൾ
ജനസംഖ്യ-ഉപജീവന വിവരങ്ങൾക്ക് പുറമെ, മത്സ്യബന്ധന യാനങ്ങൾ, അനുബന്ധ ഉപകരണങ്ങൾ, ഹാർബറുകൾ, ലാൻഡിംഗ് സെൻ്ററുകൾ, സംസ്‌കരണ യൂണിറ്റുകൾ, കോൾഡ് സ്റ്റോറേജ് സൗകര്യങ്ങൾ എന്നീ വിവരങ്ങളും ശേഖരിക്കും. സാമ്പത്തിക ചിലവ് ഉൾപ്പെടെ സെൻസസിന് നേതൃത്വവും നൽകുന്നത് ഫിഷറീസ് മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്ര ഫിഷറീസ് വകുപ്പാണ്. തീരദേശ സംസ്ഥാനങ്ങളിൽ സെൻസസിൻ്റെ മുഖ്യ ചുമതല കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനമായ സിഎംഎഫ്ആർഐക്കാണ്. ദ്വീപ് മേഖലകൾ ഉൾപ്പെടെയുള്ള കേന്ദ്ര ഭരണപ്രദേശങ്ങളിൽ ഫിഷറീസ് സർവേ ഓഫ് ഇന്ത്യ (എഫ് എസ് ഐ)ക്കാണ് ചുമതല.
സെൻസസിനായി ഉപയോഗിക്കുന്നത് മൊബൈൽ ആപ്പ്
സെൻസസിൻ്റെ തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിനായി നടത്തിയ ഉന്നതതല യോഗത്തിൽ കേന്ദ്ര ഫിഷറീസ് വകുപ്പ് ജോയിൻ്റ് സെക്രട്ടറി നീതു കുമാരി പ്രസാദ് അധ്യക്ഷത വഹിച്ചു. മുൻവർഷങ്ങളെ അപേക്ഷിച്ച് മൊബൈൽ ആപ്പ് ഉപയോഗിച്ച് പൂർണമായും ഡിജിറ്റൽ രീതിയിലായിരിക്കും വിവരശേഖരണമെന്ന് അവർ പറഞ്ഞു. സമുദ്രമത്സ്യ മേഖലയിലെ പദ്ധതി ആസൂത്രണങ്ങൾക്കും ക്ഷേമ പദ്ധതികൾ ആവിഷ്‌കരിക്കുന്നതിനും സുസ്ഥിര വിഭവപരിപാലനത്തിനും സെൻസസ് നിർണായകമാണെന്ന് സിഎംഎഫ്ആർഐ ഡയറക്ടറും സെൻസസിൻ്റെ ദേശീയ കോർഡിനേറ്ററുമായ ഡോ ഗ്രിൻസൺ ജോർജ് പറഞ്ഞു.
ഏകോപനവും സഹകരണവും അനിവാര്യം
സെൻസസിൻ്റെ പൂർണവിജയത്തിന് വിവിധ ഏജൻസികളും സംസ്ഥാന സർക്കാറുകളും തമ്മിൽ ഏകോപനവും സഹകരണവും ആവശ്യമാണെന്ന് യോഗം വിലയിരുത്തി. മത്സ്യഗ്രാമങ്ങളുടെ പട്ടികയ്ക്ക് അന്തിമരൂപം നൽകുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ വിവിധ സംസ്ഥാനങ്ങളിലെ ഫിഷറീസ് വകുപ്പുകൾ സഹകരണം വാഗ്ധാനം ചെയ്തു. പ്രാദേശിക, സംസ്ഥാന, ജില്ലാ തല കോർഡിനേറ്റർമാരുടെ മേൽനോട്ടത്തിൽ സമുദ്ര മത്സ്യബന്ധന ഗ്രാമങ്ങളിൽ നിന്നുള്ള എന്യൂമറേറ്റർമാരെ ഉൾപ്പെടുത്തിയുള്ള ഡേറ്റ ശേഖരണത്തിന്റെ രീതികൾ യോഗം ചർച്ച ചെയ്തു.
സെൻസസിൻ്റെ പ്രാരംഭ നടപടികളെ കുറിച്ചും സമയക്രമത്തെ കുറിച്ചുമുള്ള വിവരങ്ങൾ സിഎംഎഫ്ആർഐ വകുപ്പ് മേധാവിയും സെൻസസ് പ്രോജക്ട് ലീഡറുമായ ഡോ ജെ ജയശങ്കർ അവതരിപ്പിച്ചു. കേന്ദ്ര ഫിഷറീസ് വകുപ്പിനെ പ്രതിനിധീകരിച്ച് ഫിഷറീസ് വികസന കമ്മീഷണർ ഡോ കെ മുഹമ്മദ് കോയ, ഡെപ്യൂട്ടി കമ്മീഷണർ ഡോ സഞ്ജയർ പാണ്ഡെ, ജോയിന്റ് ഡയരക്ടർ മനീഷ് ബിൻഡൽ എന്നിവർ സംസാരിച്ചു. കേന്ദ്ര-സംസ്ഥാന ഫിഷറീസ് വകുപ്പ്, സിഎംഎഫ്ആർഐ, എഫ് എസ് ഐ ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരും യോഗത്തിൽ പങ്കെടുത്തു.