മലപ്പുറം: എംഎസ്‌പി പരേഡ് ഗ്രൗണ്ടില്‍ പരേഡുകള്‍ക്ക് പഞ്ഞമുണ്ടാകാറില്ല. പക്ഷേ വെള്ളിയാഴ്‌ച (ഏപ്രില്‍ 25 ന്) നടന്ന പരേഡ് അല്‍പ്പം വേറിട്ടതായിരുന്നു. 19 വര്‍ഷത്തോളം തങ്ങളോടൊപ്പമുണ്ടായിരുന്ന ഇന്ത്യന്‍ ഫുട്ബോളിന്‍റെ എന്നത്തേയും സൂപ്പര്‍ ഹീറോ ഐഎം വിജയനുള്ള ആദരമർപ്പിച്ചു കൊണ്ടുള്ള ഫെയര്‍വെല്‍ പരേഡായിരുന്നു അത്. എംഎസ്‌പിയിലെ വിവിധ ബറ്റാലിയനുകള്‍ തങ്ങളുടെ പ്രിയപ്പെട്ട അസിസ്റ്റന്‍റ് കമാണ്ടന്‍റിന് അഭിവാദ്യമര്‍പ്പിച്ച് മാര്‍ച്ച് ചെയ്‌തു.
കേരളാ പൊലീസിന്‍റെ ഭാഗമെങ്കിലും അപൂര്‍വ്വമായി മാത്രം യൂണിഫോമണിയാറുള്ള ഐഎം വിജയനും ഫേര്‍വെല്‍ പരേഡിന് കാക്കിയണിഞ്ഞെത്തി. സ്നേഹം പങ്കിടാന്‍ പൊലീസ് സര്‍വീസിലുണ്ടായിരുന്ന ബോഡി ബില്‍ഡറും സിനിമാ താരവുമായ അബു സലീമും എത്തിയിരുന്നു. പരേഡ് കഴിഞ്ഞപ്പോള്‍ സഹപ്രവര്‍ത്തകരില്‍ ചിലര്‍ കേക്കുമായെത്തിയത്. ജന്മദിനത്തിലാണ് വിരമിക്കുന്നതെന്ന് വിജയന്‍ തന്നെ വെളിപ്പെടുത്തി.
പിന്നെ വിജയന്‍റെ വിടവാങ്ങല്‍ കേക്ക് മുറിച്ച് എംഎസ്‌പിയില്‍ ആഘോഷിച്ചു. വെള്ളിയാഴ്‌ച പരേഡും ബര്‍ത്ത് ഡേയും റിട്ടയര്‍മെന്‍റും ഒരുമിച്ചു വന്നതില്‍ സന്തോഷമുണ്ടെന്ന് ഐഎം വിജയന്‍ പറഞ്ഞു. ഫുട്ബോളിൻ്റെ ഈറ്റില്ലമായ മലപ്പുറത്ത് ആണ് അവസാനഘട്ടത്തിലെ സേവനമെന്നത് തന്നെ സംബന്ധിച്ച് മഹാഭാഗ്യം ആണെന്ന് ഐ എം വിജയൻ പറഞ്ഞു. റിട്ടയര്‍മെന്‍റിനു ശേഷം മികച്ച ഒരു ഫുട്ബോള്‍ അക്കാദമി തുടങ്ങുകയാണ് ലക്ഷ്യമെന്ന് വിജയന്‍ പറഞ്ഞു. സര്‍ക്കാര്‍ കൂടി സഹകരിച്ചാല്‍ ഉടന്‍ അക്കാദമി യാഥാര്‍ഥ്യമാകുമെന്നും ഐ എം വിജയന്‍ സൂചിപ്പിച്ചു.
38 വർഷം നീണ്ട സർവീസിനൊടുവിലാണ് ഐ എം വിജയൻ കേരള പൊലീസിൽ നിന്ന് പടിയിറങ്ങുന്നത്. സര്‍വീസില്‍ 19 വര്‍ഷവും മലപ്പുറം എംഎസ്‌പിയിലായിരുന്നു ഐഎം വിജയന്‍. പൊലീസിലെ കായിക താരങ്ങളുടെ സംഗമ വേദി കൂടിയായ എം എസ്‌പി മൈതാനത്ത് വിജയനുള്ള ആദരവായി പരേഡ് നൽകി. വിജയൻ്റെ 56 പിറന്നാൾ ദിവസമായിരുന്നു ഈ ഫെയർവെൽ പരേഡ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇന്ത്യൻ ഫുട്ബോളിൽ ചരിത്രം കുറിച്ച താരമാണ് ഐ എം വിജയൻ. അതിനുമപ്പുറം കാൽപന്തുകളിയെ നെഞ്ചേറ്റിയ മലയാളികളുടെ പ്രിയപ്പെട്ട കേരള പൊലീസ് താരം കൂടിയായിരുന്നു. 1987 ഏപ്രിൽ 25ന് ഹവിൽദാർ ആയിട്ടായിരുന്നു ഐ എം വിജയൻ കേരള പൊലീസിൻ്റെ ഭാഗമായത്. വർഷങ്ങൾ നീണ്ട ഫുട്ബോൾ കരിയറിൻ്റെ ഭാഗമായി പലപ്പോഴും കേരള പൊലീസ് വിട്ടുപോയ ഐഎം വിജയൻ 2011ൽ
എഎസ്‌ഐ ആയാണ് സർവീസിൽ തിരികെ എത്തിയത്. 2012ൽ എപിഐ ആയി സ്ഥാന കയറ്റം. 2021ൽ അസിസ്റ്റൻ്റ് കമാൻഡൻ്റ് , എംഎസ്‌പി ഫുട്ബോൾ അക്കാദമിയുടെ ഡയറക്‌ടർ തുടങ്ങി സേനയുടെ ഭാഗമായി കൂടുതൽ അംഗീകാരങ്ങൾ വിജയനെ തേടിയെത്തി. ഈ മാസം 30ന് സേനയിൽ നിന്ന് വിരമിക്കുന്ന വിജയന് എം എസ് പിയിൽ ആദരസൂചകമായിട്ടായിരുന്നു ഫെയർവെൽ പരേഡ്.
കേരള പൊലീസിൽനിന്ന് വിരമിച്ച പഴയകാല ഫുട്ബോൾ താരങ്ങളുടെ നേതൃത്വത്തിൽ 28ന് വൈകിട്ട് നാലിന് മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിലും യാത്രയയപ്പുണ്ട്. ഐ എം വിജയൻ ഉൾപ്പെടുന്ന പഴയകാല കേരള പൊലീസ് ടീമും മലപ്പുറം വെറ്ററൻസ് ഫുട്ബോൾ അസോസിയേഷൻ ടീമും തമ്മിൽ ഫുട്ബോൾ മത്സരവും നടക്കും.