ഇടുക്കി: മതസൗഹാര്‍ദത്തിന് എന്നും മാതൃക തീര്‍ക്കുന്ന സംസ്ഥാനമാണ് കേരളം. "മതമേതായാലും മനുഷ്യൻ നന്നായാല്‍ മതി" എന്ന ശ്രീനാരായണ ഗുരുവിന്‍റെ സന്ദേശം മുറുകെ പിടിക്കുന്നവരാണ് മലയാളികള്‍. പെരുന്നാള്‍ ആയാലും ഓണമായാലും ക്രിസ്‌മസായാലും ഒന്നിച്ചു ആഘോഷിക്കുന്നവര്‍... ഇക്കഴിഞ്ഞ പൊങ്കലിന് മുസ്‌ലിം പള്ളികളും ക്രൈസ്‌തവ പള്ളികളുമൊക്കെ തുറന്നുകൊടുത്ത് മതസൗഹാര്‍ദം മലയാളികള്‍ ഊട്ടിയിറപ്പിച്ചിരുന്നു.
ഇപ്പോള്‍ ഇടുക്കിയില്‍ നിന്നും മതസൗഹാര്‍ദത്തിന്‍റെ മറ്റൊരു ഉത്തമ മാതൃക തീര്‍ത്തിരിക്കുകയാണ് മോഹനനെന്ന വ്യക്തി. ക്രൈസ്‌തവ വിശ്വാസികളുടെ ഓശാന ഞായറിനായി മുഴുവൻ കുരുത്തോലകളും എത്തിച്ചാണ് ഹിന്ദുമത വിശ്വാസിയായ മോഹനൻ മതഐക്യത്തിന് മികച്ച മാതൃക നല്‍കിയത്.
രാജാക്കാട് ക്രിസ്‌തുരാജ ഫോറോന ദേവാലയത്തിൽ ഓശാന ദിനത്തിൽ ആവശ്യമായ മുഴുവൻ കുരുത്തോലകളുമാണ് ഓണംപാറയിൽ മോഹനൻ എത്തിച്ചത്. കഴിഞ്ഞ എട്ട് വർഷമായി രാജാക്കാക്കാട്ടുർ ഓശാന തിരുനാളിന്‍റെ സന്ദേശം പങ്കുവയ്ക്കുന്നത് മോഹനൻ ദേവാലയത്തിൽ എത്തിക്കുന്ന കുരുത്തോലകൾ കൈകളിലേന്തിയാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വർഷങ്ങൾക്ക് മുമ്പ് ഹൈറേഞ്ചിൽ തെങ്ങുകൾക്ക് വിവിധ രോഗം ബാധിച്ചപ്പോൾ കുരുത്തോല ശേഖരണം പ്രതിസന്ധിയിൽ ആയി. ഇത് മനസിലാക്കിയ മോഹനൻ തന്‍റെ പുരയിടത്തിലെ 23 തെങ്ങുകളിൽ നിന്ന് ഓല ശേഖരിച്ച് പള്ളിയിൽ എത്തിക്കുകയായിരുന്നു. എട്ട് വർഷമായി ഇത് തുടരുന്നുണ്ട്.
ആയിരത്തിലധികം കുടുംബങ്ങൾ ഉള്ള ഇടവക ദേവാലയത്തിൽ, 5000 ലധികം ഓലകളാണ് ഓശാന ദിനം ആവശ്യമായി വരിക. ടൗൺ ദേവാലയം ആയതിനാൽ സമീപ ഇടവകകളിൽ നിന്നും വിശ്വാസികൾ എത്തും. ഓശാന ദിനത്തിന് മുന്നോടിയായി, ശനിയാഴ്‌ച തന്നെ, മോഹനൻ ഓലകൾ വെട്ടി ഒരുക്കി ദേവാലയത്തിൽ എത്തിക്കും.
മത സൗഹാർദത്തിന്‍റെ ഉത്തമ മാതൃകയാണ് മോഹനൻ എന്ന് ഇടവക വികാരി ഫാ മാത്യു കരോട്ട് കൊച്ചറയ്ക്കൽ പറഞ്ഞു. രാജക്കാട്ടിൽ ബാർബർഷോപ്പ് നടത്തുന്ന മോഹനൻ, സമീപ ഇടവകയായ ജോസ്‌ഗിരി ദേവാലയത്തിലേക്കും ആവശ്യമായ കുരുത്തോലകൾ നൽകുന്നുണ്ട്.
ഓരോ ക്രൈസ്‌തവ ഭവനത്തിലും വളരെ പവിത്രതയോടെയാണ് വിശ്വാസികള്‍ ഈ കുരുത്തോല സൂക്ഷിച്ച് വയ്ക്കുന്നത്. അടുത്ത വര്‍ഷത്തെ വിശുദ്ധ വാരം വരെ സൂക്ഷിച്ചു വയ്ക്കാനുള്ളതാണ് അവര്‍ക്ക് ഈ കുരുത്തോല. നോമ്പിന് പ്രാരംഭം കുറിച്ചു കൊണ്ടുള്ള കുരിശുവരപ്പെരുന്നാളിന് ഈ കുരുത്തോല കത്തിച്ചുള്ള ചാരം കൊണ്ട് നെറ്റിയില്‍ കുരിശു വരയ്ക്കുന്ന പതിവും ക്രൈസ്‌തവര്‍ക്കിടയിലുണ്ട്. ഓശാന ദിനത്തിൽ കുരുത്തോലകളുമായി ഇടുക്കി രാജാക്കാട്ടുകാർ നഗരം വലംവയ്ക്കുമ്പോള്‍ പങ്കുവയ്ക്കുന്നത് മത സൗഹാർദത്തിന്‍റെ സന്ദേശം കൂടിയാണ്.
ഓശാന ഞായര്‍
ഈസ്റ്ററിനു മുൻപുള്ള ഞായറാഴ്‌ചയാണ് ഓശാന ഞായർ അഥവാ കുരുത്തോലപ്പെരുന്നാൾ എന്നും അറിയപ്പെടുന്നു. യേശു ക്രിസ്‌തുവിന്‍റെ ജറുസലേം നഗരപ്രവേശനത്തെ അനുസ്‌മരിപ്പിക്കുന്നതാണ് ഓശാന പെരുന്നാൾ. പെരുന്നാൾ ആഘോഷത്തിന്‍റെ ഭാഗമായി വിവിധ ക്രിസ്‌ത്യൻ പള്ളികളിൽ യാമപ്രാർഥനകൾ, കുരുത്തോല പ്രദക്ഷിണം, കുരുത്തോല വാഴ്‌വിന്‍റെ ശുശ്രൂഷകൾ, വിശുദ്ധകുർബാന, വചന പ്രഘോഷണം എന്നിവ സംഘടിപ്പിക്കുന്നു. ഓശാന ഞായറോട് കൂടി ക്രൈസ്‌തവ സഭകൾ വിശുദ്ധ വാരത്തിലേക്ക് കടക്കുന്നു.