ഇടുക്കി: ജീവിത സായാഹ്നത്തില്‍ ഒറ്റപ്പെട്ട വയോധികര്‍ക്ക് വെളിച്ചമാവുകയാണ് ഇടുക്കി രാജകുമാരി കുരുവിളാസിറ്റി സ്വദേശിനിയായ ബിജി ബെന്നി. 40 വയോധികരുടെ പ്രിയപ്പെട്ട മകളും സഹോദരിയും സുഹൃത്തും ഒക്കെയാണ് ഇന്നിവര്‍. ആരോരുമില്ലാതെ ഒറ്റപ്പെട്ടു പോകുന്നവര്‍ക്കായി ജീവിതം ഉഴിഞ്ഞുവച്ച, വീട്ടമ്മയുടെ വിശേഷങ്ങളാണ് ഇത്.
1999 സെപ്റ്റംബറിലാണ്, ബിജി ബെന്നിയുടെ ജീവിതം മാറ്റി മറിച്ച സംഭവം നടക്കുന്നത്. രാജകുമാരിയ്ക്കടുത്തുള്ള കടുക്കാ സിറ്റിയിലെ ഒരു കടയുടെ മുന്‍പില്‍ അവശനിലയില്‍ കിടക്കുകയായിരുന്ന ചോതി കുട്ടപ്പന്‍ എന്ന വയോധികനെ, ബിജിയുടെ ഭര്‍ത്താവ് ഫാ. ബെന്നി ഉലഹന്നാന്‍ വീട്ടിലേയ്ക്ക് കൂട്ടികൊണ്ടു വരികയായിരുന്നു. ചോതി കുട്ടപ്പനെ, സ്വന്തം പിതാവിനെ പോലെ ബിജി സ്വീകരിച്ചു, പരിചരിച്ചു. നിരവധി പേരെ ചേര്‍ത്തു പിടിയ്ക്കാന്‍ ആ സംഭവം ഇടയാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തുടര്‍ന്ന്, ഫാ. ബെന്നി ഉലഹന്നാന്‍റെയും ബിജിയുടെയും നേതൃത്വത്തില്‍, വീട്ടില്‍ ഒരു ആതുരാശ്രമം ആരംഭിച്ചു. സിഎംഐ ആംഗ്ലിക്കന്‍ സഭാംഗമായ ഫാ. ബെന്നി ആത്മീയ പ്രവര്‍ത്തനങ്ങളുടെ തിരക്കിലായതിനാല്‍, ആതുരാശ്രമത്തിന്‍റെ ചുമതല ബിജിയ്ക്കാണ്. തുടക്കത്തില്‍ വീട്ടിലെ പരിമിതമായ സൗകര്യത്തിലാണ് അന്തേവാസികളെ താമസിപ്പിച്ചിരുന്നത്. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി. ഇതുവരെ 400 ഓളം വയോധികര്‍ പല കാലത്തായി അന്തേവാസികളായി ആശ്രമത്തില്‍ എത്തിയിട്ടുണ്ട്. നിലവില്‍ 18 സ്ത്രീകളും 22 പുരുഷന്‍മാരുമാണുള്ളത്.
അന്തേവാസികളുടെ പരിചരണം, ഭക്ഷണം തുടങ്ങി എല്ലാ കാര്യങ്ങളും ബിജിയുടെ മേല്‍നോട്ടത്തിലാണ് നടക്കുന്നത്. ഇവരുടെ ആശുപത്രി ആവശ്യങ്ങള്‍ക്കായി ആംബുലന്‍സ് വരെ ഓടിയ്ക്കാന്‍ ഇവര്‍ പഠിച്ചു. കുടുംബത്തിനൊപ്പം നാട്ടുകാരുടെയും അകമഴിഞ്ഞ പിന്തുണയാണ് സേവനം തുടരാന്‍ കരുത്തേകുന്നതെന്ന് ബിജി പറയുന്നു.