ഇടുക്കി: സമൂഹമാധ്യമങ്ങളിൽ വൈറലായ ഇടുക്കി ഡാം വ്യൂ പോയിൻ്റിൽ സഞ്ചാരികൾക്ക് വിലക്ക്. സുരക്ഷ ക്രമീകരണങ്ങൾ ഇല്ലാത്തതിനാൽ അപകട സാധ്യത കണക്കിലെടുത്താണ് വിലക്കേർപ്പെടുത്തിയത്. വനം വകുപ്പാണ് യാത്ര നിരോധനം ഏർപ്പെടുത്തിയത്.
ആളുകൾ വനമേഖലയിലൂടെ പ്രവേശിക്കുന്നത് തടയാൻ മുളകെട്ടി വഴി അടച്ചു. പൈനാവിലെ മന്ത്രപ്പാറയിൽ നിന്നുള്ള ഇടുക്കി ഡാമിൻ്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിലാണ് സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായത്. ചെറുതോണി ഡാം, ആർച്ച് ഡാം, ഇടുക്കി മെഡിക്കൽ കോളജ് എന്നിവ ഒറ്റ ഫ്രെയിമിൽ കാണാൻ കഴിയുന്ന സ്ഥലമെന്നതായിരുന്നു ഈ പ്രദേശത്തിൻ്റെ പ്രത്യേകത.
വനമേഖലയിലൂടെ ഏകദേശം ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ മാത്രമേ ഈ പ്രദേശത്തേക്ക് എത്താൻ കഴിയൂ. ഇതൊരു ടൂറിസം മേഖല അല്ലാത്തതിനാൽ യാതൊരു സുരക്ഷാക്രമീകരണങ്ങളും മുൻകരുതലുകളും ഇവിടെയില്ല. എന്നിട്ടും നൂറുകണക്കിന് സഞ്ചാരികളാണ് ദിവസവും ഇവിടെ വന്നുപോകുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഈ പ്രദേശത്ത് വലിയ താഴ്ചയിലുള്ള കൊക്കയുമുണ്ട്. ഇവ കൂടി പരിഗണിച്ചാണ് വനംവകുപ്പ് സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ മേഖലയിലേക്ക് സഞ്ചാരികൾക്ക് പ്രവേശനം ഉണ്ടായിരിക്കുകയില്ലെന്ന് വനംവകുപ്പ് വ്യക്തമാക്കി.