മലപ്പുറം: വീട്ടിലെ പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തില്‍ ഭർത്താവ് സിറാജുദ്ദീന്‍റെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്. പെരുമ്പാവൂർ സ്വദേശി അസ്‌മയാണ് പ്രസവത്തിന് ശേഷമുള്ള രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ചത്. പ്രതിക്കെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യ, തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
സിറാജുദ്ദീനെ കോടതിയില്‍ ഹാജരാക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി മലപ്പുറം എസ്‌പി ആര്‍.വിശ്വനാഥ് അറിയിച്ചു. ഇന്ന് (ഏപ്രില്‍ 08) വൈകിട്ടോടെയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പ്രതിയെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് എസ്‌പി പറഞ്ഞു. കൃത്യത്തില്‍ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കും. ആത്മീയ കാര്യങ്ങളില്‍ വലിയ താത്പര്യമുള്ളയാളാണ് പ്രതി. അസ്‌മയുടെ ബന്ധുക്കളുടെ മൊഴിയും രേഖപ്പെടുത്തും. യുട്യൂബ് ചാനലില്‍ നിന്നും മതപ്രഭാഷണത്തില്‍ നിന്നുമൊക്കെയാണ് പ്രതി വരുമാനം കണ്ടെത്തിയിരുന്നത്.
ഇക്കാരണങ്ങളാലാണ് ആലപ്പുഴ സ്വദേശിയായ സിറാദജുദ്ദീൻ കുടുംബത്തോടൊപ്പം മലപ്പുറത്തേയ്ക്ക് വന്നത്. പ്രസവ സമയത്ത് പ്രതിക്ക് ചിലര്‍ സഹായം നല്‍കിയതായി സംശയിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും എസ്‌പി അറിയിച്ചു.
അസ്‌മയുടെ മരണത്തില്‍ ബന്ധുക്കളുടെ പരാതിയില്‍ അസ്വാഭാവിക മരണത്തിന് പെരുമ്പാവൂർ പൊലീസ് കേസെടുത്തിരുന്നു. കേസ് മലപ്പുറം പൊലീസിന് കൈമാറിയതോടെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. യുവതിയുടെ ബന്ധുക്കള്‍ കൈയേറ്റം ചെയ്‌തതിനെ തുടർന്ന് സിറാജുദ്ദീൻ പെരുമ്പാവൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.
അസ്‌മ മരിച്ചത് അമിത രക്തസ്രാവം മൂലമെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. പ്രസവ ശേഷവും വൈദ്യസഹായം നല്‍കിയില്ല. നില വഷളായപ്പോഴെങ്കിലും ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ ജീവൻ രക്ഷിക്കാമായിരുന്നുവെന്നും റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.
Also Read: സിറാജുദീനെ സഹായിച്ചവരും കുടുങ്ങും; നരഹത്യാക്കുറ്റം ചുമത്തി, അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്.