എറണാകുളം: പ്രസവത്തിനായി വീട് തെരെഞ്ഞെടുക്കുന്നത് അമ്മയുടെയും നവജാത ശിശുവിന്‍റെയും ജീവഹാനിക്ക് വരെ ഇടയാകുമെന്ന് വിദഗ്‌ധ ഡോക്‌ടർമാർ അഭിപ്രായപ്പെടുന്നു. വീട്ടിലെ പ്രസവത്തെ തുടർന്ന് പെരുമ്പാവൂർ സ്വദേശിയായ യുവതി മരിച്ച സംഭവത്തിലാണ് ആരോഗ്യ മേഖലയിലെ വിദഗ്‌ധർ വീട്ടിലെ പ്രസവത്തിലെ അപകടം ചൂണ്ടികാണിക്കുന്നത്. ആരോഗ്യ മേഖലയിൽ കേരളം ആർജ്ജിച്ചെടുത്ത ലോക പ്രശസ്‌തമായ കേരള മോഡലിനെ കളങ്കപ്പെടുത്തുന്നതാണ് പെരുമ്പാവൂർ സ്വദേശിനിയുടെ വീട്ടിലെ പ്രസവത്തെ തുടർന്നുള്ള മരണമെന്നാണ് വിദഗ്‌ധര്‍ ഉൾപ്പടെയുള്ളവര്‍ അഭിപ്രായപ്പെടുന്നത്.
വീട്ടിലെ പ്രസവവും അപകട സാധ്യതയും: പ്രസവം ഒരു സ്വാഭാവിക പ്രക്രിയയാണെന്നും വീട്ടിലായാൽ പ്രശ്‌നമില്ലയെന്ന പ്രചാരണവും തള്ളുകയാണ് ആരോഗ്യ വിദഗ്‌ധർ. ഏതൊരു പ്രസവ സമയത്തും സങ്കീർണമായ സാഹചര്യം ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. ഇത്തരം സന്ദർഭങ്ങളിൽ അമ്മയ്ക്കും കുഞ്ഞിനും ജീവഹാനി വരെ സംഭവിക്കാനിടയുണ്ടെന്ന് കൊച്ചി പ്രശസ്‌ത ഗൈനക്കോളജിസ്റ്റായ ഡോ. രമണി ഫിലിപ്പ് പറഞ്ഞു. താൻ എപ്പോഴും ആശുപത്രിയിലെ പ്രസവം മാത്രമാണ് നിർദ്ദേശിക്കുകയുളളൂവെന്നും അവർ വ്യക്തമാക്കി.
അടിയന്തര സാഹചര്യമുണ്ടായാൽ വൈദ്യസഹായം ലഭിക്കണമെങ്കിൽ പ്രസവം ആശുപത്രിയിൽ നടക്കണം. ആശുപത്രിയിൽ ഡോക്‌ടറുടെയും നഴ്‌സസിന്‍റെയും സാന്നിധ്യത്തിൽ നടക്കുന്ന പ്രസവത്തിൽ പോലും പ്രശ്‌നങ്ങൾ ഉണ്ടാകാറുണ്ട്. ആരോഗ്യ രംഗത്തെ യോഗ്യരായവർ ഇല്ലാത്തപ്പോൾ ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്നും വിദഗ്‌ധർ ചൂണ്ടിക്കാണിക്കുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വീട്ടിലെ പ്രസവത്തെ തുടന്ന് യുവതി മരിച്ച സംഭവം ഞെട്ടിക്കുന്നതും നാണക്കേടുണ്ടാക്കുന്നതുമാണെന്നും ഡോ.രമണി ഫിലിപ്പ് അഭിപ്രായപ്പെട്ടു. 35 വയസ് മാത്രം പ്രായമുള്ള യുവതി അഞ്ചാമത്തെ കുഞ്ഞിന് ജന്മം നൽകുമ്പോൾ അവരുടെ ആരോഗ്യസ്ഥിതി ഏറെ ദുർബലമാകാനുള്ള സാധ്യതയുണ്ട്. ഈ കാരണത്താൽ കൂടിയായിരിക്കാം ചികിത്സ ലഭിക്കാതെ യുവതി മരിക്കുന്ന സാഹചര്യമുണ്ടായത്. ഒരു സ്ത്രീയുടെ ഒരോ പ്രസവവും ഒരുപോലെ ആയിരിക്കില്ല. കൂടുതൽ പ്രസവിക്കുന്നതിന് അനുസരിച്ച് സങ്കീർണതയും കൂടാൻ സാധ്യത ഏറെയാണെന്ന് ഡോ. രമണി ഫിലിപ്പ് ചൂണ്ടിക്കാണിച്ചു.
വീട്ടിലെ പ്രസവം ആവർത്തിക്കപ്പെടരുത്: വീട്ടിലെ പ്രസവവും മാതൃ മരണങ്ങളും ആവർത്തിക്കപ്പെടാതിരിക്കാൻ ശക്തമായ നിയമ നടപടികളും ബോധവത്‌ക്കരണവും ആവശ്യമാണ്. കേരളത്തിലെ സ്ത്രീകൾ വിദ്യാസമ്പന്നരാണ്. ആരോഗ്യ കാര്യങ്ങളിൽ വിവരമുള്ളവരാണ്. ഇതോടൊപ്പം പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ ഉൾപ്പടെ ഗർഭസ്ഥ ശിശുവിന്‍റെയും അമ്മയുടെയും ആരോഗ്യം ഉറപ്പാക്കുന്നതിനും, യഥാസമയം ഡോക്‌ടറുടെ സേവനം ഉറപ്പാക്കാനും ശ്രമിക്കാറുണ്ട്.
എന്നാൽ ഇത്തരം സംവിധാനങ്ങളെയെല്ലാം മറച്ചുവച്ചാണ് ചിലർ വീട്ടിലെ പ്രസവത്തിനായി നിലകൊളളുന്നത്. വീട്ടിലെ പ്രസവത്തിനായി വാദിക്കുന്നവരെ പൂട്ടാൻ പൊലീസ് തയ്യാറെടുക്കുകയാണ്. അശാസ്ത്രീയമായ വീട്ടിലെ പ്രസവത്തിനായി പ്രചാരണം നടത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നാണ് പൊലീസ് നൽകുന്ന സൂചന.
പെരുമ്പാവൂരിലെ യുവതി വീട്ടിലെ പ്രസവത്തെ തുടർന്ന് മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യാകുറ്റം ചുമത്തിയാണ് പൊലീസ് അന്വേഷണം നടത്തുന്നത്. സമൂഹ മാധ്യമം വഴി പ്രഭാഷണം നടത്തിയിരുന്ന പ്രതി ഇത്തരം പ്രചരണം നടത്തിയിരുന്നോയെന്നും പൊലീസ് പരിശോധിക്കും.
Also Read: വീട്ടിലെ പ്രസവം; യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍