എറണാകുളം/ വയനാട്: മുണ്ടകൈ - ചൂരൽമല ദുരന്തബാധിതരുടെ വായ്പ എഴുതിത്തളളുന്നത് ഗൗരവമായി പരിഗണിക്കണമെന്ന് കേന്ദ്രത്തോട് വീണ്ടും ഹൈക്കോടതി. കോടതി ഉത്തരവിറക്കിയാൽ പരിഗണിക്കാമെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു. കൊവിഡ് ദുരന്തം പോലെയല്ല, പ്രദേശവാസികൾക്ക് ജീവനോപാധിയാണ് നഷ്ടപ്പെട്ടത്. അത് കണ്ടില്ലെന്ന് നടിക്കാനാകില്ല. ദേശീയ ദുരന്തമായതുകൊണ്ടു തന്നെ കടബാധ്യത എഴുതിത്തളളാൻ വ്യവസ്ഥയില്ലേയെന്നും ഡിവിഷൻ ബെഞ്ച് ആരാഞ്ഞു.
വായ്പ എഴുതിത്തളളാൻ കേന്ദ്ര നിയമത്തിൽ വ്യവസ്ഥയുണ്ടെങ്കിലും ദേശീയ ദുരന്ത നിവരാണ അതോറിറ്റിയുടെയുടെ അനുമതി കൂടി വേണ്ടതുണ്ട്. വായ്പകൾ എഴുതിത്തളളാൻ ബാങ്കുകളെ നിർബന്ധിക്കരുതെന്ന് സുപ്രീംകോടതി ഉത്തരവുണ്ടെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. അതേ സമയം വായ്പ പൂർണമായും എഴുതിത്തള്ളുന്നത് ബാങ്കുകളുടെ വിവേചനാധികാരമാണെന്നും ഹൈക്കോടതി സംസ്ഥാന സർക്കാരിനെ ഓർമ്മിപ്പിച്ചു. കേരള ബാങ്ക് വായ്പ എഴുതിത്തള്ളാൻ തീരുമാനിച്ചെങ്കിൽ മറ്റ് ബാങ്കുകൾക്കും അക്കാര്യം പരിഗണിക്കാൻ സാധിക്കുമെന്നും കോടതി വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേ സമയം ബാങ്ക് വായ്പ എഴുതിത്തള്ളേണ്ടെന്ന തീരുമാനം മുഖ്യമന്ത്രി പങ്കെടുത്ത ബാങ്കേഴ്സ് സമിതി ശുപാര്‍ശ അനുസരിച്ചെന്ന കേന്ദ്രവാദത്തിനെതിരെ സംസ്ഥാന സർക്കാർ മറുപടി നൽകി. ആര്‍ബിഐ മാർഗനിർദേശമനുസരിച്ച് തീരുമാനമെടുക്കണമെന്നല്ല യോഗത്തിൽ ശുപാര്‍ശ വന്നത്. വായ്പ എഴുതിത്തള്ളണമെന്ന് മുഖ്യമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നുവെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കി. മുഖ്യമന്ത്രി പങ്കെടുത്ത രണ്ട് യോഗത്തിൻ്റെയും രേഖകള്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ഹർജിയിൽ ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കും.
വിമർശിച്ച് പ്രിയങ്ക ഗാന്ധി
അതേസമയം കേന്ദ്രസർക്കാരിൻ്റെ മെല്ലോപ്പാക്ക് നയത്തെ വയനാട് എം.പി പ്രിയങ്ക ഗാന്ധി രൂക്ഷമായി വിമർശിച്ചു. മുണ്ടകൈ - ചൂരൽമല ദുരിതബാധിതരുടെ വായ്‌പ എഴുതിത്തള്ളില്ലെന്ന കേന്ദ്രസർക്കാർ നിലപാട് ദുരിതബാധിതരോട് കാണിക്കുന്ന കടുത്ത വഞ്ചനയാണ്. ദുരിതബാധിതർ വീടും, സ്ഥലവും, ജീവിതമാർഗ്ഗവും നഷ്ടപ്പെട്ടവരാണ്. എന്നിട്ടും അവരുടെ വായ്പ പുനഃക്രമീകരിക്കാൻ മാത്രമേ കഴിയുവെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. അത് ആശ്വാസമല്ല, വഞ്ചനയാണ്. ഈ നിസംഗത അപലപനീയമാണെന്നും ദുരിതബാധിതർക്കൊപ്പം തോളോട് തോൾ ചേർന്ന് നിന്ന് നീതി ലഭിക്കുന്നത് വരെ അവരുടെ ശബ്ദം എല്ലാ വേദികളിലും ഉന്നയിക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
