എറണാകുളം: സിനിമ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഹേമ കമ്മിറ്റി നല്‍കിയ റിപ്പോർട്ട് പുറത്തു വിടുന്നത് താത്‌കാലികമായി തടഞ്ഞ് ഹൈക്കോടതി. കേസില്‍ സര്‍ക്കാര്‍ അടക്കമുള്ള എതിർ കക്ഷികൾക്ക് നോട്ടിസ് നല്‍കി. ഒരാഴ്‌ചത്തേക്കാണ് സ്റ്റേ.
ഇന്ന് (ജൂലൈ 24) 3.30 ഓടെ റിപ്പോർട്ട് പുറത്തുവിടാനിരിക്കെയാണ് ഹൈക്കോടതി നടപടി. ഹേമ കമ്മിഷൻ റിപ്പോർട്ടിൽ പൊതു താത്‌പര്യമില്ലെന്ന് ഹർജിക്കാരനായ സജിമോന്‍ പാറയില്‍ ചൂണ്ടിക്കാട്ടി. നിര്‍മാതാവായ സജിമോന്‍ പാറയിലിന്‍റെ ഹര്‍ജിയില്‍ ഇരുപക്ഷത്തിന്‍റെയും വാദം കേട്ട ശേഷമാണ് ഹൈക്കോടതിയുടെ നടപടി.
റിപ്പോർട്ട് ആവശ്യപ്പെട്ടവരാരും നടപടികളുടെ ഭാഗമായിരുന്നില്ലെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. റിപ്പോർട്ട് ആവശ്യപ്പെടുന്നത് പ്രശസ്‌തി നേടാൻ വേണ്ടിയാണെന്നും ഹർജിക്കാരൻ വാദിച്ചു. ഹർജിയിൽ സർക്കാരടക്കമുള്ള എതിർ കക്ഷികൾക്ക് ഹൈക്കോടതി നോട്ടിസ് അയച്ചു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പേരുള്ളവരുടെ ഭാഗം കേള്‍ക്കാതെയാണ് തീരുമാനം. റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത് സ്വാഭാവിക നീതിക്ക് എതിരെന്നും ഹര്‍ജിക്കാരൻ വാദിച്ചു. റിപ്പോർട്ട് പുറത്തുവിട്ടാൽ അത് തന്‍റെയടക്കം സ്വകാര്യതയെ ബാധിക്കും എന്നാണ് ഹർജിക്കാരന്‍റെ വാദം. ഹർജി നിലനിൽക്കുന്നതല്ലെന്നാണ് സർക്കാർ നിലപാടെടുത്തത്.
അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഹർജിക്കാരനും കക്ഷി അല്ലെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷൻ വ്യക്തമാക്കി. ഹർജിക്കാരൻ കമ്മിഷൻ അന്വേഷണത്തിന്‍റെ ഭാഗമായിരുന്നില്ല. ഹർജിയിൽ പൊതുതാത്‌പര്യമില്ലെന്നും വിവരാവകാശ കമ്മിഷൻ ചൂണ്ടിക്കാട്ടി. ഹർജിക്കാരൻ മറ്റാർക്കോ വേണ്ടി സംസാരിക്കുകയാണെന്നും വിവരാവകാശ കമ്മിഷൻ പറഞ്ഞു. റിപ്പോർട്ട് പുറത്തുവരുന്നത് ഹർജിക്കാരനെ എങ്ങനെയാണ് ബാധിക്കുകയെന്ന് വ്യക്തമാക്കണമെന്നും വിവരാവകാശ കമ്മിഷന്‍ ആവശ്യപ്പെട്ടു.
സ്വകാര്യതയുമായി ബന്ധപ്പെട്ട ഒഴിവാക്കുന്ന ഭാഗങ്ങൾ സംബന്ധിച്ച നോട്ടിസ് വിവരാവകാശ അപേക്ഷകർക്ക് നൽകിയിരുന്നുവെന്നും വിവരാവകാശ കമ്മിഷൻ വ്യക്തമാക്കി. പുറത്തുവിടാൻ പോകുന്ന റിപ്പോർട്ടിൽ സ്വകാര്യത സംബന്ധിച്ച സാക്ഷിമൊഴികളും ഒഴിവാക്കി. റിപ്പോർട്ടിലെ 233 പേജുകൾ മാത്രമാണ് പുറത്തുവിടുന്നതെന്നും വിവരാവകാശ കമ്മിഷൻ അറിയിച്ചു.
അതേസമയം ഹർജിയെ എതിർത്ത് സർക്കാർ രംഗത്തെത്തി. ഹർജി നിലനിൽക്കുന്നതല്ലെന്ന് സർക്കാർ പറഞ്ഞു. അവസാന നിമിഷം മാത്രം ഹർജിക്കാരൻ എന്തുകൊണ്ട് എതിർപ്പുമായി വന്നുവെന്ന് വിവരാവകാശ കമ്മിഷൻ ആരാഞ്ഞു. ഹർജിക്കാരന്‍റെ ഭയത്തിന് എന്ത് അടിസ്ഥാനമെന്നും വിവരാവകാശ കമ്മിഷൻ ചോദിച്ചു.
സിനിമ മേഖല നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ ട്രിബ്യൂണൽ സ്ഥാപിക്കണമെന്നും അതിനാവശ്യമായ നിയമ നിർമാണം നടത്തണമെന്നുമാണ് റിപ്പോർട്ടിലെ പ്രധാന നിർദേശം. സ്ത്രീകൾ അവസരം, വേതനം എന്നിവയിൽ വിവേചനം നേരിടുന്നതായി കമ്മിഷന് ബോധ്യപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. പുരുഷന്മാരും ചൂഷണം നേരിടുന്നുണ്ട്. ഗുരുതരമായ കണ്ടെത്തലുകളാണ് റിപ്പോർട്ടിലുള്ളത്.