എറണാകുളം: മാസപ്പടി കേസിൽ തത്‌സ്ഥിതി തുടരാൻ ഹൈക്കോടതി ഉത്തരവ്. എസ്എഫ്ഐഒ വിചാരണ കോടതിയിൽ നൽകിയ കുറ്റപത്രത്തിൽ സമൻസ് അയക്കുന്നത് രണ്ട് മാസത്തേക്ക് ഹൈക്കോടതി തടഞ്ഞു. സിഎംആർഎല്ലിൻ്റെ ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി കേസ് പുതിയ ഡിവിഷൻ ബെഞ്ചിലേക്ക് അയക്കും. കേസിലെ പതിനൊന്നാം പ്രതിയായ മുഖ്യമന്ത്രിയുടെ മകൾ വീണയടക്കമുള്ളവർക്ക് ഹൈക്കോടതി നടപടി ആശ്വാസകരമാണ്.
കമ്പനി നിയനമത്തിലെ 447 വകുപ്പ് അനുസരിച്ച് വഞ്ചന ഉള്‍പ്പടെയുള്ള കുറ്റങ്ങളാണ് എസ്എഫ്‌ഐഒ ചുമത്തിയത്. തങ്ങളുടെ വാദം കേള്‍ക്കാതെയാണ് റിപ്പോര്‍ട്ടില്‍ തുടര്‍ നടപടി സ്വീകരിക്കാന്‍ കോടതി നിര്‍ദേശം നല്‍കിയതെന്ന, സിഎംആര്‍എലിൻ്റെ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി നടപടി. കേന്ദ്രസർക്കാർ വിശദമായ വാദം കേൾക്കാൻ സമയം തേടിയതോടെയാണ് രണ്ട് മാസത്തേക്ക് നടപടികൾ നിർത്തി വയ്ക്കാൻ ജസ്റ്റിസ് ടിആർ രവിയുടെ ബഞ്ച് ഉത്തരവിട്ടത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവിനെതിരെയാണ് സിഎംആര്‍എല്‍ ഹര്‍ജി നല്‍കിയത്. അന്തിമ അന്വേഷണ റിപ്പോര്‍ട്ട് അനുസരിച്ച് കേസില്‍ 13 പ്രതികളാണുള്ളത്. സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയാണ് കേസിലെ ഒന്നാംപ്രതി.
മാസപ്പടി കേസ് എന്നാൽ
കൊച്ചിന്‍ മിനറല്‍ ആന്‍ഡ് റൂട്ടൈല്‍സ് കമ്പനി (സി.എം.ആര്‍.എല്‍) എന്ന സ്വകാര്യ കമ്പനി, വീണ വിജയൻ്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊലൂഷ്യന്‍സ് എന്ന കമ്പനിക്ക് നല്‍കാത്ത സേവനത്തിന് 2017 മുതല്‍ 2020 കാലയളവിൽ പ്രതിഫലം നല്‍കിയെന്ന ഇൻ്ററിം സെറ്റില്‍മെൻ്റ് ബോര്‍ഡിൻ്റെ കണ്ടെത്തലാണ് മാസപ്പടിവിവാദത്തിന് തിരികൊളുത്തത്. സി.എം.ആര്‍.എല്ലില്‍നിന്ന് എക്‌സാലോജിക് സൊല്യൂഷന്‍സ് 1.72 കോടി രൂപ കൈപ്പറ്റിയെന്നായിരുന്നു കണ്ടെത്തല്‍. സംഭവത്തെ പ്രതിപക്ഷം വിവാദമാക്കുകയും മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരിനും സി.പി.എമ്മിനുമെതിരെ ആയുധമാക്കുകയും ചെയ്തു.