എറണാകുളം: മാസപ്പടി ഇടപാടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്ക്കും ഉൾപ്പെടെയുള്ള എതിർകക്ഷികൾക്ക് ഹൈക്കോടതി നോട്ടീസ്. ആദായ നികുതി ഇൻ്ററിം സെറ്റിൽമെൻ്റ് ബോർഡിൻ്റെ ഉത്തരവിൽ പരാമർശിച്ചവരുടെ പേര് വിവരങ്ങൾ സമർപ്പിക്കാൻ കേന്ദ്ര സർക്കാരിനും നിർദേശം. എസ്.എഫ്.ഐ.ഒ റിപ്പോർട്ടിന്മേലുള്ള കീഴ്‌ക്കോടതിയുടെ തുടർ നടപടികൾക്കും വിലക്ക്.
നടപടി പൊതുതാൽപര്യ ഹർജിയിൽ
മാസപ്പടി ഇടപാടിൽ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് വടക്കൻ പറവൂർ സ്വദേശി നൽകിയ പൊതുതാല്പര്യ ഹർജിയിലാണ് മുഖ്യമന്ത്രി മുഴുവൻ എതിർകക്ഷികൾക്കും ഹൈക്കോടതിയുടെ നോട്ടീസ് നൽകാൻ ഉത്തരവിട്ടത്. ആദായ നികുതി ഇൻ്ററിം സെറ്റിൽമെൻ്റ് ബോർഡിൻ്റെ ഉത്തരവിൽ പരാമർശിച്ചിട്ടുള്ളവരുടെ പേര് വിവരങ്ങൾ മുദ്രവച്ച കവറിൽ സമർപ്പിക്കാനായി ഹൈക്കോടതിയുടെ അവധിക്കാല ഡിവിഷൻ ബഞ്ച് കേന്ദ്ര സർക്കാരിനോട് നിർദേശിച്ചു. എസ്.എഫ്.ഐ.ഒ. അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചുവെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
തുടർനടപടിക്ക് ഹൈക്കോടതിയുടെ വിലക്ക്
ആദായ നികുതി ഇൻ്ററിം സെറ്റിൽമെൻ്റ് ബോർഡ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ടാണ് ഹർജി. അതിനിടെ സി.എം.ആർ.എൽ - എക്സലോജിക് മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട എസ്എഫ്‌ഐഒ അന്തിമ റിപ്പോര്‍ട്ടിലെ കീഴ്‌ക്കോടതിയുടെ തുടര്‍ നടപടി കൾക്ക് ഹൈക്കോടതിയുടെ മറ്റൊരു ബഞ്ച് വിലക്കേർപ്പെടുത്തി.
കേസില്‍ തൽസ്ഥിതി സ്ഥിതി തുടരാന്‍ ഹൈക്കോടതി അവധിക്കാല ബെഞ്ചിൻ്റെ നിർദേശമുണ്ട്. കമ്പനി നിയമമനുസരിച്ച് നടപടി സ്വീകരിക്കാനാകുമോയെന്ന് ഹൈക്കോടതി ചോദ്യമുന്നയിച്ചിരുന്നു. എസ്എഫ്‌ഐഒ റിപ്പോര്‍ട്ടിനെതിരെ സിഎംഎആര്‍എല്‍ നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന് നോട്ടീസയച്ചു. എസ്എഫ്‌ഐഒ ഉള്‍പ്പടെയുള്ള എതിര്‍ കക്ഷികള്‍ അഞ്ചാഴ്ചയ്ക്കകം മറുപടി നല്‍കണം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഹര്‍ജി അവധിക്കാലത്തിന് ശേഷം ഹൈക്കോടതി പരിഗണിക്കും. എസ്എഫ്‌ഐഒ റിപ്പോര്‍ട്ട് ഫയലില്‍ സ്വീകരിക്കാന്‍ കോടതിക്ക് കഴിയുമെന്നും കമ്പനി നിയമത്തിലെ നടപടിക്രമം അനുസരിച്ചാണ് കേസെടുത്തതെന്നുമായിരുന്നു കേന്ദ്ര സര്‍ക്കാരിൻ്റെ വാദം. ക്രിമിനല്‍ നടപടിക്രമം അനുസരിച്ചല്ല കോടതിയിലെ നടപടികള്‍ എന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ മറുപടി.
പ്രതിചേര്‍ക്കപ്പെട്ടവരുടെ വാദം കേള്‍ക്കാതെയാണ് വിചാരണക്കോടതി തീരുമാനമെടുത്തതെന്നായിരുന്നു ഹര്‍ജിയില്‍ സിഎംആര്‍എലിൻ്റെ വാദം. പ്രതിപ്പട്ടികയിലുള്ളവരുടെ ഭാഗം വിചാരണക്കോടതി കേട്ടില്ല. ക്രിമിനല്‍ നടപടിക്രമത്തിന് വിരുദ്ധമാണ് വിചാരണക്കോടതിയുടെ നടപടിയെന്നും അതിനാൽ എസ്.എഫ്.ഐ.ഒ റിപ്പോർട്ട് പരാതിയായി ഫയലിൽ സ്വീകരിച്ച കീഴ്‌ക്കോടതി ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു സി.എം.ആർ.എല്ലിൻ്റെ ആവശ്യം.