എറണാകുളം: തൃശൂരിലെ ചന്ദ്രബോസ് വധക്കേസില്‍ ശിക്ഷിക്കപ്പെട്ട മുഹമ്മദ് നിഷാമിന് പതിനഞ്ച് ദിവസത്തെ പരോള്‍ അനുവദിച്ചു. പരോള്‍ ആവശ്യം തള്ളിയ സിംഗിള്‍ ബെഞ്ച് വിധി റദ്ദാക്കിയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരോൾ അനുവദിച്ചത്. നിഷാമിന് പരോള്‍ നല്‍കരുതെന്ന സര്‍ക്കാരിൻ്റെ എതിര്‍പ്പ് തള്ളിയാണ് ഉത്തരവ്.
പരോള്‍ നല്‍കാതിരിക്കാന്‍ സർക്കാരിൻ്റെ വാദം മതിയായ കാരണമായി കണക്കാക്കാനാകില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. പരോളിലെ വ്യവസ്ഥകള്‍ സര്‍ക്കാരിന് തീരുമാനിക്കാമെന്നും ഹൈക്കോടതി ഉത്തരവിട്ടു. നിഷാമിൻ്റെ ഭാര്യ നല്‍കിയ അപ്പീലിലാണ് ഉത്തരവ്. നിലവില്‍ നിഷാം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണുള്ളത്. തൃശൂര്‍ ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് നിഷാം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
2015 ജനുവരി 29ന് പുലര്‍ച്ചെയായിരുന്നു കൊലപാതകം. വാഹനം തടഞ്ഞ് ഐഡി കോര്‍ഡ് ചോദിച്ചതില്‍ പ്രകോപിതനായി ചന്ദ്രബോസിനെ ആക്രമിക്കുകയായിരുന്നു. ഭയന്നോടിയ ചന്ദ്രബോസിനെ കാറില്‍ പിന്തുടര്‍ന്ന് ഇടിച്ചുവീഴ്ത്തിയെന്നാണ് കേസ്. കേസില്‍ 2016 ജനുവരിയില്‍ നിഷാം കുറ്റക്കാരനാണെന്ന് തൃശൂര്‍ അഡിഷണല്‍ സെഷന്‍സ് കോടതി കണ്ടെത്തി. കൊലപാതക കുറ്റത്തിന് ജീവപര്യന്തവും 80 ലക്ഷം രൂപ പിഴയുമാണ് നിഷാമിന് ലഭിച്ച ശിക്ഷ. വിചാരണക്കോടതി വിധിച്ച ശിക്ഷ റദ്ദാക്കണമെന്ന നിഷാമിൻ്റെ അപ്പീൽ നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു.
Also Read: ഗ്രീഷ്മയെയും ജോളിയെയും അഴിക്കുള്ളിലാക്കിയ ശില്പ ഐപിഎസ് ഇനി സിബിഐയിൽ; നിയമനം കേന്ദ്ര ഡെപ്യൂട്ടേഷനിൽ