എറണാകുളം: അറബിക്കടലിൽ മുങ്ങിയ കാർഗോ കപ്പലിലെ വസ്തുക്കൾ സംബന്ധിച്ച വിവരങ്ങൾ സർക്കാർ വെബ്സൈറ്റിൽ ലഭ്യമാക്കണമെന്ന് ഹൈക്കോടതി. അപകടത്തിൻ്റെ പരിണിതഫലങ്ങൾ ഉൾപ്പെടെ പൊതുവിടത്തിൽ ലഭ്യമാക്കണമെന്നാണ് സർക്കാരിന് ഹൈക്കോടതി നൽകിയ നിർദേശം. കോൺഗ്രസ് നേതാവ് ടി എൻ പ്രതാപൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
അറബിക്കടലിൽ മുങ്ങിയ കപ്പലിലെ കാർഗോയിൽ എന്തായിരുന്നുവെന്ന ചോദ്യത്തോടെയായിരുന്നു ഇതുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹർജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. കാർഗോ മുങ്ങിയതിൻ്റെ പരിണിതഫലങ്ങൾ, കപ്പലിൽ അപകടകരമായ വസ്തുക്കളുണ്ടായിരുന്നോ, ഉണ്ടായിരുന്ന വസ്തുക്കളുടെ വിശദാംശങ്ങൾ എന്നിവ രണ്ടാഴ്ചയ്ക്കകം വെബ്സൈറ്റിൽ ലഭ്യമാക്കണമെന്ന് ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. ജനജീവിതത്തെ ബാധിക്കുന്ന വിഷയമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, കപ്പലപകടം സമുദ്ര-തീരദേശ പരിസ്ഥിതിയെ ബാധിക്കുന്നതാണെന്നും വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ദേശീയ ഹരിത ട്രൈബ്യൂണൽ സ്വമേധയാ നടപടി സ്വീകരിച്ചിട്ടുണ്ട്. കൂടാതെ സർക്കാർ തല അന്വേഷണം നടക്കുന്നുണ്ടെന്നും വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും സ്റ്റേറ്റ് അറ്റോർണി പറഞ്ഞു. കപ്പലപകടത്തിന് പിന്നാലെ എന്തൊക്കെ നടപടികൾ സ്വീകരിച്ചുവെന്ന് കേന്ദ്ര സർക്കാരും ഷിപ്പിങ് ഡയറക്ടർ ജനറലും കോസ്റ്റ് ഗാർഡും അറിയിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. കപ്പലപകടം സമുദ്ര-തീരദേശ പരിസ്ഥിതിയെ എങ്ങനെ ബാധിക്കുമെന്നതടക്കം സർക്കാർ വ്യക്തമാക്കണം. കോൺഗ്രസ് നേതാവ് ടി എൻ പ്രതാപൻ നൽകിയ പൊതുതാത്പര്യ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് നിതിൻ ജംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിൻ്റെ നിർദേശം. ഹർജി രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കാനായി മാറ്റി.
മെയ് 24ന് ഉച്ചയ്ക്ക് 1.25നാണ് കൊച്ചിയിൽ നിന്ന് 38 നോട്ടിക്കൽ മൈൽ അകലെ കാർഗോ കപ്പൽ മുങ്ങിയത്. കപ്പൽ ആദ്യം ചരിഞ്ഞ ശേഷം പൂർണമായി മുങ്ങിത്താഴുകയായിരുന്നു. കപ്പൽ മുങ്ങുന്ന ഘട്ടത്തിൽ 643 കണ്ടെയ്‌നറുകളുണ്ടായിരുന്നു. ഇതിൽ 73 എണ്ണം കാലിയായിരുന്നു. 13 കണ്ടെയ്‌നറുകളിൽ കാൽസ്യം കാർബൈഡ് അടക്കമുള്ള രാസവസ്തുക്കളുണ്ടായിരുന്നതായി കസ്റ്റംസ് സ്ഥിരീകരിച്ചിട്ടുണ്ട്.
Also Read:- സുപ്രധാന നേട്ടവുമായി ഇന്ത്യ: യുഎൻ സാമ്പത്തിക സാമൂഹിക കൗൺസിലിൽ അംഗത്വം നേടി