കാസർകോട്: പിഎസ്‌സി പരീക്ഷ എഴുതാനുള്ള ഹാൾടിക്കറ്റ്, ബഷീറിൻ്റെ കഥയിലെ ആട് പത്രം തിന്നത് പോലെ തിന്നുപോയെന്നോ കാക്കയെടുത്തെന്നോ അതല്ല പരുന്ത് റാഞ്ചിയെന്നോ പറഞ്ഞിട്ട് കാര്യമില്ല. ഇതിലേതെങ്കിലും സംഭവിക്കുന്നതിന് പിഎസ്‌സി പരീക്ഷ നടത്താൻ വന്നവർ സാക്ഷിയായാലും നിയമം അനുസരിച്ച് ഉദ്യോഗാർഥിയെ പരീക്ഷാഹാളിന് അകത്ത് കയറ്റണമെങ്കിൽ ഹാൾടിക്കറ്റുണ്ടെങ്കിലേ കഴിയൂ.
ഇന്ന് രാവിലെ (വ്യാഴം 10.04.25) കാസർകോട് ഗവ. യു പി സ്കൂളിലാണ് പരീക്ഷയെഴുതാൻ എത്തിയ ഉദ്യോഗാർഥികളെ മുഴുവൻ ഉദ്വേഗ മുനയിൽ നിർത്തിയ സംഭവം. കേരള പിഎസ്‌സി നടത്തിയ ഡിപ്പാർട്ട്‌മെൻ്റൽ ടെസ്റ്റ് എഴുതാനെത്തിയതായിരുന്നു റവന്യു വകുപ്പിൽ ജോലി ചെയ്യുന്ന നീലേശ്വരം സ്വദേശിനി അശ്വതി. ബാഗും മൊബൈൽഫോണും സ്ട്രോങ് റൂമിൽ സൂക്ഷിച്ച് പരീക്ഷഹാളിലേക്ക് നടന്നു നീങ്ങവേ എവിടെ നിന്നോ പറന്നുവന്ന പരുന്ത് ഹാൾടിക്കറ്റും റാഞ്ചിയെടുത്ത് പറന്നു. രാവിലെ 7.30 മുതൽ 9.30 വരെയാണ് വിവിധ വകുപ്പുകളിലെ ജീവനക്കാർക്കായി പിഎസ്‌സി പരീക്ഷ നടന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പ്രത്യേകിച്ച് ഒരു സർക്കാർ വകുപ്പിലും ജോലി ചെയ്യാത്ത പരുന്തിനെന്തിനാ ഡിപ്പാർട്ട്‌മെൻ്റൽ പരീക്ഷയുടെ ഹാൾടിക്കറ്റ് എന്നൊന്നും ചോദിച്ചിട്ട് കാര്യമില്ല. റാഞ്ചിയെടുത്ത ഹാൾടിക്കറ്റുമായി പരുന്ത് പരീഷാഹാളിന് മുകളിലെ ജന്നാലയിൽ ഇരിപ്പുറപ്പിച്ചു. ഞെട്ടിപ്പോയ ഉദ്യോഗാർഥിയോടൊപ്പം പരീക്ഷയ്ക്കായി സ്കൂളിലെത്തിയ 300ഓളം ഉദ്യോഗാർഥികളും പരീക്ഷ നടത്താനായി എത്തിയവരും ബഹളം കൂട്ടിയെങ്കിലും പരുന്തിന് ഒരു കുലുക്കവും ഇല്ല. ഹാൾടിക്കറ്റും ചുണ്ടിൽ പിടിച്ച് അതേ ഗൗരവത്തിലങ്ങനെ ചാഞ്ഞും ചരിഞ്ഞും എല്ലാ ബഹളങ്ങളും ആസ്വദിച്ച് ഇരിപ്പു തന്നെ. പരീക്ഷ സമയം അടുത്തതോടെ ഉദ്യോഗാർഥികളിൽ ഓരോരുത്തരായി പിരിഞ്ഞു പോയി. പരീക്ഷ നടത്താനെത്തിയവരും.
എന്തുചെയ്യണമെന്നറിയാതെ അശ്വതിയും ഒപ്പം ചില സുഹൃത്തുക്കളും താഴെ. ചിലർ കല്ലെടുത്തറിയാൻ ഉപദേശിച്ചെങ്കിലും ഹാൾടിക്കറ്റുമായി പരുന്ത് ദൂരേക്ക് എങ്ങാനും പറന്നുപോയാൽ ഉള്ള പ്രതീക്ഷ കൂടി പോയാലോ എന്ന് കരുതി അശ്വതി ആ പ്രവൃത്തിയിലേക്ക് കടന്നില്ല. ഒടുവിൽ അവസാന ബെല്ലടിക്കുന്നതിന് തൊട്ടു മുമ്പ്, മിനിട്ടുകൾശേഷിക്കവേ ഒടുവിൽ പരുന്ത് ഹാൾടിക്കറ്റ് താഴെയിട്ട് വന്നേ വഴിയേ പറന്നു. ഈ പരീക്ഷ എനിക്കെഴുതാനുള്ളതല്ല എന്ന ഭാവത്തിൽ.
പറന്നുവീണ ഹാൾടിക്കറ്റ് അശ്വതിക്ക് വർഷങ്ങളുടെ പ്രമോഷൻ സ്വപ്നമായിരുന്നു. ദൈവത്തിന് നന്ദി പറഞ്ഞ് ഒരു ദീർഘ നിശ്വാസത്തോടെ മുകളിൽ നിന്ന് പറന്നുവീണ ഹാൾടിക്കറ്റുമായി അശ്വതി പരീക്ഷാഹാളിലേക്ക് ഓടി. സംഭവത്തിൻ്റെ വീഡിയോ സമൂഹമാധ്യമത്തിൽ പ്രചരിക്കുകയാണ്.
Also Read:- കേരളത്തിൽ നിഴലില്ലാനേരം വരുന്നു... നിങ്ങളുടെ പ്രദേശത്തെ ദിവസവും സമയവും അറിയാം
കേരളത്തില്‍ വരുന്നു ഗള്‍ഫ് രീതി... ഡ്രൈവിങ് ലൈസൻസ് ഇനി അതിവേഗം, എംവിഡിയുടെ പുതിയ പദ്ധതി ഇങ്ങനെ