എറണാകുളം: മുനമ്പം ജുഡീഷ്യല്‍ കമ്മിഷന്‍ നിയമനം റദ്ദാക്കിയതിനെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അപ്പീല്‍ നൽകി. സിംഗിള്‍ ബഞ്ച് വിധിക്കെതിരെ ഡിവിഷന്‍ ബഞ്ചിലാണ് അപ്പീൽ നൽകിയത്. അപ്പീല്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് നാളെ പരിഗണിക്കും.
'കമ്മിഷന്‍ നിയമനത്തില്‍ സര്‍ക്കാര്‍ യാന്ത്രികമായി തീരുമാനമെടുത്തു. മനസിരുത്തിയല്ല ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിച്ചത്. നിയമനത്തെക്കുറിച്ച് കൃത്യമായ വിശദീകരണം നല്‍കാന്‍ സര്‍ക്കാരിനായില്ലെന്നും' കമ്മിഷൻ നിയമനം റദ്ദാക്കിയ ഉത്തരവിൽ സിംഗിൾ ബഞ്ച് വ്യക്തമാക്കിയിരുന്നു. പൊതുവായ ഭൂമി വിഷയങ്ങളിൽ കമ്മിഷൻ നിയമനം നടത്താൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടെങ്കിലും മുനമ്പത്ത് അതിനു സാധിക്കില്ലെന്നായിരുന്നു ഹൈക്കോടതി സിംഗിൾ ബഞ്ചിന്‍റെ കണ്ടെത്തൽ.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കാരണം വഖഫ് ട്രൈബ്യൂണലിന്‍റെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ വസ്‌തുതാന്വേഷണം നടത്താൻ മറ്റൊരു കമ്മിഷനെ വയ്ക്കാനാകില്ല. കൂടാതെ മുനമ്പത്തെ 104 ഏക്കറോളം ഭൂമി വഖഫ് എന്നു കണ്ടെത്തിയതുമാണ്. അങ്ങനെയിരിക്കെ സർക്കാർ റിട്ട. ജസ്റ്റിസ് സി.എൻ .രാമചന്ദ്രൻ നായരെ ജുഡീഷ്യൽ കമ്മിഷനായി നിയമിച്ച നടപടി അസാധുവാണെന്നും കമ്മിഷൻ നിയമനം റദ്ദാക്കുന്നുവെന്നുമായിരുന്നു ഹൈക്കോടതി സിംഗിൾ ബഞ്ചിന്‍റെ ഉത്തരവ്.