എറണാകുളം : തിരുവാങ്കുളത്ത് കാണാതായ മൂന്ന് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. എട്ടര മണിക്കൂർ നീണ്ട തെരച്ചിനൊടുവില്‍ ചാലക്കുടി പുഴയില്‍ നിന്നാണ് ഇന്ന് പുലർച്ചെ രണ്ട് മണിയോടെ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. അമ്മയാണ് കുട്ടിയെ പുഴയില്‍ എറിഞ്ഞ് കൊന്നതെന്ന് പൊലീസ്.
അമ്മയ്‌ക്ക് മാനസികാസ്വാസ്ഥ്യമെന്നും റിപ്പോർട്ട്. സിസിടിവി ദൃശ്യങ്ങള്‍ തെരച്ചിലിന് നിർണായകമായി. കുട്ടിയുടെ മൃതദേഹം ആലുവ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ഇന്നലെ (മെയ് 19) മൂന്നര മണിയോടെയാണ് തിരുവാങ്കുളത്തെ അങ്കണവാടിയിൽ നിന്നും അമ്മ കുഞ്ഞിനെ കൂട്ടി ആലുവയിലേക്ക് പോയത്. ഇതിനിടയില്‍ കുഞ്ഞിനെ കാണാതാവുകയായിരുന്നു. കുഞ്ഞില്ലാതെയാണ് യുവതി ആലുവയിലെ വീട്ടില്‍ എത്തിയത്. ഇതോടെയാണ് കുഞ്ഞിനെ കാണാതായതായി ഇവർ വീട്ടുകാരെ അറിയിച്ചത്.
തുടർന്ന് ജനപ്രതിനിധികൾ ഉൾപ്പടെ ഇടപെട്ട് പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസെത്തി അമ്മയെ ചോദ്യം ചെയ്തെങ്കിലും പരസ്‌പര വിരുദ്ധമായാണ് മൊഴി നൽകിയത്. മൂഴിക്കുളം പാലത്തിന് സമീപം കുട്ടിയുണ്ടാകാമെന്ന് മൊഴി നൽകുകയായിരുന്നു. ഇതോടെ മൂഴിക്കുളം പാലത്തിന് താഴെ പുഴയിൽ പരിശോധന നടത്തി.
യുവതിയും ഭർത്താവും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതേ തുടർന്ന് യുവതി കുഞ്ഞിനെ അപായപ്പെടുത്തിയതായി സംശയിക്കുന്നതായി ബന്ധു പറഞ്ഞിരുന്നു. ആലുവയിൽ നിന്നും കുഞ്ഞിനെ കാണാതായെന്നാണ് യുവതി ആദ്യം ബന്ധുക്കളെ അറിയിച്ചത്. ഇതോടെ നാടരിച്ച് പെറുക്കിയുള്ള അന്വേഷണമാണ് നടത്തിയത്.
More Read: മൂന്ന് വയസുകാരിയെ കാണാതായ സംഭവം; മൂഴിക്കുളത്തെ പുഴയിൽ വ്യാപക പരിശോധന