എറണാകുളം: തിരുവാങ്കുളത്ത് നിന്നും അമ്മയോടൊപ്പം ആലുവയിലെ വീട്ടിലേക്ക് പോയ കുട്ടിയെ കാണാതായ സംഭവത്തിൽ മൂഴിക്കുളത്തെ പുഴയിൽ വ്യാപക പരിശോധന. ഫയർഫോഴ്‌സ് സംഘത്തെയും മുങ്ങൽ വിദഗ്‌ധരെയും സ്‌കൂബാ ഡൈവിങ് സംഘത്തെയും എത്തിച്ചാണ് പൊലീസ് പരിശോധന തുടരുന്നത്. മൂന്ന് വയസുള്ള കുട്ടിയേയാണ് കാണാതായത്.
അമ്മയുടെ മൊഴികളിൽ പരസ്‌പര വൈരുധ്യമുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇന്ന് (മെയ് 19) മൂന്നര മണിയോടെയാണ് തിരുവാങ്കുളത്തെ അംഗണവാടിയിൽ നിന്നും അമ്മ കുഞ്ഞിനെ കൂട്ടി ആലുവയിലേക്ക് പോയത്. ഇതിനിടയിലാണ് കുഞ്ഞിനെ കാണതായത്. കുഞ്ഞില്ലാതെ അമ്മ ആലുവയിലെ വീട്ടിലേക്ക് എത്തുകയായിരുന്നു. ഇതോടെയാണ് കുഞ്ഞിനെ കാണാതായതായി അമ്മ വീട്ടുകാരെ അറിയിച്ചത്.
തുടർന്ന് ജനപ്രതിനിധികൾ ഉൾപ്പടെ ഇടപെട്ട് പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസെത്തി അമ്മയെ ചോദ്യം ചെയ്തെങ്കിലും പരസ്‌പര വിരുദ്ധമായ മൊഴിയാണ് നൽകിയത്. മൂഴികുളം പാലത്തിന് സമീപം കുട്ടിയുണ്ടാകാമെന്ന് മൊഴി നൽകുകയായിരുന്നു. ഇതോടെയാണ് മൂഴികുളം പാലത്തിന് താഴെ പുഴയിൽ പരിശോധന തുടരുന്നത്.
കുഞ്ഞിന്‍റെ അമ്മയും അച്ഛനും തമ്മിലുള്ള പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതേ തുടർന്ന് അമ്മ കുഞ്ഞിനെ അപായപ്പെടുത്തിയതായി സംശയിക്കുന്നതായി ബന്ധു പ്രകാശ് പറഞ്ഞു. ആലുവയിൽ നിന്നും കുഞ്ഞിനെ കാണാതായെന്നാണ് അമ്മ ആദ്യം ബന്ധുക്കളെ അറിയിച്ചത്. ഇതോടെ നാടരിച്ച് പെറുക്കിയുള്ള അന്വേഷണമാണ് നടത്തിയത്. എന്നാല്‍ തെരച്ചില്‍ ഇതുവരെ സംശയാസ്‌പദമായ തരത്തിലൊന്നും കണ്ടെത്താനായിട്ടില്ല.
Also Read:കൂരിയാട് ദേശീയപാതയിലെ മണ്ണിടിച്ചില്‍; വാഹനങ്ങള്‍ വഴിതിരിച്ച് വിടുന്നു