എറണാകുളം: ഒരു നാടിൻ്റെയാകെ നോവായിമാറിയ മൂന്ന് വയസുകാരിക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. അമ്മ പുഴയിലേക്ക് എറിഞ്ഞു കൊലപ്പെടുത്തിയ കുട്ടിയുടെ മൃതദേഹം സംസ്കരിച്ചു. തിരുവാണിയൂർ പൊതു ശ്മശാനത്തിലാണ് മൃതദേഹം സംസ്കരിച്ചത്. കളമശ്ശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹം തിരുവാങ്കുളത്തെ അച്ഛൻ്റെ വീട്ടിലെത്തിച്ചത്.
ഏറെ വൈകാരികമായ രംഗങ്ങൾക്കാണ് ഇവിടം സാക്ഷിയായത്. അച്ഛനും ബന്ധുക്കളും ചേതനയറ്റ മകളെ കണ്ടതോടെ വിങ്ങിപ്പൊട്ടുകയായിരുന്നു. ഇതാകട്ടെ കണ്ടു നിന്നവരെയെല്ലാം ഈറനണിയിച്ചു. അമ്മ തന്നെ മരണത്തിലേക്ക് തള്ളിവിട്ട പിഞ്ചോമനയ്ക്ക് ബന്ധുക്കളും നാട്ടുകാരും ഏറെ ദുഃഖത്തോടെയാണ് അന്തിമോപചാരം അർപ്പിച്ചത്.
കുഞ്ഞിനെ അമ്മ കൊലപ്പെടുത്താനുണ്ടായ കാരണം വ്യക്തമല്ലന്ന് എസ് പി ഹേമലത പറഞ്ഞു. നിലവിൽ കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്കുള്ളതായി വിവരം ലഭിച്ചിട്ടില്ലന്നും എസ്.പി. വ്യക്തമാക്കി. അതേസമയം, കുഞ്ഞിനെ കൊലപ്പെടുത്തിയ അമ്മ സന്ധ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി. തിങ്കളാഴ്ച വൈകുന്നേരം മൂന്നര മണിയോടെ അമ്മയോടൊപ്പം അംഗണവാടിയിൽ നിന്നും വീട്ടിലേക്ക് മടങ്ങവെയായിരുന്നു കുട്ടിയെ കാണാതായത്.
കുഞ്ഞ് എവിടെയെന്ന് പറയാൻ അമ്മ തയ്യാറായിരുന്നില്ല. പൊലീസ് അമ്മയെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിൻ്റെ ചുരുളഴിഞ്ഞത്. പരസ്പര വിരുദ്ധമായി ആദ്യം മൊഴി നൽകിയെങ്കിലും കുഞ്ഞിനെ മൂഴിക്കുളം പാലത്തിൽ നിന്നും പുഴയിലേക്ക് എറിഞ്ഞതായി മൊഴി നൽകുകയായിരുന്നു. തുടർന്ന് എട്ടര മണിക്കൂർ നീണ്ട തെരെച്ചെ ലിനൊടുവിലാണ് ചാലക്കുടി പുഴയിൽ മൂഴിക്കുളം പാലത്തിന് സമീപത്തു നിന്ന് കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തിയത്.
പുലർച്ചെ 2.15 ഓടെ കണ്ടെത്തിയ കുട്ടിയുടെ മൃതദ്ദേഹം ആലുവ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അമ്മയ്ക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് ബന്ധുക്കൾ പറയുന്നത്. എന്നാൽ മനസിക പ്രശ്ങ്ങളില്ലന്നാണ് ഭർത്താവ് വ്യക്തമാക്കുന്നത്. ഇവരുടെ മാനസിക നിലയുൾപ്പടെ പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
Also Read: കാസര്‍കോട് നിര്‍മാണം നടക്കുന്ന ദേശീയ പാതയില്‍ വലിയ വിള്ളല്‍; അടിയന്തര സാഹചര്യ പദ്ധതി തയാറാക്കും