തിരുവനന്തപുരം: ദാരിദ്ര്യ രേഖയ്ക്ക് താഴെയുളള മത്സ്യത്തൊഴിലാളികള്‍ക്കുളള ഭവന നിര്‍മ്മാണ ഫണ്ടില്‍ തിരിമറി നടത്തിയ കേസില്‍ മുന്‍ ഫിഷറീസ് സബ് ഇന്‍സ്‌പെക്‌ടറെ ശിക്ഷിച്ച് വിജിലന്‍സ് കോടതി. വര്‍ക്കല വെട്ടൂര്‍ മത്സ്യഭവന്‍ ഓഫിസിലെ മുന്‍ ഫിഷറീസ് സബ് ഇന്‍സ്‌പെക്‌ടര്‍ ബേബന്‍ ജെ ഫെര്‍ണാണ്ടസിനെ വിവിധ വകുപ്പുകളിലായി അഞ്ച് വര്‍ഷം കഠിന തടവിനും 1,58,000 രൂപ പിഴയ്ക്കും ശിക്ഷിച്ചത്. പ്രത്യേക വിജിലന്‍സ് കോടതി ജഡ്‌ജി എംവി രാജകുമാരയുടേതാണ് വിധി. അര്‍ഹരായ മത്സ്യത്തൊഴിലാളികള്‍ക്ക് 35,000 രൂപ വീതം മൂന്ന് ഗഡു ആയാണ് ഭവന നിര്‍മാണത്തിനുളള തുക നല്‍കിയിരുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ബേസ്‌മെൻ്റിന് 7,000 രൂപയും ലിൻ്റില്‍ കോണ്‍ക്രീറ്റിന് 18,000 രൂപയും അവസാന ഘട്ടത്തില്‍ 10,000 രൂപ എന്ന നിരക്കിലാണ് നല്‍കിയിരുന്നത്. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്‌ടറില്‍നിന്ന് അര്‍ഹരായ മത്സ്യത്തൊഴിലാളികളുടെ ചെക്ക് ഒപ്പിട്ട് വാങ്ങിയ ശേഷം മത്സ്യഭവനിലെ രജിസ്‌റ്ററില്‍ തൊഴിലാളികളെ കൊണ്ട് ഒപ്പിടുവിച്ച് ചെക്ക് വിതരണം ചെയ്യുന്നതാണ് രീതി. പ്രതിയായ ബേബന്‍ തൊഴിലാളികള്‍ക്കുളള ചെക്ക് വാങ്ങിയ ശേഷം അത് വിതരണം ചെയ്‌തിരുന്നില്ല.
ചെക്ക് കൃത്യമായി ലഭിക്കാതെ വീട് പണി മുടങ്ങിയ മത്സ്യത്തൊഴിലാളികള്‍ ഡയറക്‌ടര്‍ക്ക് പരാതി നല്‍കിയപ്പോഴാണ് തട്ടിപ്പ് മനസിലായത്. ട്രഷറിയില്‍ നിന്ന് ചെക്ക് മാറി പോയിരുന്നതായി വിജിലന്‍സ് കണ്ടെത്തിയെങ്കിലും എപ്രകാരമാണ് മത്സ്യത്തൊഴിലാളികളുടെ പേരിലുളള ചെക്ക് പ്രതി മാറിയെടുത്തതെന്ന് കണ്ടെത്താന്‍ വിജിലന്‍സിന് കഴിഞ്ഞിരുന്നില്ല. സര്‍ക്കാര്‍ ഖജനാവിന് 1,50,000 രൂപ പ്രതി നഷ്‌ടമുണ്ടാക്കിയെന്നാണ് വിജിലന്‍സ് കേസ്. വിജിലന്‍സിന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ വീണ സതീശന്‍ ഹാജരായി.
Also Read: ക്ഷേമ പെന്‍ഷന്‍ രണ്ട് ഗഡുകൂടി; വിതരണം വെള്ളിയാഴ്‌ച മുതല്‍