തിരുവനന്തപുരം: മനുഷ്യ വന്യ ജീവി സംഘര്‍ഷം സജീവ ചര്‍ച്ചാവിഷയമായി തുടരുന്നതിനിടെ കാടിറങ്ങുന്ന വന്യജീവി പ്രശ്‌നം നേരിടാന്‍ നട്ടം തിരിയുകയാണ് സംസ്ഥാന വനം വകുപ്പ്. വനത്തിനുള്ളിലെ ആരോഗ്യകരമായ വനവത്കരണത്തിന് ഏറ്റവും അനുയോജ്യം വൈവിധ്യമാര്‍ന്ന സസ്യ സമ്പത്താണെന്ന് വ്യക്തമാക്കുകയാണ് അസിസ്‌റ്റൻ്റ് ഫോറസ്‌റ്റ് കണ്‍സര്‍വേറ്റര്‍ പി ജോബ്. സംസ്ഥാനമാകെയുള്ള 36 ഫോറസ്‌റ്റ് ഡിവിഷനുകളില്‍ മരങ്ങളുടെയും പുല്ലുകളുടെയും വിത്ത് വിതയ്ക്കാന്‍ ''വിത്ത് കൂട്ടം" എന്ന പദ്ധതിക്കൊരുങ്ങുകയാണ് വനം വകുപ്പെന്നും അദ്ദേഹം ഇ ടി വി ഭാരതിനോട് പറഞ്ഞു.
സംസ്ഥാനമാകെ വനം വകുപ്പിൻ്റെ ചുമതലയില്‍ വരുന്ന 2350 ഹെക്‌ടര്‍ ഭൂമിയിലാണ് വിത്ത് കൂട്ടം വിതറാനൊരുങ്ങുന്നത്. വനത്തിലൂടെ പോകുന്ന വൈദ്യുത ടവറുകള്‍ക്ക് സമീപം, കാട്ടുതീയ്‌ക്ക് ശേഷം പിന്നീട് മരങ്ങള്‍ വളരാത്ത ഇടങ്ങള്‍, ആദിവാസികള്‍ ഉപേക്ഷിച്ച കൃഷിയിടങ്ങള്‍ എന്നിവിടങ്ങളിലാകും വിത്ത് വിതയ്ക്കുക. വനത്തോടു ചേര്‍ന്നുള്ള വനം വകുപ്പിൻ്റെ ചുമതലയിലുള്ള സ്ഥലങ്ങളെയും ഇതിനായി തിരഞ്ഞെടുത്തിട്ടുണ്ട്. 4,12,000 വിത്തുകള്‍ വിതയ്ക്കും. ഇതില്‍ 3,06,000 വിത്തുകള്‍ വിതയ്ക്കാന്‍ തയ്യാറാക്കിയിട്ടുണ്ട്. ഞാവല്‍, കാട്ടുപ്ലാവ്, കാട്ടു മാവ്, നെല്ലി, ആത്തിച്ചക്ക, ഇലഞ്ഞി എന്നിങ്ങനെ 80 ഇനം മരങ്ങളും നമ്പീശന്‍ പുല്ല്(Pennisetum Pedicellatum), കറുക പുല്ല്(Cynodon dactylon) എന്നിങ്ങനെ എട്ടിനം പുല്ലുകളും ഇതിലുള്‍പ്പെടും. ജൂണ്‍ 15 മുതല്‍ ഓഗസ്‌റ്റ് 15 വരെയാകും സംസ്ഥാനമാകെയുള്ള വനം ഡിവിഷനുകളില്‍ വിത്ത് വിതയ്ക്കുക. മരങ്ങള്‍ തിങ്ങിപാര്‍ക്കുന്ന ഇടങ്ങളില്‍ മരവിത്തുകളും പുല്ലുകള്‍ തിങ്ങിപാര്‍ക്കുന്ന ഇടങ്ങളില്‍ പുല്ലിൻ്റെ വിത്തുകളും വിതറുമെന്നും ജോബ് വിശദീകരിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വിത്തുണ്ടകള്‍ വിതറും
വെറുതെ വിത്തുകള്‍ വലിച്ചെറിയുന്നതിന് പകരം വിത്തുണ്ടകള്‍ തയ്യാറാക്കിയാകും സസ്യങ്ങള്‍ നടുകയെന്ന് ജോബ് പറയുന്നു. ചാണകമുപയോഗിച്ച് വിത്തുണ്ടകള്‍ തയ്യാറാക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ചാണകത്തില്‍ വിത്തുകളിട്ടു മണ്ണിലിട്ടാല്‍ കള കയറി നശിച്ചു പോകാന്‍ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ വനത്തിലെ മണ്ണില്‍നിന്ന് ഇലകള്‍ ശേഖരിച്ച് വിത്തുണ്ടകള്‍ തയ്യാറാക്കും.

കാലങ്ങളായി ഇലകള്‍ വീണ് വനത്തില്‍ കമ്പോസ്‌റ്റുണ്ടാകും. ഇത് ശേഖരിച്ച് വെള്ളമൊഴിച്ച് കുഴച്ച് പന്ത് പോലെയാക്കി രണ്ടു ദിവസം തണലിലിട്ട് ഉണക്കും. പിന്നാലെ വിത്തുകളിട്ടു പൂപ്പല്‍ പിടിക്കാതിരിക്കാന്‍ കാര്‍ഡ്‌ബോക്‌സില്‍ സൂക്ഷിക്കും. ഈ വിത്തുണ്ടകള്‍ മണ്ണിലേക്ക് വലിച്ചെറിഞ്ഞാല്‍ മുളയ്ക്കാനുള്ള സാധ്യത 10 ശതമാനം മാത്രമേയുള്ളു. പകരം മണ്ണില്‍ ചെറുതായി അമര്‍ത്തിയാകും വിതറുക. ഓരോ ഫോറസ്‌റ്റ് റേഞ്ചിലും ശരാശരി 2 ഹെക്‌ടര്‍ സ്ഥലത്ത് ഇത്തരത്തില്‍ വിത്തുണ്ടകള്‍ വിതറും. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പുറമേ വനം സംരക്ഷണ സമിതി, ഇക്കോ ഡെവലപ്‌മെൻ്റ് കമ്മിറ്റി, സ്‌കൂള്‍- കോളജ് വിദ്യാര്‍ഥികള്‍, ടൂറിസ്‌റ്റ് ഗൈഡുകള്‍, പ്രൈമറി റെസ്‌പോണ്‍സ് ടീം, ജനജാഗ്രതാ സമിതി അംഗങ്ങള്‍ എന്നിവരെക്കൂ ടി ഉള്‍പ്പെടുത്തുമെന്നും പി ജോബ് വിശദീകരിച്ചു.
