വിൻസി അലോഷ്യസ് നൽകിയ പരാതിയുടെ വിശദാംശങ്ങൾ ചേർന്നതിൽ ഫിലിം ചേംബറിൻ്റെ ഭാഗത്തുനിന്ന് യാതൊരു വീഴ്‌ചയും സംഭവിച്ചിട്ടില്ലെന്നും മലയാള സിനിമാവ്യവസായം വലിയ പ്രതിസന്ധി നേരിടുകയാണെന്നും ഫിലിം ചേംബർ പ്രസിഡൻ്റ് ബി. ആർ. ജേക്കബ്. എമ്പുരാൻ സിനിമ വ്യവസായത്തിന് മൈലേജ് നൽകി. ലഹരി കേസുകളും ലൈംഗിക ആരോപണങ്ങളും മലയാള സിനിമാവ്യവസായത്തെ പ്രതികൂലമായി ബാധിക്കുന്നില്ല. മാധ്യമങ്ങൾ ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പുലർത്തുന്ന രീതിയിൽ സിനിമയ്ക്കുള്ളിലെ പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്യുകയാണെന്നും ബി. ആർ. ജേക്കബ് ആരോപിച്ചു. സിനിമ മേഖലയുമായി വർത്തമാനകാലത്ത് യാതൊരു ബന്ധവുമില്ലാത്തവരാണ് അന്തി ചർച്ചകളിലിരുന്ന് എരിതീയിൽ എണ്ണ ഒഴിക്കുന്നതെന്നും ഇ ടിവി ഭാരതിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ ജേക്കബ് പറഞ്ഞു.
കോടികള്‍ മുടക്കി നിര്‍മിക്കുന്ന സിനിമകൾ സാമ്പത്തിക ലാഭം നേടുന്നില്ല
മലയാള സിനിമാവ്യവസായം വലിയ രീതിയിൽ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. ഒരു സൂപ്പർതാര സിനിമയുടെ ബഡ്‌ജറ്റ് കഴിഞ്ഞ കുറച്ചുകാലം മുമ്പ് വരെ 10 മുതൽ 15 കോടി രൂപ വരെയായിരുന്നു. ഇപ്പോൾ 30 കോടിയിൽ താഴെയുള്ള ചുരുക്കം ചില സൂപ്പർതാര സിനിമകൾ മാത്രമാണ് ഇവിടെ സംഭവിക്കുന്നത്. ഇത്രയും പണം മുടക്കി നിർമിക്കുന്ന സിനിമകൾ സാമ്പത്തിക ലാഭം നേടുന്നില്ല എന്നുള്ളത് വിഷമകരമായ വസ്‌തുതയാണ്. 50 കോടി കളക്ഷൻ 100 കോടി കളക്ഷൻ ഒക്കെ പോസ്‌റ്ററിൽ അച്ചടിച്ചു വയ്ക്കാം. പക്ഷേ ഈ വ്യവസായത്തിൻ്റെ ഭാഗമായവരെ കബളിപ്പിക്കാൻ ആകില്ലല്ലോ. വലിയ ഇൻവെസ്‌റ്റേഴ്‌സ് പിന്‍മാറുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. വലിയ മുതൽമുടക്കുള്ള സിനിമകൾ ചെയ്യാൻ ആർക്കും താല്‍പര്യമില്ല. ചെറിയ ബഡ്‌ജറ്റ് സിനിമകൾ ഭൂരിഭാഗവും തിയേറ്ററിൽ പരാജയപ്പെടുകയാണ്. കഴിഞ്ഞ മൂന്നുവർഷത്തെ കണക്ക് പരിശോധിച്ചാൽ 500-600 സിനിമകൾ ഇവിടെ റിലീസ് ചെയ്‌തു. അതിൽ 25-ല്‍ താഴെ സിനിമകളാണ് മുടക്കുമുതൽ എങ്കിലും തിരിച്ചുപിടിച്ചിട്ടുള്ളത്. എമ്പുരാൻ എന്ന സിനിമ ചർച്ച ചെയ്‌ത ആശയം വിമർശിക്കപ്പെടുന്നുണ്ടെങ്കിലും ചിത്രം മലയാള സിനിമയ്ക്ക് നൽകിയ മൈലേജ് വളരെ വലുതാണ്. തിയേറ്റർ വ്യവസായത്തെ ലാഭകരമായി മുന്നോട്ടു നയിക്കുന്നതിൽ എമ്പുരാൻ നൽകിയ പങ്ക് ചെറുതല്ല. അങ്ങനെയൊരു സിനിമ സംഭവിച്ചില്ലായിരുന്നെങ്കിലോ ചിത്രം പരാജയപ്പെട്ടെങ്കിലോ വരുന്ന മാസങ്ങളിൽ തന്നെ നമ്മുടെ സിനിമാ വ്യവസായം കിതച്ച് തുടങ്ങിയേനെ. ഇപ്പോൾ തിയേറ്ററിൽ ഓടുന്ന ആലപ്പുഴ ജിംഖാന അത്യാവശ്യം കളക്‌ട് ചെയ്യുന്നു. മരണമാസിനും ആളു കയറുന്നുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ 2025 വലിയ കുഴപ്പങ്ങൾ ഇല്ലാതെ മുന്നോട്ടു പോകും. തുടർച്ചയായി ഇവിടെ ഇറങ്ങുന്ന സിനിമകൾ വിജയിച്ചില്ല എങ്കിൽ അടുത്തവർഷം ഗുരുതര പ്രതിസന്ധി മലയാള സിനിമ നേരിടും എന്നത് ഉറപ്പാണ്. ഇപ്പോൾതന്നെ റിലീസ് ആകുന്ന സിനിമകളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ഒടിടി സാറ്റലൈറ്റ് ബിസിനസ് മലയാള സിനിമയ്ക്ക് പൂർണമായി നഷ്‌ടപ്പെട്ട സാഹചര്യമാണ്.
ലഹരി കേസുകളും ലൈംഗിക ആരോപണങ്ങളും
സമൂഹത്തിലെ എല്ലാ മേഖലയിലും ഇത്തരം പ്രശ്‌നങ്ങളുണ്ട്. മലയാള സിനിമ മേഖലയിലെ അഞ്ച് ശതമാനം തൊഴിലാളികൾ പോലും നിരോധിത ലഹരി ഉപയോഗിക്കുന്നില്ല. പക്ഷേ ഇപ്പോൾ വരുന്ന വാർത്തകൾ കേട്ടാൽ മലയാള സിനിമ ലഹരി മാഫിയയുടെ കയ്യിലാണെന്ന് സാധാരണക്കാരന് തോന്നിപ്പോകും. ഷൈൻ ടോം ചാക്കോയെ സംബന്ധിച്ച വാർത്തകൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌ത രീതിയിൽ എനിക്ക് അസംതൃപ്‌തി ഉണ്ട്. വസ്‌തുതാവിരുദ്ധ കാര്യങ്ങൾ മാധ്യമങ്ങൾ പറഞ്ഞു. എൻഡിപിഎസ് ആക്‌ടിനെക്കുറിച്ച് ധാരണ പോലും ഇല്ലാതെയാണ് പല വാർത്തകളും പടച്ചുവിടുന്നത്. സമൂഹത്തിൽ ഏതു മേഖലയിലാണ് ലഹരി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് എന്ന് എനിക്ക് നന്നായി അറിയാം. പക്ഷേ അത് ഇവിടെ പറയാൻ ആഗ്രഹിക്കുന്നില്ല. കോളജുകളും സ്‌കൂളുകളും ലഹരി മാഫിയയുടെ നീരാളി കരങ്ങളിലാണ്. കൊച്ചുകുട്ടികൾ ലഹരി ഉപയോഗിക്കുന്നത് മാധ്യമങ്ങളെ സംബന്ധിച്ചിടത്തോളം ഒരു വലിയ കുറ്റമല്ല. ഏതെങ്കിലും ഒരു ചുമട്ടുതൊഴിലാളി ലഹരി ഉപയോഗിച്ചാൽ അതൊരു വാർത്തയേ അല്ല. സിനിമാമേഖലയിലെ ലഹരി ഉപയോഗത്തെ ന്യായികരിക്കുകയല്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഒരു സിനിമ സെറ്റ് കണ്ടിട്ട് തന്നെ പത്ത്-പതിനഞ്ച് വർഷമായ ആളുകളാണ് സിനിമാമേഖലയിലെ പ്രതിസന്ധികളെപ്പറ്റി ആധികാരികമായി സംസാരിക്കാൻ മാധ്യമങ്ങൾക്ക് മുന്നിൽ സ്‌ഥിരമായി പ്രത്യക്ഷപ്പെടുന്നത്. ഒരു ധാരണയുമില്ലാത്ത കാര്യങ്ങളെക്കുറിച്ച് ഇവർ വിടുവായത്തം പറയുന്നു. സിനിമാ മേഖലയിൽ എന്തു പ്രശ്‌നം സംഭവിച്ചാലും അങ്ങനെ കുറേ സ്‌ഥിരം ആൾക്കാരുണ്ട്. വൈകുന്നേരം ആകുമ്പോൾ നിരന്ന് ടിവി സ്ക്രീനുകളിൽ പ്രത്യക്ഷപ്പെടും. എന്തൊക്കെയോ വിളിച്ചു പറയും. ജനങ്ങൾ ഇതെല്ലാം കേട്ടുകൊണ്ടിരിക്കുകയാണ്. ഈ രീതിയിൽ സ്ഥിരമായി തുടരുകയാണെങ്കിൽ ഉറപ്പായും ജനങ്ങൾ പ്രതികരിക്കും. മാധ്യമങ്ങളുടെ വിശ്വാസ്യത നഷ്‌ടപ്പെടും.

ഇവിടെ എന്തൊക്കെ പ്രശ്‌നങ്ങൾ സംഭവിച്ചാലും ഒരു നല്ല സിനിമ ഉണ്ടായാൽ ജനങ്ങൾ വീണ്ടും സിനിമയെ സ്വീകരിക്കുകതന്നെ ചെയ്യും. ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന സമയത്ത് ജനങ്ങൾ തിയേറ്ററുകളിലേക്ക് വരാൻ മടി കാണിച്ചു എന്ന തരത്തിൽ വാർത്തകൾ കേട്ടു . പക്ഷേ 2024 ഓണം ചിത്രങ്ങൾ റിലീസ് ആയതോടെ ജനങ്ങൾ തീയേറ്ററിൽ എത്തിയില്ലേ. ഒരു തരത്തിലുള്ള ആരോപണങ്ങളും സിനിമ വ്യവസായത്തെ പ്രതികൂലമായി ബാധിച്ചില്ല. ഇനി ബാധിക്കുകയുമില്ല. ആരോപണങ്ങൾ സിനിമകളുടെ പരാജയത്തിന് കാരണമാകില്ല. അങ്ങനെയെങ്കിൽ ഒരു ആരോപണവും ഇല്ലാത്ത കാലത്ത് ഇവിടെ ഇറങ്ങിയ കഴമ്പില്ലാത്ത സിനിമകൾ വിജയിക്കണമല്ലോ. അങ്ങനെ എത്ര സിനിമകള്‍ വിജയിച്ചു?
സിനിമകൾ സാമ്പത്തിക വിജയം നേടുന്നില്ല എന്നൊരു പ്രശ്‌നം ഒഴിച്ചുനിർത്തിയാൽ മലയാള സിനിമാമേഖല ശാന്തമാണ്. ചലച്ചിത്ര സംഘടനകൾ സുഗമമായ വ്യവസായത്തിൻ്റെ നടത്തിപ്പിന് വഴിയൊരുക്കുന്നുണ്ട്. എന്നും തൊഴിലാളികൾക്കൊപ്പമാണ് ചലച്ചിത്ര സംഘടനകൾ നിലനിൽക്കുക. ഒരു പരാതി ഉന്നയിച്ചാൽ നീതി ഉറപ്പാക്കാൻ ഫിലിം ചേംബർ എന്നും മുൻപന്തിയിൽ ഉണ്ട്.
Read Also "തോമസുകുട്ടി, നിവൃത്തിയില്ലാതെ ചെയ്ത ഒരു തെറ്റാണ്"; അനുകരണങ്ങളിലെ അതിർ വരമ്പുകളെ കുറിച്ച് നടൻ അശോകൻ