കണ്ണൂർ: ഉദിച്ചുയരുന്ന സൂര്യപ്രഭയുടെ അതേ തെളി വെളിച്ചത്തിൽ പാടത്ത് പരവതാനി വിരിക്കാറുള്ള കണിവെള്ളരി തോട്ടം മാട്ടൂലിലെയും മാടായിലെയും വിഷുക്കാലത്തെ സ്ഥിരം കാഴ്‌ചകളിൽ ഒന്നാണ്. എന്നാൽ ഇത്തവണ പാടത്ത് ചെന്നപ്പോൾ കണ്ട കാഴ്‌ച കണ്ണീരണിയിക്കുന്നതായിരുന്നു. വിളഞ്ഞു പാകമായ സ്വർണ നിറത്തിൽ ഉള്ള വെള്ളരികൾ നടുകെ പിളർന്നിരിക്കുന്നു. ചിലതാകട്ടെ പൊള്ളി വീണ് ചതഞ്ഞ നിലയിലും.
അനിയന്ത്രിതമായ ചൂടും മാറിയെത്തിയ മഴയുമാണ് വെള്ളരി കൃഷിയെ ആകെ ബാധിച്ചത്. വിഷു വിപണിയെ മുന്നിൽ കണ്ട് 3 ഏക്കറോളം വരുന്ന പാടത്ത് നിരവധി കർഷകരാണ് കണിവെള്ളരി കൃഷി ചെയ്യാറുള്ളത്. എന്നാൽ ഇത്തവണ എല്ലാവരെയും കാലാവസ്ഥ ചതിച്ചു.
40 വർഷമായി മാട്ടൂലിൽ വെള്ളരി കൃഷി ചെയ്യുന്ന വെള്ളക്കുടിയൻ വിജയന് ഇത്തവണ നഷ്‌ടമായത് ക്വിന്‍റൽ കണക്കിന് വെള്ളരിയാണ്. എല്ലാ വർഷവും വലിയ രീതിയിൽ വിളവ് കിട്ടാറുള്ള കർഷകന് ഇത്തവണ മഴയും കാലാവസ്ഥയും പ്രതികൂലമായതോടെയാണ് സ്ഥിതി ആകെ മാറിമറിഞ്ഞത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
90 ദിവസം കൊണ്ട് വിളവെടുക്കുന്ന തണ്ണിമത്തൻ കൃഷിയുടെയും അവസ്ഥ വ്യത്യസ്‌തമല്ല. വിഷു വിപണി മുന്നിൽക്കണ്ട് കുംഭ മാസം ഒന്നിനാണ് വെള്ളരി കൃഷി ഇറക്കാറുള്ളത്. മേട മാസം ആവുമ്പോഴേക്കും വിപണിയിൽ എത്തിക്കാൻ പറ്റുന്ന രീതിയിലാണ് കൃഷി.
പണിക്ക് അനുസൃതമായ ലാഭം ലഭിക്കാത്തതും കന്നുകാലി ശല്യവും ഒക്കെ വെള്ളരി കൃഷിയെ സാരമായി തന്നെ ബാധിച്ചു. പലരും ഈ കൃഷി ഉപേക്ഷിച്ച് മറ്റു ജോലികള്‍ തേടി പോവുകയും ചെയ്‌തു. എങ്കിലും ഓരോ വിഷുക്കാലത്തും മലയാളികൾക്ക് കണിവെള്ളരി എന്ന സ്വർണ നിറമുള്ള കായ്‌ഫലം ഒഴിച്ചു കൂടാൻ പറ്റാത്തത് ആണ്.