തിരുവനന്തപുരം: ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലെ ഉപകരണ ക്ഷാമത്തേത്തുടര്‍ന്ന് ന്യൂറോ, റേഡിയോളജി ശസ്ത്രക്രിയകള്‍ മുടങ്ങിയതിൽ അടിയന്തര യോഗം ഇന്ന്. ശസ്ത്രക്രിയകൾ മാറ്റിവച്ച സംഭവത്തിൽ ഡയറക്‌ടർ ഡോ സഞ്ജയ് ബിഹാരി വിളിച്ച അടിയന്തര യോഗമാണ് ഇന്ന് നടക്കുന്നത്.
ഉപകരണങ്ങളുടെ ലഭ്യതക്കുറവ് മൂലം പത്തോളം ശസ്ത്രക്രിയകൾ മാറ്റിവച്ചതായാണ് വിവരം. നേരത്തെ യോഗത്തെ കുറിച്ച് ചില ആശയകുഴപ്പങ്ങളുണ്ടായിരുന്നു. യോഗം വിളിച്ച തീരുമാനം വകുപ്പുമേധാവികൾ അറിഞ്ഞിരുന്നില്ല. ഇതോടെ യോഗം ഉണ്ടെന്ന് അറിയിച്ച ശ്രീചിത്ര പിആർഒ സംഭവം നിഷേധിക്കുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നിലവിൽ തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ നിശ്ചയിച്ചിരുന്ന ശസ്ത്രക്രിയകള്‍ മാറ്റിയിട്ടുണ്ട്. പ്രതിസന്ധി രൂക്ഷമായതോടെ ഡയറക്‌ടർ ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ഡോക്‌ടർമാർ ആവശ്യപ്പെട്ടിരുന്നു. ശസ്ത്രക്രിയ ഉപകരണങ്ങൾക്കുള്ള കരാറുകൾ കഴിഞ്ഞ രണ്ട് വർഷമായി ശ്രീചിത്ര പുതുക്കിയിരുന്നില്ല.
ഔദ്യോഗികമായി കരാറുകൾ പുതുക്കുന്നതിലുണ്ടായ സാങ്കേതിക തടസമാണ് പ്രതിസന്ധിയുണ്ടാക്കിയതെന്നാണ് വിലയിരുത്തൽ. ശ്രീചിത്രയിലെ പർച്ചേസ് വിഭാഗത്തിനാണ് ഇതിൻ്റെ ചുമതല. സങ്കീർണമായ ശസ്ത്രക്രിയകൾ നടക്കുന്ന ഇൻ്റർവെൻഷണൽ റേഡിയോളജി വിഭാഗത്തെയാണ് ഉപകരണങ്ങളുടെ ക്ഷാമം ഗുരുതരമായി ബാധിച്ചത്.
വിഷയം ഉടൻ പരിഹരിക്കണമെന്നാണ് ആവശ്യം. ശസ്ത്രക്രിയ ഉപകരണങ്ങളുടെ ലഭ്യതക്കുറവ് മറ്റ് വിഭാഗങ്ങളയും വരും ദിവസങ്ങളിൽ പ്രതികൂലമായി ബാധിക്കാനുള്ള സാഹചര്യവും നിലവിലുണ്ട്.
Also Read: ഇടുക്കിയിൽ കൊവിഡ്; ജാഗ്രത ശക്തമാക്കി ആരോഗ്യ വകുപ്പ് - IDUKKI COVID