മലപ്പുറം: വളാഞ്ചേരിയിൽ ചാർജിങ്ങിനിടെ ഇലക്ട്രിക് സ്‌കൂട്ടർ പൊട്ടിത്തെറിച്ചു. ഇരിമ്പിളിയം സ്വദേശി സൈഫുദ്ധീന്‍റെ ഉടമസ്ഥതയിലുള്ള കോമാക്കി ടിഎൻ 95 എന്ന മോഡൽ വാഹനമാണ് കത്തി നശിച്ചത്. ഇന്ന് (ഏപ്രിൽ 14) പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. അപകടത്തിൽ സ്‌കൂട്ടർ പൂർണമായും കത്തി നശിച്ചു.
ഏറ്റവും പുതിയ വാർത്തകൾക്ക് ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
വീട്ടിൽ ആളില്ലാത്ത സമയത്താണ് സംഭവം. ഈ വീട് ബേക്കറി യൂണിറ്റായി പ്രവർത്തിക്കുകയായിരുന്നു. ബേക്കറിയിലെ ഡെലിവറിക്കും മറ്റും ഉപയോഗിക്കുന്നതിനായാണ് വാഹനം എടുത്തതെന്ന് സൈഫുദ്ധീൻ പറഞ്ഞു. മൂന്ന് വർഷമായി ഈ വാഹനം വാങ്ങിയിട്ട്. അതാണ് ഇപ്പോൾ കത്തി നശിച്ചതെന്നും സൈഫുദ്ധീൻ കൂട്ടിച്ചേർത്തു.
അയൽവാസികളാണ് സംഭവം ആദ്യം കണ്ടത്. വീട്ടിൽ ആൾത്താമസം ഇല്ലാത്തതുകൊണ്ട് തങ്ങളെ വിളിക്കുകയും ഉടൻ തന്നെ താൻ സ്ഥലത്തെത്തുകയുമായിരുന്നെന്ന് സൈഫുദ്ധീൻ വ്യക്തമാക്കി. സ്‌കൂട്ടർ കത്താനുള്ള കാരണമെന്താണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ബാറ്ററിയുടെ ഭാഗത്താണ് കൂടുതൽ തീ ഉണ്ടായിരുന്നത്. ഭയാനകരമായ ഒരന്തരീക്ഷമായിരുന്നു ഇവിടെ ഉണ്ടായതെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം സ്ഫോടനത്തിൽ വീടിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വീട്ടുകാരും നാട്ടുകാരും സമയോചിതമായി ഇടപെട്ടതിനാലാണ് വലിയൊരു അഗ്നിബാധ ഒഴിവാക്കാൻ സാധിച്ചത്. സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾ നടക്കുന്നുണ്ട്.