കാസർകോട് : കേരളത്തിലെ ജനസംഖ്യയുടെ മൂന്നിൽ ഒന്നുപോലും ഇല്ലാത്ത ഗോത്ര വിഭാഗമാണ് കൊറഗ വിഭാഗം (കൊറഗർ). കാട്ടിലെ വള്ളികൾ കൊണ്ടുവന്ന് കുട്ടയാക്കി മെടഞ്ഞു വില്‍പന നടത്തുന്നതാണ് ഇവരുടെ ഉപജീവനമാർഗം. കേരളത്തിൽ കാസർകോട് ജില്ലയിൽ മാത്രമാണ് ഇവർ ഉള്ളത്. അതും 2000ത്തോളം പേർ മാത്രം.
ഈ വിഭാഗത്തിൽ നിന്നും 20 കുട്ടികൾ ഡ്രോൺ പരിശീലനത്തിന് എത്തിയിരിക്കുകയാണ്. സംസ്ഥാനത്ത് ആദ്യമായാണ് ഗോത്ര വിഭാഗത്തിന് കുടുംബശ്രീയുടെ നേതൃത്വത്തിൽ ഡ്രോൺ പരിശീലനം നൽകുന്നത്. അസാപ്പ് വഴി ആണ് പരിശീലനം. സ്‌കൂളിൽ പോകാൻ മടി ഉണ്ടായിരുന്നെങ്കിലും ഡ്രോൺ പരിശീലനത്തിന് വരാൻ മടി ഇല്ലെന്ന് കുട്ടികൾ പറഞ്ഞു.
കൊറഗ സ്‌പെഷ്യല്‍ പ്രോജക്‌ടിന്‍റെ ഭാഗമായാണ് തെരഞ്ഞെടുത്ത 20 പേർക്ക് ഡ്രോണ്‍ പൈലറ്റ് പരിശീലനം നല്‍കുന്നത്. പരിശീലനത്തിന് എത്തിയവർക്കുള്ള ഭക്ഷണം, യാത്രാബത്ത, പാസ്‌പോര്‍ട്ട് ഫീ ഉള്‍പ്പെടെ വകയിരുത്തിയാണ് കുടുംബശ്രീ നൂതന സാങ്കേതിക പരിശീലനത്തിന് തുടക്കം കുറിക്കുന്നത്. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് റിക്രൂട്ട്‌മെന്‍റുകളും നൽകും.
അസാപ്പ് സ്‌കില്‍ പാര്‍ക്കുമായി സഹകരിച്ച് 16 ദിവസത്തെ പരിശീലനമാണ് നല്‍കുന്നത്. കൊറഗ കോളനിയിൽ നിരവധി പദ്ധതികൾ കുടുംബശ്രീ നടപ്പിലാക്കിയിട്ടുണ്ട്. ഇതിനിടയിലാണ് ഡ്രോൺ പഠിക്കണമെന്ന് ആഗ്രഹം ചിലർ പ്രകടിപ്പിച്ചതെന്ന് കൊറഗ സ്‌പെഷ്യല്‍ പ്രോജക്‌ട് കോര്‍ഡിനേറ്റര്‍ യദുരാജ് പറഞ്ഞു.
മാതാപിതാക്കൾക്ക് താത്‌പര്യക്കുറവ് ഉണ്ടായിരുന്നെങ്കിലും കുട്ടികൾ തീരുമാനത്തിൽ നിന്നും പിന്നോട്ട് പോയില്ല. തുടർന്നാണ് നടപടികൾ ആരംഭിച്ചതെന്നും യദുരാജ് ഇടിവി ഭാരതിനോട് പറഞ്ഞു. ആദ്യം പലർക്കും ആശങ്ക ഉണ്ടായിരുന്നുവെന്നും ഇപ്പോൾ വലിയ ആവേശത്തോടെ ആണ് എത്തുന്നതെന്നും ട്രെയിനർ അജിത് പറഞ്ഞു. ഡ്രോൺ ആദ്യമായി കാണുന്നവർ ഉണ്ട്. അതിന്‍റെ പ്രവർത്തനം സൂക്ഷ്‌മതയോടെ ആണ് വീക്ഷിക്കുന്നതെന്നും അജിത് പറഞ്ഞു. 16 ദിവസത്തെ പരിശീലനം പൂർത്തിയാക്കി ഇവർ മടങ്ങും.
മകൾക്ക് വേണ്ടി അപേക്ഷിച്ചു അമ്മ ക്ലാസിൽ എത്തി
ഡ്രോൺ പരിശീലനത്തിന് മകൾക്ക് വേണ്ടിയാണ് അപേക്ഷിച്ചതെങ്കിലും പരീക്ഷ തിരക്ക് ഉള്ളതിനാൽ താൻ വരട്ടെ എന്ന് സൗമ്യ അധികൃതരോട് ചോദിച്ചു. പഠിക്കാൻ പ്രായ പരിധി ഇല്ലാത്തതിനാൽ അധികൃതർ സമ്മതം മൂളി. അങ്ങനെ സൗമ്യയും പരിശീലനം നടത്തി വരുന്നു. നിരീക്ഷണ ക്യാമറകൾ പറത്താൻ ആണ് ഇഷ്‌ടമെന്നും ലൈസൻസ് കിട്ടിയാൽ ഡ്രോൺ ക്യാമറകൾ പരത്തുമെന്നും സൗമ്യ പറഞ്ഞു. ചെറിയ ഡ്രോൺ ഉണ്ടാക്കിയവരും ഈ കൂട്ടത്തിൽ ഉണ്ട്.
അസാപ്പ് കേരളയിലൂടെ എങ്ങനെ ഡ്രോൺ പൈലറ്റ് ആകാം
അസാപ് കേരള ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഒരു സെക്ഷൻ സ്‌കിൽ ട്രെയിനിങ് സ്ഥാപനമാണ്. വിവിധ തരത്തിലുള്ള തൊഴിൽ നൈപുണ്യ പരിശീലന പദ്ധതികൾ അസാപ് കേരള പൊതുജനങ്ങൾക്കായി അസാപ്പിന്‍റെ കമ്മ്യൂണിറ്റി സ്‌കിൽ പാർക്കുകൾ വഴിയും കോളജുകൾ വഴിയും ഓൺലൈനായും നൽകിവരുന്നുണ്ട്.
ഇത്തരത്തിൽ നൽകിവരുന്നതിൽ ഏറ്റവും പ്രീമിയം കാറ്റഗറിയിൽ ഉൾപ്പെടുത്താവുന്ന അസാപ്പിന്‍റെ പരിശീലന പദ്ധതിയാണ് ഡ്രോൺ പൈലറ്റ് പരിശീലന പദ്ധതി. അസാപ്പിൽ നിലവിൽ ഈ പരിശീലന പദ്ധതി കാസർകോട് വിദ്യാനഗറിലുള്ള കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിലാണ് ലഭ്യമായിട്ടുള്ളത്. കൊവിഡ് കാലം മുതലാണ് ഡ്രോൺ മേഖലയ്ക്ക് പ്രചാരം ലഭിക്കുന്നതും കൂടുതൽ ആളുകളിലേക്ക് ഇങ്ങനെ ഒരു സാധ്യതയെ പറ്റി അറിവ് എത്തിപ്പെട്ടതും. ഇത് പുതിയൊരു തൊഴിൽ മേഖലയിലേക്ക് വഴി തുറക്കുകയും ചെയ്‌തു.
അസാപ് കേരള നിലവിൽ AUAS (Autonomous Unmanned Aerial System Pvt Ltd) കമ്പനിയുമായി സഹകരിച്ചാണ് ഡ്രോൺ പരിശീലനം നടത്തുന്നത്. കേരളത്തിൽ ഡ്രോൺ പരിശീലനം നടത്തുന്നതിന് ഡിജിസിഎ (ഡയറക്‌ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ)യുടെ അംഗീകാരം ലഭിച്ച ആദ്യ ആർപിടിഒ (RPTO- Remote pilot training organisation) ആണ് അസാപും AUAS ഉം.
25 കിലോഗ്രാം വരെ ഭാരം വയ്ക്കാൻ പറ്റുന്ന സ്‌മോൾ കാറ്റഗറിയിൽ ഉൾപ്പെടുന്ന ഡ്രോണുകൾ ഉപയോഗിക്കാനുള്ള ഡിജിസിഎയുടെ ലൈസൻസ് ആണ് അസാപ്പും AUAS കൂടെ നേടിതരുന്നത്. നിലവിൽ ഒട്ടനവധി തൊഴിൽ സാധ്യതകളാണ് ഡ്രോൺ മേഖലയിൽ ഉള്ളത്, ഫോട്ടോഗ്രഫി, വീഡിയോഗ്രഫി എന്നതിനപ്പുറം ത്രീഡി മാപ്പിങ്, ഏരിയൽ സർവേ, സർച് ആൻഡ് റെസ്ക്യൂ, എരിയൽ സിനിമാറ്റൊഗ്രഫി, കാർഷികാപരമായ ആവശ്യത്തിനുള്ള ഡ്രോൺ ഉപയോഗം, ട്രാഫിക്കും കാലാവസ്ഥ നിരീക്ഷണവും, ഫയർ ഫൈറ്റിങ് തുടങ്ങിയ നൂതനമായ മേഖലകളിലും ഇന്ന് ഡ്രോണിന്‍റെ കടന്നു വരവ് വിപ്ലവകരമായ മാറ്റങ്ങളാണ് സൃഷ്‌ടിച്ചിട്ടുള്ളത്. ഇന്ന് നമ്മൾ വിളിക്കുന്ന ഡ്രോണുകളുടെ യഥാർഥ പേര് UAV അഥവാ അൺമാൻഡ് ഏരിയൽ വെഹിക്കിൾസ് എന്നാണ്.
അസാപ്പിൽ നിലവിലുള്ള ഡ്രോൺ കോഴ്‌സുകൾ
അസാപ്പിൽ നിലവിൽ മൂന്നുതരം ഡ്രോൺ കോഴ്‌സുകൾ ആണ് പൊതുജനങ്ങൾക്കായി നൽകുന്നത്. 16 ദിവസത്തെ എക്‌സിക്യൂട്ടീവ് ഡ്രോൺ പ്രോഗ്രാമിൽ ത്രീഡി മാപ്പിങ്, UAV സർവലൈൻസ്, അസംബ്ലിങ് ആൻഡ് പ്രോഗ്രാമിങ്, എരിയൽ സിനിമാറ്റൊഗ്രഫി തുടങ്ങി അഗ്രികൾച്ചർ മേഖല ഒഴികെ ഡ്രോൺ ഉപയോഗിക്കുന്ന എല്ലാ മേഖലയിലെയും ഈ കോഴ്‌സിലൂടെ പരിശീലിപ്പിക്കുന്നു. പൂർണ്ണമായും ഓഫ്‌ലൈൻ ആയിട്ടാണ് അസാപ്പ് ഡ്രോൺ കോഴ്‌സ് നടത്തുന്നത്.
അസാപ് നൽകുന്ന രണ്ടാമത്തെ ഡ്രോൺ കോഴ്‌സ് ആണ് അഗ്രികൾച്ചറൽ ഡ്രോൺ പൈലറ്റ് ട്രെയിനിങ്. 7 ദിവസത്തെ ഈ പരിശീലനത്തിൽ അഗ്രികൾച്ചറൽ ഡ്രോൺ എങ്ങനെ ഉപയോഗിക്കാം, ഡ്രോണുകളുടെ ഉപയോഗം, എന്നീ കാര്യങ്ങളിൽ പരിശീലിപ്പിക്കുന്നു.
മൂന്നാമത്തെ കോഴ്‌സ് ആയ സ്‌മോൾ കാറ്റഗറി ഡ്രോൺ പൈലറ്റ് ട്രെയിനിങ്, അഞ്ചുദിവസത്തെ ഈ കോഴ്‌സിൽ 2 മുതൽ 25 കിലോ ഗ്രാം വരെ ഭാരമുള്ള ഡ്രോണുകൾ ഉപയോഗിക്കുന്നതിനുള്ള പരിശീലനം ലഭിക്കുന്നു. അസാപ്പിലൂടെ ഈ മൂന്ന് കോഴ്‌സുകളിലൂടെയും വാണിജ്യപരമായ ആവശ്യങ്ങൾക്കു വേണ്ടി ഡ്രോൺ ഉപയോഗിക്കുന്നതിനുള്ള ഡിജിസിഎയുടെ ലൈസൻസ് ലഭിക്കുന്നു.
ഡ്രോൺ ലൈസൻസ് നേടുന്നതിനുള്ള യോഗ്യതകൾ/ ആവശ്യമായ രേഖകൾ
• 18 വയസ് പൂർത്തിയായിരിക്കണം
• ഇംഗ്ലീഷ് ഭാഷയിലെ അടിസ്ഥാന പരിജ്ഞാനം.
• SSLC അല്ലെങ്കിൽ തത്തുല്യം
• ഇന്ത്യൻ പാസ്പോർട്ട്
• മെഡിക്കൽ സർട്ടിഫിക്കറ്റ്
• പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്
നിലവിൽ അസാപ്പിൽ നിന്നും സേനാവിഭാഗങ്ങളായ കേരള പൊലീസ്, ദുരന്തനിവാരണ സേന എന്നിവരും വിവിധ സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളും ഉൾപ്പെടെ 280ൽ അധികം പേർ ഇതിനോടകം കാസർകോട് അസാപ്പിൽ കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ നിന്നും ഡ്രോൺ പരിശീലനം പൂർത്തിയാക്കി പല മേഖലകളിലായി ജോലി ചെയ്യുന്നു. കേരളത്തിൽ നിന്നും ആദ്യമായി ഡ്രോൺ പറത്തുന്നതിനുള്ള ഡിജിസിഎ ലൈസൻസ് ലഭിച്ച വനിതയായ മലപ്പുറം സ്വദേശിനി റിൻഷാ പട്ടക്കൽ കാസർകോട് അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ നിന്നുമായിരുന്നു കോഴ്‌സ് പൂർത്തിയാക്കിയത്.
ഡ്രോൺ കോഴ്‌സ് കൂടാതെ IT, ബാങ്കിങ്, ബിസിെനസ് തുടങ്ങി വിവിധ മേഖലകളിലായി 45 ഓളം കോഴ്‌സുകളും നിലവിൽ കാസർകോട് അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ നൽകി വരുന്നുണ്ട്. ഡ്രോൺ കോഴ്‌സിനെ പറ്റിയും കാസർകോട് അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിലെ മറ്റു കോഴ്‌സുകളെ പറ്റിയും കൂടുതൽ അറിയുവാൻ അസാപ്പിന്‍റെ വെബ് സൈറ്റ് സന്ദർശിക്കുകയോ 944732631എന്ന നമ്പറിൽ ബന്ധപ്പെടുകയോ അല്ലെങ്കിൽ കാസർകോട് അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് സന്ദർശിക്കുകയോ ചെയ്യാവുന്നതാണ്.