കോഴിക്കോട്: കേരളത്തിൻ്റെ വടക്കൻ ജില്ലകളിലെ കാലാവസ്ഥാപ്രവചനത്തിന് ഡോപ്ലർ വെതർ റഡാർ സ്ഥാപിതമാകുന്നു. വയനാട് പുൽപ്പള്ളി പഴശ്ശിരാജാ കോളജ് ക്യാമ്പസ് ഭൂമിയിലാണ് റഡാർ സ്ഥാപിക്കുക. സംസ്ഥാന ദുരന്തവിവാരണ അതോറിറ്റിയുടെ ആവശ്യപ്രകാരം കേന്ദ്ര കാലാവസ്ഥ വകുപ്പാണ് എക്സ് ബാൻഡ് ഡോപ്ലർ വെതർ റഡാർ സ്ഥാപിക്കുന്നത്. പദ്ധതിക്ക് സംസ്ഥാന സർക്കാർ അനുമതി നൽകി. വടക്കൻ കേരളത്തിലെ ആദ്യ റഡാർ ആണ് വയനാട്ടിൽ യാഥാർഥ്യമാകാൻ പോകുന്നത്.
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയാണ് പദ്ധതിക്ക് വേണ്ടി ഭൂമി കണ്ടെത്തിയതെന്ന് അതോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസ് ഇടിവി ഭാരതിനോട് പറഞ്ഞു. '' കോഴിക്കോടോ കണ്ണൂരോ സ്ഥലം കണ്ടെത്തണമെന്നായിരുന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് നിർദേശിച്ചത്. വിവിധ സ്ഥലങ്ങൾ കണ്ടെങ്കിലും വയനാട് ഇതിൻ്റെ പരിധിയിൽ വരില്ലെന്ന് മനസിലാക്കി. അതോടെ വയനാട്ടിൽ സ്ഥലം കണ്ടെത്താൻ ആവശ്യപ്പെട്ടു. അങ്ങനെയാണ് പഴശ്ശിരാജാ കോളജ് ക്യാമ്പസ് ഭൂമി കണ്ടെത്തിയത്. മുഖ്യമന്ത്രിയുടെ മുന്നിൽ വിഷയം അവതരിപ്പിച്ചു. മലങ്കര സഭയുടെ ഭൂമി ആയതുകൊണ്ടുതന്നെ ക്ലീമിസ് തിരുമേനിയുമായി മുഖ്യമന്ത്രി സംസാരിച്ചു. തുടർന്ന് ഒരു ഉപാധിയുമില്ലാതെ മാനേജർ തോമസ് ബിഷപ്പ് സ്ഥലം വിട്ടു നൽകുകയായിരുന്നു'' ശേഖർ കുര്യാക്കോസ് പറഞ്ഞു.
30 മീറ്റർ നീളവും 30 മീറ്റർ വീതിയുമുള്ള ഭൂമി ഇതിനായി കണ്ടെത്തിക്കഴിഞ്ഞു. 2024 സെപ്തംബർ മുതൽ തുടങ്ങിയ നീക്കങ്ങൾ വരുന്ന കാലവർഷം പകുതി പിന്നിടുമ്പോഴേക്കും ഫലപ്രാപ്തിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 30 കോടി ചെലവ് വരുന്ന പദ്ധതി പൂർത്തിയാകുന്നതോടെ കാസർകോടിൻ്റെ പകുതി ഭാഗം കണ്ണൂർ, കോഴിക്കോടിൻ്റെ സിംഹഭാഗവും വയനാട് പൂർണമായും മലപ്പുറത്തിൻ്റെ കുറഞ്ഞ ഭാഗവും റഡാർ പരിധിയിൽ വരും. 100 മീറ്റർ പരിധിയിലാണ് നിരീക്ഷണം സാധ്യമാകുക. ഇടയിൽ വരുന്ന മലകളും കുന്നുകളും കാഴ്ച മറയ്ക്കുന്നതു കൊണ്ടാണ് ചില ഭാഗങ്ങൾ പതിയാതെ പോകുന്നത്. ഇത് പൂർത്തിയാകുന്നതോടെ കേരളം ഒന്നടങ്കം റഡാർ നിരീക്ഷണത്തിലാകും. മംഗളൂരുവിൽ സി ബാൻഡ് ഡോപ്ലർ റഡാറിൻ്റെ നിർമാണം പുരോഗിക്കുകയാണ്. ഇത് യാഥാർഥ്യമാകുന്നതോടെ കർണാടകത്തിൻ്റെ തെക്കൻ ജില്ലകൾക്ക് പുറമേ, കാസർകോട്, കണ്ണൂർ ജില്ലകളും നിരീക്ഷണ പരിധിയിൽ വരും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വയനാട്ടിലുണ്ടായ വൻ ഉരുൾപൊട്ടലിനെ തുടർന്ന് കാലാവസ്ഥ നിരീക്ഷണ സംവിധാനങ്ങളുടെ അഭാവം ആശങ്കയ്ക്ക് ഇടവരുത്തുകയും വിവാദങ്ങളിലേക്ക് വലിച്ചിഴക്കുകയും ചെയ്തിരുന്നു. കേരളത്തിൽ കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ റഡാർ സംവിധാനങ്ങളുള്ളത്. കൊച്ചിയിൽ എസ് ബാൻഡും തിരുവനന്തപുരത്ത് സി ബാൻഡുമാണ് ഉള്ളത്. കൂടാതെ, കൊച്ചി കളമശേരിയിൽ കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ സ്ട്രാറ്റോസ്ഫിയർ - ട്രോപോസ്ഫിയർ റഡാറും ഉണ്ട്. എന്നാൽ വടക്കൻ ജില്ലകൾ കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ റഡാർ സംവിധാനങ്ങളുടെ പരിധിക്ക് പുറത്തുനിന്നത് വെല്ലുവിളിയായിരുന്നു. ഇതിന് വിരാമമിടുകയാണ് വയനാട്ടിൽ സ്ഥാപിക്കുന്ന ഡോപ്ലർ റഡാർ.
എന്താണ് ഡോപ്ലർ റഡാർ
ഇന്ത്യയിലുടനീളം കാലാവസ്ഥ നിരീക്ഷണത്തിനും പ്രവചനത്തിനുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉപയോഗിക്കുന്ന പ്രധാന സംവിധാനമാണ് ഡോപ്ലർ റഡാർ. മഴ, ഇടിമിന്നൽ, ചുഴലിക്കാറ്റ് തുടങ്ങിയ പ്രകൃതിക്ഷോഭങ്ങളുടെ പ്രവചനം ഡോപ്ലർ റഡാർ ഉപയോഗിച്ച് സാധ്യമാകും. രാജ്യത്തെ തത്സമയ കാലാവസ്ഥാ നിരീക്ഷണത്തിൽ റഡാറുകൾ നിർണായക പങ്ക് വഹിക്കുന്നുണ്ട്. മഴയുടെ തീവ്രത, കാറ്റിൻ്റെയും മഴമേഘങ്ങളുടെ സഞ്ചാര ദിശ തുടങ്ങിയവ ഉയർന്ന കൃത്യതയോടെ ഡോപ്ലർ റഡാർ പ്രവചിക്കും. എസ്, സി, എക്സ് എന്നീ വിവിധ ബാൻഡുകളിലുള്ള റഡാറുകളാണ് കാലാവസ്ഥ വകുപ്പ് ഉപയോഗിക്കുന്നത്. തരംഗത്തിന്റെ ആവൃത്തിയിലുള്ള മാറ്റം അടിസ്ഥാനമാക്കിയുള്ള ഡോപ്ലർ എഫക്ട് ഉപയോഗിച്ചാണ് ഡോപ്ലർ റഡാറിൻ്റെ പ്രവർത്തനം.
Also Read: വഖഫ്: മുസ്‌ലിംലീഗ് മഹാറാലി ഇന്ന്; അമരീന്ദർ സിങ് രാജ വാറിങ് മുഖ്യാതിഥി