എറണാകുളം: പശ്ചിമേഷ്യയിലെ ഇസ്രയേൽ ഇറാൻ സംഘർഷം മൂന്നാം ലോക മഹായുദ്ധത്തിലേക്ക് നീങ്ങില്ലെന്ന് നയതന്ത്ര വിദഗ്ധനും മുൻ അംബാസഡറുമായ ടി.പി ശ്രീനിവാസൻ. അതേ സമയം നിലവിലെ സംഘർഷ സാഹചര്യത്തെ ആശങ്കയോടെയാണ് കാണുന്നതെന്നും ടി.പി. ശ്രീനിവാസൻ ഇ ടി വി ഭാരതിനോട് പറഞ്ഞു.
ഈ യുദ്ധം അപ്രതീക്ഷിതമല്ല. കാരണം പുതിയ നൂക്ലിയർ നിരായുധീകരണ ചർച്ചകൾ തുടങ്ങിയ സമയത്ത് തന്നെ തീരുമാനത്തിൽ എത്തിയില്ലെങ്കിൽ യുദ്ധം ചെയ്യുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഒരു എഗ്രിമെൻ്റ് നൽകി ഇതിൽ ഒപ്പിട്ടില്ലെങ്കിൽ യുദ്ധം തുടങ്ങുമെന്ന് പറയുക. ഇതൊരു പഴയ യുദ്ധതന്ത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ട്രംപിൻ്റെ ആണവ നിരായുധീകരണ കരാറിൽ ഇറാൻ എന്ത് കൊണ്ട് സഹകരിക്കാൻ തയ്യാറായി എന്നത് തന്നെ അതിശയിപ്പിക്കുകയാണ്. ആ സമയത്ത് തന്നെ ഇറാൻ അമേരിക്കയുടെ ആവശ്യം തള്ളണമായിരുന്നു. ഒരു കാലത്തും ഇറാനെ ആണവശക്തിയായി മാറാൻ അനുവദിക്കില്ല എന്ന ലക്ഷ്യമാണ് പുതിയ കരാറിനുള്ളത്.
താൻ വിയന്നയിലുണ്ടായിരുന്ന കാലത്ത് തന്നെ ഇറാൻ ആണവ ശക്തിയാകുന്നത് തടയുക എന്ന ലക്ഷ്യത്തോടെ അമേരിക്കയും അഞ്ച് യൂറോപ്യൻ രാജ്യങ്ങൾ പ്രവർത്തിക്കുകയായിരുന്നു. അതാണ് ഒബാമയുടെ കാലത്ത് എഗ്രിമെൻ്റായി മാറിയത്. പതിനഞ്ച് വർഷം ആണവായുധങ്ങൾ ഉണ്ടാക്കില്ലെന്ന നിബന്ധന വച്ചത്. ഇറാൻ സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നത് കൊണ്ടു മാത്രമാണ് ആ എഗ്രിമെൻ്റിന് തയ്യാറായതെന്നും അദ്ദേഹം പറഞ്ഞു.
യുദ്ധം പരിഹാരമല്ല
യുദ്ധം ചെയ്തത് കൊണ്ട് ആർക്കും ഒരു പ്രയോജനവും ലഭിക്കാൻ പോകുന്നില്ല. ഇറാൻ അവരുടെ ആണവ പദ്ധതികൾ ഉപേക്ഷിക്കാൻ പോകുന്നില്ല. സങ്കീർണമായ സാഹചര്യത്തിലാണ് എത്തി നിൽക്കുന്നത്.
ബോംബ് ഇട്ടത് കൊണ്ട് പ്രശ്നം പരിഹരിക്കാൻ കഴിയില്ല. ആക്രമണം അതിനൊരു തിരിച്ചടി തുടർന്ന് സമ്പൂർണ യുദ്ധത്തിലേക്ക് പോകാൻ ഇടയില്ലെന്നും ടി പി ശ്രീനിവാസൻ അഭിപ്രായപ്പെട്ടു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇൻ്റർ നാഷണൽ അറ്റോമിക്ക് എനർജി ഏജൻസിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് താൻ അഞ്ച് വർഷം പ്രവർത്തിച്ചിരുന്നു. ഐഎഇഎ യുടെ ഗവേർണിങ് ബോഡി തന്നെ ഇറാൻ്റെ ആണവ പ്രവർത്തനങ്ങൾ തികച്ചും സമാധാനപരമായല്ല പ്രവർത്തിക്കുന്നതെന്ന് റിപ്പോർട്ട് ചെയ്തിരുന്നു. സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കുന്ന ഇറാൻ ഉപരോധങ്ങൾ പിൻവലിക്കുന്നതിന് വേണ്ടി കൂടിയാണ് ആണവ നിരായുധീകരണ കരാറിൽ ചർച്ചകൾക്ക് തയ്യാറായത്.
അറബ് രാജ്യങ്ങളുടെ നിലപാട്
ഇറാൻ ആണവ ശക്തിയായി മാറുന്നതിൽ അറബ് രാജ്യങ്ങൾക്ക് താത്പര്യമില്ല. സുന്നി ആശയം പിന്തുടരുന്ന ഗൾഫ് രാജ്യങ്ങൾ, ഷിയ ആശയം പിന്തുടരുന്ന ഇറാൻ ആണവ ശക്തിയാകുന്നതിനെ അംഗീകരിക്കില്ല. ഇറാനെ ഒരു മുസ്ലിം രാജ്യമായി പോലും സുന്നി രാജ്യങ്ങൾ കണക്കാക്കുന്നില്ല. ഷിയ സുന്നി മത്സരവും ഇതിന് പിന്നിലുണ്ട്.
ഇസ്രയേൽ ഇറാൻ സമ്പൂർണ യുദ്ധത്തിനിടയില്ല
അമേരിക്കൻ മിലിട്ടറി ബേസുകൾ ആക്രമിക്കാൻ ഇറാൻ തയ്യാറാകില്ല. ഇസ്രയേൽ ഇറാൻ സംഘർഷം മൂന്നാം ലോക മഹായുദ്ധത്തിലേക്ക് പോകില്ല. ചൈനയോ, റഷ്യയോ ഇറാനൊപ്പം ചേരാൻ ഇടയില്ല. ഇറാൻ റഷ്യയുമായി അടുത്ത ബന്ധം പുലർത്തുന്നുവെങ്കിലും ഇറാൻ ഒരു ആണവ രാജ്യമായി മാറുന്നതിൽ അവർക്കും താത്പര്യമില്ല.
സംഘർഷാവസ്ഥ നീണ്ടു നിൽക്കാൻ ഇടയുണ്ട്. ഐഎഇഎ യിൽ ഇന്ത്യയെ പ്രതിനിധീകരിച്ച സമയത്ത് ഇറാൻ്റെ ആണവ പ്രവർത്തനങ്ങളെ ശക്തമായി എതിർത്തിരുന്നു. കാരണം ആണവ നിരായുധീകരണ കരാറിൽ ഒപ്പിട്ട രാജ്യമാണ് ഇറാൻ. ഇസ്രയേൽ ആഭ്യന്തര പ്രശ്നങ്ങളാണ് നിലവിലെ സംഘർഷങ്ങൾക്ക് കാരണമെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും ടി.പി ശ്രീനിവാസൻ പറഞ്ഞു.
Also Read: ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷത്തില്‍ തിരിച്ചടി സംഭവിക്കുക ഇന്ത്യയുടെ വ്യാപാര പ്രതിരോധ മേഖലകളില്‍