ഈ വേനലവധിക്കാലം ചെലവഴിക്കാൻ നല്ലൊരു യാത്ര പ്ലാൻ ചെയ്യുന്നവരാകും ഭൂരിഭാഗം പേരും. ചൂട് അസഹ്യമാകുന്നതോടെ മഞ്ഞും മലനിരകളും കുളിരും തേടിയാകും പലരുടെയും യാത്ര. എന്നാല്‍, സാധാരണ പോകുന്ന ഈ സ്ഥലങ്ങളിൽ നിന്ന് ഇത്തവണ ഒന്ന് മാറ്റി പിടിച്ചാലോ...? വെറൈറ്റിയാണ് തേടുന്നതെങ്കില്‍ നിങ്ങള്‍ നിര്‍ബന്ധമായും പരീക്ഷിക്കേണ്ടതാണ് ഡോള്‍ഫിന്‍ ബീച്ചുകള്‍.
മനസിന് കുളിര്‍മയും സന്തോഷവും നല്‍കുന്ന ഡോള്‍ഫിനുകളെ കാണാനും സന്തോഷാതിരേകത്തില്‍ അവ ഓളപ്പരപ്പില്‍ ഉയര്‍ന്നു ചാടി നൃത്തം ചെയ്യുന്നതും ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സുന്ദര ദൃശ്യങ്ങളാണ്. പക്ഷേ ഇത് എവിടെ കാണാനാവുമെന്നാണെങ്കില്‍ ഏറെ അകലെയല്ലാതെ കേരളത്തിലടക്കം ഈ കാഴ്‌ച ആസ്വദിക്കാന്‍ സ്പോട്ടുകളുണ്ടെന്നതാണ് ഉത്തരം. കേരളത്തിലുള്‍പ്പെടെയുള്ള അത്തരം ചില സ്ഥലങ്ങളെ പരിചയപ്പെടാം.

ഡോള്‍ഫിന്‍റെ പ്രത്യേകതകള്‍
കടല്‍ ജീവികളായ ഡോൾഫിനുകള്‍ ബുദ്ധിശക്തിയുടെയും സ്വാതന്ത്ര്യത്തിന്‍റെയും പ്രതീകമായാണ് കണക്കാക്കപ്പെട്ടു പോരുന്നത്. ഏതു നിമിഷവും സന്തോഷത്തോടെ ജീവിക്കുന്ന ഇവ ജീവിതത്തില്‍ പ്രയാസങ്ങളും സമ്മര്‍ദങ്ങളും ബുദ്ധിമുട്ടുകളും അനുഭവിച്ച് ജീവിക്കുന്ന മനുഷ്യര്‍ക്ക് സന്തോഷത്തോടെ ജീവിക്കണമെന്ന ഒരു മാതൃകയും സന്ദേശവും നല്‍കുന്നു. പ്രകൃതിയുമായുള്ള ഐക്യത്തിന്‍റെയും പ്രതീകങ്ങളാണ് ഡോള്‍ഫിനുകള്‍. മനുഷ്യനെപ്പോലെ പെരുമാറുകയും അടുത്തിടപഴകുകയും ചെയ്യുന്ന ജീവിയാണ് ഇവ.
ഡോള്‍ഫിനുകളെ അടുത്ത് കാണാനും അവ നൃത്തം ചെയ്യുന്നത് കാണാനും വിദേശത്ത് പോകണമെന്നും അധിക ചെലവാണെന്നുമാണ് പലരുടെയും ധാരണ. എന്നാല്‍ യഥാര്‍ഥത്തില്‍ ഇവയെക്കാണാൻ വിദേശത്തേക്കോ ദ്വീപുകളിലേക്കോ പോകേണ്ട ആവശ്യമില്ല, ഇന്ത്യയിൽത്തന്നെ ഇതിനു പറ്റിയ ധാരാളം സ്ഥലങ്ങളുണ്ട്. നമ്മുടെ കേരളത്തിലുമുണ്ട് ഈ കാഴ്‌ച കാണാന്‍ പറ്റിയ ചില സ്ഥലങ്ങള്‍. ഇതുവരെ ആരും പറയാത്ത ഡോള്‍ഫിനുകളെ കാണാൻ പറ്റിയ നല്ല സ്ഥലങ്ങള്‍. സമയം കിട്ടുമ്പോള്‍ ആര്‍ക്കും സന്ദര്‍ശിക്കാൻ പറ്റിയ ഇടമാണിത്. കേരളത്തിനകത്തും പുറത്തുമുള്ള ഡോള്‍ഫിൻ സ്‌പോട്ടുകള്‍ പരിചയപ്പെടാം.

ആലപ്പുഴ
കേരളത്തിലെ ടൂറിസം മേഖലയിൽ ഒന്നാമത് നില്‍ക്കുന്നത് ആലപ്പുഴയാണ്. അലപ്പുഴയിലെ പുന്നമട, മുഹമ്മ, കായിപ്പുറം, പാതിരാമണൽ എന്നിവിടങ്ങളിലൂടെ ഒരു ബോട്ട് യാത്ര നടത്തിയാല്‍ അറബിക്കടലിൻ്റെ ഭംഗി ആസ്വദിക്കാം. ഇന്തോ-പസഫിക് ഹംപ്ബാക്ക് ഡോൾഫിനുകളുടെ മനോഹരമായ കാഴ്‌ചകള്‍ കാണാം. ഇവിടെ ഈ ഓളപ്പരപ്പില്‍ സമയം ചെലവഴിക്കുന്നത് അറിയുക പോലുമില്ല. വെയിലിന് ശക്തിയേറും മുമ്പാണ് യാത്രയെങ്കില്‍ ഏറ്റവും നന്ന്. അതിരാവിലെ എത്തിയാൽ ധാരാളം ഹംപ്ബാക്ക് ഡോൾഫിനുകളെ കാണാൻ സാധിക്കും.
വർക്കല
തിരുവനന്തപുരം ജില്ലയിൽ സ്ഥിതി ചെയ്യുന്ന വർക്കല മനോഹരമായ ബീച്ചുകൾക്ക് പേരുകേട്ടതാണ്. ഡോൾഫിൻ നിരീക്ഷണത്തിനും പേരു കേട്ടതാണ് വര്‍ക്കല ബീച്ച്. ബീച്ചിലൂടെ ഒരു ബോട്ട് സവാരി നടത്തിയാല്‍ ഡോള്‍ഫിനുകളെയും അവ നൃത്തം ചെയ്യുന്നതും ആസ്വദിക്കാം.

ഫോർട്ട് കൊച്ചി
എറണാകുളം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഫോർട്ട് കൊച്ചി അതിന്‍റെ സമ്പന്നമായ ചരിത്രത്തിന് പേരുകേട്ടതാണ്. ഡോൾഫിനുകളെ നിരീക്ഷിക്കുന്നതിന് ഏറ്റവും പറ്റിയ ഇടങ്ങളിലൊന്നാണിവിടം. ബീച്ചിലൂടെ ഒരു ബോട്ട് സവാരി നടത്തിയാല്‍ മനസിന് കുളിര്‍മയേകുന്ന ഡോള്‍ഫിനുകളെ കാണാം.
കാപ്പാട് ബീച്ച്
കോഴിക്കോട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന കാപ്പാട് ബീച്ച് അതിന്‍റെ ചരിത്ര പ്രാധാന്യത്തിന് പേരുകേട്ട ഇടമാണ്. ഡോൾഫിനുകളെ നിരീക്ഷിക്കാൻ പറ്റിയ ഏറെ മനോഹരമായ ബീച്ചാണ് കാപ്പാട്ടുള്ളത്. ഈ ബീച്ചിലൂടെ നിങ്ങള്‍ ഒരു ബോട്ട് സവാരി നടത്തിയാല്‍ നിരവധി ഡോള്‍ഫിനുകളെ കാണാൻ സാധിക്കും.


ഇനി കേരളത്തിനു പുറത്തുള്ള ചില ഡോള്‍ഫിന്‍ കേന്ദ്രങ്ങളെ പരിചയപ്പെടാം.
വിക്രംശില ഗംഗാ ഡോൾഫിൻ - ബിഹാർ
ബീഹാറിലെ ഭഗൽപൂരിലാണ് ഈ ഡോൾഫിൻ ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത്. ഗംഗാ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന വിക്രംശില ഗംഗാ ഡോൾഫിനിൽ പ്ലാറ്റാനിസ്റ്റ ഗാംഗെറ്റിക്ക ഡോള്‍ഫിനുകളെ കാണാം. വംശനാശഭീഷണി നേരിടുന്ന ഡോൾഫിനുകളെ സംരക്ഷിക്കാനും ഗവേഷണം നടത്താനുമായി രൂപീകരിച്ചതാണ് ബീഹാർ പട്‌നയിലെ വിക്രംശില ഗംഗാ ഡോൾഫിൻ. ഇവിടെ എത്തിയാൽ ഡോള്‍ഫിനുകളെ കാണാനും അവയോടൊപ്പം സമയം ചെലവഴിക്കാനും സാധിക്കും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ചിലിക തടാകം, ഒഡിഷ
ഏഷ്യയിലെ ഏറ്റവും വലിയ ഉപ്പുവെള്ള തടാകമാണ് ചിലിക തടാകം. ഇറാവാഡി ഡോൾഫിനുകളുടെ ആവാസ കേന്ദ്രവും ജൈവവൈവിധ്യ ഹോട്ട്‌സ്‌പോട്ടുമാണ് ഇവിടം. റാവാഡി ഡോൾഫിനുകളെ കാണാൻ കഴിയുന്ന ഒരേയൊരു സ്ഥലമാണ് ചിലിക തടാകം.
ഗോവ (മോർജിം, സിൻക്വെറിം, പാലോലെം ബീച്ചുകൾ)
ഗോവയിലെ അതിമനോഹരമായ ബീച്ചുകളാണ് മോർജിം, സിൻക്വറിം, പാലോലെം എന്നിവ. ഇന്തോ-പസഫിക് ഹംപ്ബാക്ക് ഡോൾഫിനുകളെയാണ് ഇവിടെ കാണാൻ സാധിക്കുക. ഇവിടെ ബോട്ടിങ്ങിന് പോവുകയാണെങ്കിൽ, ഡോൾഫിനുകൾ ബോട്ടുകൾക്കൊപ്പം നീന്തി അടുക്കും. ഇവിടം നിങ്ങള്‍ക്ക് പ്രത്യേക അനുഭവമായിരിക്കും.
സുന്ദർബൻസ്, പശ്ചിമ ബംഗാൾ
ബംഗാൾ കടുവകളുടെ വാസസ്ഥലമായി അറിയപ്പെടുന്ന സുന്ദർബൻസിൽ ഇറാവാഡി ഡോൾഫിനുകൾക്കും ഇടമുണ്ട്. കണ്ടൽക്കാടുകളാലും സമ്പന്നമാണ് ഇവിടം. ഗംഗാനദിയിലെ ഡോൾഫിനുകളെയാണ് ഇവിടെ കാണാൻ സാധിക്കുന്നത്. ഇറാവാഡി ഡോൾഫിനുകളുടെയും ആവാസ കേന്ദ്രമാണിവിടം. കണ്ടൽക്കാടുകളുടെ ഇടയിലൂടെ നീന്തി നടക്കുന്ന ഡോള്‍ഫിനുകളെ ഇവിടെ കാണാൻ സാധിക്കും.
അസമിലെ ബ്രഹ്മപുത്ര നദി
ഗംഗാ നദിയിൽ കാണുന്ന അതേ ഇനം ഡോൾഫിനുകളെത്തന്നെ ബ്രഹ്മപുത്ര നദിയിലും കാണാൻ സാധിക്കുന്നതാണ്. വംശനാശഭീഷണി നേരിടുന്ന ഗാംഗെറ്റിക്ക ഡോള്‍ഫിനുകള്‍ ഇവിടെ നിങ്ങളെക്കാത്തിരിക്കുന്നുണ്ട്.